കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം : കൊടിയേറ്റം 14ന്

കിഴുത്താണി : ശ്രീ മഹാവിഷ്‌ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവം മാർച്ച് 14ന് കൊടികയറി 19ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. മാർച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനൽ ജ്യോതിർഗമായ പാഠ്യപദ്ധതി അവതാരകൻ ഡോ. കെ അരവിന്ദാക്ഷന്‍റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 7 :15നും 7 45നും മദ്ധ്യേ കൊടികയറ്റം. അതിനുശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഉദ്‌ഘാടനം നിർവഹിക്കും. തിരുവുത്സവഘോഷ കമ്മിറ്റി ചെയർമാൻ ഇ. അപ്പുമേനോൻ അദ്ധ്യക്ഷം വഹിക്കും. കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രധിനിധി മാനേജിങ് കമ്മിറ്റി അംഗം എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത സീരിയൽ താരം ശിവാനി മേനോൻ, സംസ്ഥാന യുവജനോത്സവം അക്ഷരശ്ലോകം കൂടിയാട്ട ജേതാവ് കൃഷ്‌ണ രാജൻ എന്നിവരെ ആദരിക്കും. തിരുവുത്സവഘോഷ കമ്മിറ്റി ജനറൽ കൺവീനർ കുഞ്ഞുവീട്ടിൽ പരമേശ്വരൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു പെരുമ്പിള്ളി നന്ദിയും പറയും.

ഒന്നാം ഉത്സവം വൈകീട്ട് 6 :15ന് ജയന്തി ദേവരാജ് കിരാതം ഓട്ടം തുള്ളൽ അവതരിപ്പിക്കും. 7 :30ന് തിരുവാതിരകളിക്കു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറും രണ്ടാം ഉത്സവം 6 30 ന് മേജർ സെറ്റ് കഥകളി, സന്താനഗോപാലം കലാനിലയം ഗോപി ആശാൻ ആൻഡ് പാർട്ടി അവതരിപ്പിക്കും. തുടർന്ന് ഏഷ്യനെറ്റ് കോമഡി സ്റ്റാർ ടീം പോപ്പി ക്യാപ്റ്റൻ അജയൻ മാടയ്‌ക്കൽ അവതരിപ്പിക്കുന്ന കോമഡി ഷോ നടക്കും. മൂന്നാം ഉത്സവദിനം വൈകീട്ട് 7 ന് തെന്നിന്ത്യൻ ഗായകൻ മധുരൈ ശിങ്കാരവേലൻ നയിക്കുന്ന ഗാനമേള. നാലാം ഉത്സവദിവസം വൈകീട് 3 മണിക്ക് മൂന്ന് ഗജവീരന്മാരോടുകൂടിയ കാഴ്ച്ച ശീവേലി നെടുമ്പിള്ളി തരണനെല്ലൂർ മനയ്ക്കലെ ഇറക്കിപൂജയോടുകൂടിയാരംഭിക്കും. 7 മണിക്ക് വർണ്ണമഴ, തുടർന്ന് തായമ്പക, 8 30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പഞ്ചവാദ്യം പാണ്ടിമേളം എന്നിവയോടെ പൂർത്തീകരിക്കും.

ഉത്സവദിവസം രാവിലെ 7ന് ആറാട്ടുബലി, 7 :45 ന് ആറാട്ട്, കൊടിക്കൽ പറ ഇരുപത്തി അഞ്ചു കലശം ശ്രീഭൂതബലി ആറാട്ടുകഞ്ഞി എന്നിവയോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ച് മേളത്തോടുകൂടി ശീവേലി നടക്കും. പത്രസമ്മേളനത്തിൽ തിരുവുത്സവഘോഷ കമ്മിറ്റി ചെയർമാൻ ഇ. അപ്പുമേനോൻ, കൺവീനർ കല്ല്യാണി മുകുന്ദൻ, ജനറൽ കൺവീനർ കുഞ്ഞുവീട്ടിൽ പരമേശ്വരൻ, പബ്ലിസിറ്റി കൺവീനർ ജ്യോതി പെരുമ്പിള്ളി എന്നിവർ പങ്കെടുത്തു.

Leave a comment

409total visits,3visits today

  • 28
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top