ഒരു മതേതര ഇന്ത്യൻ മുസ്‌ലിമിന്‍റെ ആശങ്കകളും ചോദ്യങ്ങളുമായി ഇരിങ്ങാലക്കുടക്കാരന്‍റെ ക്രൈം ത്രില്ലർ ‘ദി തറോ ചെക്ക്’

ഇരിങ്ങാലക്കുട : നൂറ്റാണ്ടുകളുടെ വിദേശ ഭരണത്തിന് ഒടുവിൽ സ്വതന്ത്രമായ രാജ്യത്തിന് മതവും ജാതിയും തീർക്കുന്ന മതിലുകളും വേർതിരിവുകളും താങ്ങാൻ കഴിയുകയില്ലെന്ന മുന്നറിയിപ്പുമായി ഇംഗ്ലീഷ് ക്രൈം ത്രില്ലർ ‘The Thorough Check ‘.. ഇരിങ്ങാലക്കുട കോണത്ത്കുന്ന് സ്വദേശിയും ഗുജറാത്തിൽ എൽ ആൻഡ് ടി കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥനുമായ വടാശ്ശേരി തൈപ്പറമ്പിൽ രാകേഷാണ് ഫ്രോഗ് ബുക്സ് പുറത്തിറക്കിയ നോവലിന്‍റെ രചയിതാവ്. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ‘കൃതി’ സാഹിത്യോൽസവത്തിന്‍റെ വേദിയിൽ നടന്ന ദി തറോ ചെക്കിന്റെ വായനാവതരണത്തിന് എറെയായിരുന്നു ആസ്വാദകർ

രാജ്യത്തിന്‍റെ രക്ഷയ്ക്കായി സ്വന്തം ജീവിതം വരെ പണയപ്പെടുത്തുന്ന മലയാളിയായ പോലീസ് ഉദ്യോഗസ്ഥനാണ് ,44 അധ്യായങ്ങളുള്ള നോവലിലെ മുഖ്യ കഥാപാത്രം. കേരളത്തിലെ ഗ്രാമത്തിൽ നിന്ന് ഗുജറാത്തിലേക്കുള്ള ഇയാളുടെ യാത്ര ഒരു പ്രത്യേക സുരക്ഷാദൗത്യവുമായിട്ടാണ്. പ്രണയത്തിന്റെയും രതിയുടെയും സാഹസികതയുടെയും പശ്ചാത്തലത്തിൽ കഥ മുന്നോട്ട് പോകുമ്പോൾ, രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും രുചികളുടെയും സവിശേഷതകൾ ദർശിക്കാൻ കഴിയും.മുഖ്യ കഥാപാത്രത്തിന്‍റെ സ്വത്യം അവസാന അധ്യായത്തിൽ മാത്രമേ വ്യക്തമാകുന്നുള്ളുവെന്നത് ‘ദി തറോ ചെക്കിനെ’ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്..

വോട്ട് ബാങ്കുകളായി മാത്രം ഉപയോഗിക്കപ്പെടുകയും ഒടുവിൽ തീവ്രവാദി ലേബൽ ചാർത്തപ്പെടുകയും ചെയ്യുന്ന ഒരു മതേതര ഇന്ത്യൻ മുസ്‌ലിമിന്‍റ ആശങ്കകളും ക്രൈം ത്രില്ലർ പങ്ക് വയ്ക്കുന്നുണ്ട്. രണ്ടായിരം വർഷങ്ങളായി ജീവിച്ചു പോരുന്ന രാജ്യത്ത് ,തങ്ങളുടെ കൂറും വിധേയത്വവും ആരോടാണ് തെളിയിക്കേണ്ടതെന്ന പൊള്ളുന്ന ചോദ്യമാണ് ഇയാൾ ഭരണ നേതൃത്വത്തിനോട് ചോദിക്കുന്നത്. ജിഹദികളുടെയും മതതീവ്രവാദികളുടെയും നിഴലിൽ നിന്ന് തങ്ങൾക്ക് പുറത്ത് വരണമെന്നും, മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി കൊണ്ട് രാജ്യത്തിന് പുരോഗതിയുടെ പാതയിലേക്ക് മുന്നേറാൻ കഴിയില്ലെന്നും ഇയാൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തിൽ പ്രസക്തമായി മാറുകയാണ് നോവലിലെ ഓരോ വരികളും..

സാഹിത്യോൽസവ വേദിയിൽ നടന്ന ചടങ്ങിൽ നിരൂപക ദീപ്തി ടെറൻസ് പുസ്തകവതരണം നിർവഹിച്ചു. ആസ്വാദകരുടെ ചോദ്യങ്ങൾക്ക് എഴുത്തുകാരൻ മറുപടി പറഞ്ഞു. ജോബിൻസ് ചിറയ്ക്കൽ, നവീൻ ഭഗീരഥൻ, സ്റ്റാനി ജോസ്, രാജേഷ് മേനോൻ, ഫ്രാങ്ക് തോമസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുക്കുന്ന ഇന്ത്യാ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച ‘The Deliverance of Sarppameru ( സർപ്പമേരുവിന്റെ ശാപമോക്ഷം) ആണ് വടാശ്ശേരി തൈപ്പറമ്പിൽ രാകേഷിന്റെ മറ്റൊരു കൃതി. ഇന്ത്യൻ സൈനിക മേഖലയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന വിദേശ ശക്തികളുടെയും ചാരപ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ പുതിയ രചനയും ഒരുങ്ങുന്നുണ്ട്. ക്രൈം ഫിക്ഷൻ ജനുസ്സിൽ വിഭാഗത്തിലുള്ള എഴുത്തുകളിലൂടെ സാമൂഹ്യ സന്ദേശങ്ങൾ നൽകാനാണ് തന്‍റെ ശ്രമമെന്ന് രാകേഷ് പറയുന്നു.കഴിഞ്ഞ 23 വർഷങ്ങളായി ഗുജറാത്തിലെ സൂറത്തിലാണ് രാകേഷ് താമസിക്കുന്നത്. നിഷയാണ് ഭാര്യ. ഋഷി മകനാണ്.

Leave a comment

988total visits,3visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top