ആക്ഷേപഹാസ്യത്തിലൂടെ സമകാലീന പ്രശ്നങ്ങളോട് അരങ്ങിലൂടെ പ്രതികരിച്ച് “ചക്ക”

ഇരിങ്ങാലക്കുട : വിദേശ ഭീമന്‍മാരുടെ കടന്നുകയറ്റത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും വിഹ്വലതകള്‍ പങ്കുവച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, എട്ടാമത് തിയേറ്റർ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആക്ഷേപഹാസ്യ നാടകം ‘ചക്ക‘ വീണ്ടും ഇരിങ്ങാലക്കുട വാൾഡനിലെ അരങ്ങിലെത്തിയപ്പോൾ, സമകാലീന പ്രശ്നങ്ങളോടുള്ള പ്രതികരണം ആസ്വാദകരുടെ ചിന്തകളെ ഉണര്‍ത്തി.

പാഞ്ഞാൾ സ്വദേശിയായ പ്രശസ്ത നാടകകൃത്ത് തുപ്പേട്ടൻ പതിറ്റാണ്ടുകൾക്കു മുമ്പ് രചിച്ച ചക്ക, തൃശൂർ നാടകസംഘമാണ് അവതരിപ്പിച്ചത്ത്. നേരും നെറിയുമുള്ള ചെറുകിട കച്ചവട മേഖല വന്‍കിടക്കാര്‍ കൈപ്പിടിയിലൊതുക്കുന്നതും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിലൂടെയുള്ള കബളിപ്പിക്കലും നാടകം തുറന്നുകാട്ടി. 2002ലാണു തൃശൂർ നാടകസംഘം ആദ്യമായവതരിപ്പിക്കുന്നത്. കേരള സംഗീതനാടക അക്കാദമിയുടെ ടൂറിങ്ങ് തിയേറ്റർ പദ്ധതിയുടെ ഭാഗമായി തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ധനസഹായത്തോടെയായിരുന്നു അന്ന് ‘ചക്ക‘ രൂപം കൊണ്ടത്. കോർപ്പറേറ്റ് ശക്തികളും അധികാരകേന്ദ്രങ്ങളും ഒത്തൊരുമിച്ചു കൊണ്ട് മണ്ണിനെയും മനുഷ്യനെയും ചൂഷണം ചെയ്യുന്ന കഥ പറയുന്ന ‘ചക്ക‘യുടെ പ്രമേയത്തിനു വർത്തമാനലോകത്തിൽ പ്രസക്തിയേറി വരുന്ന സാഹചര്യത്തിലാണു നാടകം വീണ്ടും അരങ്ങുകളിലെത്തിയത്.

ടൂറിങ്ങ് തിയേറ്റർ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം പര്യടനം നടത്തിയ ‘ചക്ക‘ പിന്നീട് 2012-ൽ കൊച്ചിൻ- മുസിരിസ് ബിനാലെയുടെ ഭാഗമായി രണ്ടാം വട്ടവും അരങ്ങിലെത്തുകയായിരുന്നു. അതിനു ശേഷം, അന്തർദ്ദേശീയ നാടകോത്സവവും, പബ്ളിക് റിലേഷൻ വകുപ്പിന്റെ ദേശീയ നാടകോത്സവവും സൂര്യ ഫെസ്റ്റിവലും അടക്കം ഒട്ടേറെ വേദികളിൽ ‘ചക്ക‘ അവതരിപ്പിക്കപ്പെട്ടു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, എട്ടാമത് തിയേറ്റർ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ചക്ക‘ വീണ്ടും അരങ്ങേറിത്തുടങ്ങുകയാണ്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആതിഥ്യത്തോടെ ഇക്കുറി ഇന്ത്യയിലെത്തുന്ന അന്തർദ്ദേശീയ നാടകോത്സവമായ തിയേറ്റർ ഒളിമ്പിക്സ് .. ഇന്ത്യൻ നഗരങ്ങളിലായി ഫെബ്രുവരി 17 മുതൽ ഏപ്രിൽ 8 വരെ നടന്നു കൊണ്ടിരിക്കുകയാണു. തിയേറ്റർ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5. മലയാളനാടകങ്ങളിലൊന്നായിട്ടാണു ‘ചക്ക‘ മാർച്ച് 3-നു ഡൽഹിയിലെത്തുന്നത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ തുറന്ന വേദിയിലാണു അവതരണം.

ഇരുപതിലേറെ വർഷമായി തൃശൂർ കേന്ദ്രീകരിച്ച് നാടക പ്രവർത്തനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന നാടക പ്രവർത്തകരും ചിത്രകാരന്മാരും അടക്കം വിവിധ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന കലാകാരരുടെ കൂട്ടായ്മയിൽ നിന്നാണു തൃശൂർ നാടകസംഘം രൂപം കൊണ്ടത്. കെ.ബി. ഹരി, സി. ആർ. രാജൻ, പ്രബലൻ വേലൂർ എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ചക്ക‘യിൽ ഇവർക്കു പുറമേ ജോസ് പി. റാഫേൽ, സുധി വട്ടപ്പിന്നി, പ്രതാപൻ, മല്ലു പി. ശേഖർ എന്നിവരും അഭിനയിച്ചു.. സംഗീതമൊരുക്കിയിരിക്കുന്നത് സുഗതനും ചിത്രകാരനായ ഒ.സി. മാർട്ടിനും ചേർന്നാണു. ചിത്രകാരനും സമകാലീന നാടകവേദിയിലെ ശ്രദ്ധേയനായ രംഗോപകരണഡിസൈനർ ആന്റോ ജോർജാണു രംഗോപകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പ്രകാശവിന്യാസം നിർവ്വഹിച്ചത് ഡെന്നി.

കഴിഞ്ഞ ഒരാഴ്ചയായി ‘ചക്ക‘യുടെ റിഹേഴ്സൽ ‘വാൾഡ‘നിൽ നടന്നു വരികയായിരുന്നു. തിയേറ്റർ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5. മലയാളനാടകങ്ങളിലൊന്നായിട്ടാണു ‘ചക്ക‘ മാർച്ച് 3ന് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ തുറന്ന വേദിയിലെ അവതരണത്തിനു മുമ്പുള്ള ‘ചക്ക‘യുടെ ആദ്യാവതരണമാണു ചൊവ്വാഴ്ച ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡ‘നിൽ ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിൽ അരങ്ങേറിയത്.

 

Leave a comment

  • 79
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top