ആസ്വാദകര്‍ക്ക് നവ്യാനുഭവമായി പ്രഷീജ ഗോപിനാഥിന്‍റെ ശതമോഹനം മോഹിനിയാട്ട കച്ചേരിയും ശില്‍പ്പശാലയും

ഇരിങ്ങാലക്കുട : കേരളത്തിന്‍റെ തനതു കലാരൂപമായ മോഹിനിയാട്ടത്തിൽ കലാമണ്ഡലം ശൈലി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കലാമണ്ഡലം കല്പിത സർവ്വകലാശാല ആവിഷ്‌കരിച്ചീട്ടുള്ള “ശതമോഹനം” ഡോ. കെ.എൻ പിഷാരടി കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ കലാമണ്ഡലം പ്രഷീജ ഗോപി നാഥ്‌ അവതരിപ്പിച്ചത് ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. കലാമണ്ഡലം ലീലാമ്മ ആവിഷ്‌ക്കരിച്ച് ആദിതാളത്തില്‍ രാഗമാലികയായി തയ്യാറാക്കിയ ചൊല്‍ക്കൊട്ടോടെയാണ് പ്രജീഷ ഗോപിനാഥ് മോഹിനിയാട്ട കച്ചേരി ആരംഭിച്ചത്. രണ്ടാമതായി കലാനിലയം ഗോപിനാഥന്‍ എഴുതി സാവേരി രാഗത്തില്‍ ആദിതാളത്തില്‍ പ്രഷീജ ചിട്ടപ്പെടുത്തിയ കരുണ ചെതതും എന്ന വര്‍ണ്ണം അരങ്ങേറി. തുടര്‍ന്ന് യാഹി മാധവ എന്ന ഗീര്‍ത്തനം രാഗമാലികയായി ആദിതാളത്തില്‍ ചിട്ടപ്പെടുത്തി കാണിച്ചു.

തുടര്‍ന്ന് ആദിതാളത്തില്‍ ധനശ്രീ രാഗത്തില്‍ തില്ലാനയും തുടര്‍ന്ന് നാരായണീയത്തിലെ ആദ്യശ്ലോകവും അവതരിപ്പിച്ചതോടെ മോഹിനിയാട്ടകച്ചേരി സമാപിച്ചു. കലാനിലയം ഗോപിനാഥന്‍ നട്ടുവാങ്കവും രജുനാരായണന്‍ വായ്പാട്ടും കലാമണ്ഡലം ഷൈജു മൃദംഗവും വിനോദ് അങ്കമാലി വയലിനും പി. നന്ദകുമാര്‍ ഇടയ്ക്കയും വായിച്ചു. നേരത്തെ നടന്ന സമ്മേളനത്തില്‍ എ. അഗ്നി ശര്‍മ്മന്‍ അധ്യക്ഷനായി. നിര്‍വ്വാഹക സമിതി അംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ടി.കെ. നാരായണന്‍, രാജേഷ് തമ്പാന്‍, പി. ശിവദാസ് എന്നിവര്‍ സംസാരിച്ചു.

Leave a comment

540total visits,1visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top