ബൈപാസ് റോഡ് താല്‍ക്കാലിക ഗതാഗതത്തിനായി നഗരസഭ തുറന്ന് നല്‍കിയത് സമ്മർദത്തെ തുടർന്ന്

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം ഇപ്പോൾ രൂക്ഷമായ ഗതാഗത കുരുക്കിൽ അകപ്പെട്ട സാഹചര്യത്തിൽ , കൂനിൻമേൽ കുരു എന്നപോലെ കഴിഞ്ഞ ഒരുമാസമായി ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ കോണ്‍ക്രിറ്റ് വര്‍ക്ക് നടക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതവും വാഹനപ്പെരുപ്പം മൂലം ശ്വാസംമുട്ടുന്ന സാഹചര്യത്തിലും ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനായി അനങ്ങാപ്പാറനയം സ്വീകരിച്ച ഇരിങ്ങാലക്കുട നഗരസഭക്ക് ബൈപാസ് റോഡ് താല്‍ക്കാലികമായി ചെറുവാഹനങ്ങള്‍ക്ക് ഗതാഗതത്തിനായി കഴിഞ്ഞദിവസം തുറന്ന് നൽകേണ്ടിവന്നത് പോലീസിന്റെയും വരാനിരിക്കുന്ന പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെയും സമ്മർദത്തെ തുടർന്നാണ് . ഠാണ റോഡ് നിര്‍മ്മാണം നടക്കുന്നതുമൂലമുള്ള ഗതാഗത കുരുക്കിന് ആശ്വാസമായിട്ടാണ് ബൈപാസ് റോഡ് താല്‍ക്കാലികമായി പൊതുജനങ്ങളുടെ ചെറുവാഹനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആയി വിട്ടുനല്‍കിയത് എന്ന് ഭരണകർത്താക്കൾ വീരവാദം പറയുന്നുണ്ടെങ്കിലും, ഈ ഉദാരമനസ്കത എന്തുകൊണ്ട് 21 വര്‍ഷം മുൻപ് ആരംഭിച്ച റോഡ് നിർമാണത്തിന്‍റെ അവസാനമായ മൂന്നാം ഘട്ടം എന്തുകൊണ്ട് പൂർത്തീകരിക്കുന്നില്ല എന്നതിന് മാത്രം വ്യക്തമായ ഉത്തരം നൽകുന്നില്ല . ഭരണകക്ഷിയിലെ നേതാവിന്റെ ബിസിനസ് താല്പര്യമാണ് ഇതിനു പുറകിലുള്ളതെന്നു ഇപ്പോൾ അങ്ങാടിപ്പാട്ടാണ് .

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ബൈപാസ് തുറന്ന് നല്‍കിയെങ്കിലും റോഡില്‍ അടിച്ചിട്ടിരിക്കുന്ന മെറ്റല്‍ കൂനകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. എന്നാല്‍ ഒന്നാംഘട്ടവും രണ്ടാംഘട്ടവും പൂര്‍ത്തിയാക്കിയെങ്കിലും മൂന്നാംഘട്ടഭാഗത്ത് മെറ്റലിങ്ങ് മാത്രമാണ് നടന്നത്. സ്വകാര്യ വ്യക്തി സ്ഥലം വിട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ വൈകുന്നതെന്നാണ് ഔദ്യാഗിക പക്ഷം . 21 വര്‍ഷം മുമ്പ് 20 മീറ്റര്‍ വീതിയിലാരംഭിച്ച ബൈപ്പാസ് റോഡ് നിര്‍മ്മാണം രണ്ടാം ഘട്ടത്തില്‍ 16 ഉം മൂന്നാം ഘട്ടത്തില്‍ 14 ഉം ഒടുവില്‍ ഏഴുമീറ്റര്‍ വീതിയിലുമായി ചുരുങ്ങി. ഇവിടെയാണ് സ്ഥലം ഏറ്റെടുക്കലും വികസന പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. നേരത്തെ ജില്ലാ കളക്ടറായിരുന്ന ഡോ. ജയ സ്ഥലം സന്ദർശിച്ചു കാട്ടൂര്‍ റോഡിലേക്ക് കടക്കുന്ന ഭാഗത്ത് 20 മീറ്ററിലേറെ വീതിയും ബെല്‍മോത്തും വേണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. അവസാനം കുപ്പികഴുത്ത് നിലനിര്‍ത്തി പണി പൂര്‍ത്തികരിക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മെറ്റലിങ്ങ് നടന്നത്. എന്നാല്‍ ടാറിങ്ങ് നടത്തി റോഡ് തുറന്ന് നല്‍കാന്‍ നഗരസഭ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല.

2018 മാര്‍ച്ച് മാസത്തോടെ മാത്രമേ ബൈപ്പാസ് റോഡ് പൂര്‍ണ്ണമായും പൂര്‍ത്തികരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. മെറ്റലിങ്ങ് പൂര്‍ത്തിയായെങ്കിലും മഴ മാറിയെങ്കില്‍ മാത്രമെ ടാറിങ്ങ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയൊള്ളുവെന്നും അവര്‍ പറഞ്ഞു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആഴ്ചകൾ കൊണ്ട് പൂർത്തീകരിക്കാവുന്ന ഈ പണികൾ ആർക്കുവേണ്ടിയാണ് ഇനിയും വൈകിപ്പിക്കുന്നത് എന്നുള്ള ചോദ്യം ഇപ്പോൾ കൂടുതൽ പ്രസക്തമാകുന്നു.

Leave a comment

Top