ദേവസ്വം തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഠാണാവിലെ സ്ഥലത്ത് പോലീസ് ട്രാഫിക് യൂണിറ്റ് ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഠാണാവിലെ സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് കാര്യാലയത്തിനായി ദീർഘകാലമായി ഉപഭോഗവസ്തുവായി ഉപയോഗിച്ച് വരികയായിരുന്നതും ഇപ്പോൾ ഒഴിഞ്ഞുപോയതുമായ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരിച്ചു കിട്ടുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ആ സ്ഥലത്ത് പോലീസ് ട്രാഫിക് യൂണിറ്റ് മാറ്റിസ്ഥാപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ 4 വർഷമായി കാട്ടുങ്ങച്ചിറയിലെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്ന ട്രാഫിക് യൂണിറ്റാണ്  ദേവസ്വം തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഠാണാവിലെ കെട്ടിടത്തിലേക്ക് പെട്ടന്ന് മാറ്റുന്നത്. ഇതുനു മുന്നോടിയായി ഇവിടെ “പോലീസ് ട്രാഫിക് യൂണിറ്റ്” എന്ന പുതിയ ബോർഡും സ്ഥാപിച്ചു.

പോലീസ് സംവിധാനത്തിൽ നടപ്പിൽ വരുത്തിയ പരിഷ്‌ക്കാരത്തിന്‍റെ ഭാഗമായി കാട്ടുങ്ങച്ചിറയിൽ സ്ഥിതി ചെയുന്ന പോലീസ് സ്റ്റേഷന്‍റെ ചുമതലക്കാരൻ സർക്കിൾ ഇൻസ്പെക്ടറായ സാഹചര്യത്തിൽ ഠാണാവിലെ ദേവസ്വം സ്ഥലത്തെ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് പ്രവർത്തിക്കാത്ത അവസ്ഥയാണുള്ളത്. ആയതിനാൽ ദേവസ്വത്തിന്‍റെ വികസന പദ്ധതികൾ നടപ്പിൽ വരുത്തുവാൻ ഈ സ്ഥലം തിരിച്ചു കിട്ടുന്നതിന് വേണ്ട നടപടികൾ എടുക്കുവാൻ ജനുവരി രണ്ടാം വാരം ചേർന്ന ദേവസ്വം മാനേജിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ദേവസ്വത്തിന് ഭൂമി തിരികെ നല്കാതിരിക്കാനുള്ള പോലീസിന്‍റെ നീക്കമായിട്ടാണ് ഇതിനെ പൊതുവെ വിലയിരുത്തുന്നത്. എന്നാൽ രണ്ടു കിലോമീറ്ററോളം ദൂരമുള്ള കാട്ടുങ്ങച്ചിറയിലേക്ക് സ്റ്റേഷൻ മാറിയതിനാൽ ഇരിങ്ങാലക്കുട ഠാണാവിലും ബസ് സ്റ്റാൻഡിലും പോലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്തുവാൻ ഠാണാവിൽ പോലീസ് ട്രാഫിക് യൂണിറ്റ് അനിവാര്യമാണെന്നാണ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ ഇരിങ്ങാലക്കുട ലൈവ് ഡോട്കോമിനോട് ഈ വിഷയവുമായി ബന്ധപെട്ടു സംസാരിച്ചത്.

ഠാണാവിലെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് കെട്ടിടവും സ്ഥലവും തിരികെ കിട്ടുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 14 ന് തിരുവനന്തപുരത്തു നടക്കുന്ന ദേവസ്വം കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ സംഭവവികാസങ്ങൾ ധരിപ്പിക്കുമെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പ്രതികരിച്ചു. എന്തുവന്നാലും ദേവസ്വം ഭൂമി തിരികെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ആദ്ദേഹം പറഞ്ഞു. ഉത്സവത്തിനു മുൻപ് കച്ചേരി വളപ്പിന്‍റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് അദേഹം ആത്മവിശാസം പ്രകടിപ്പിച്ചു. സിവിൽ സ്റ്റേഷനടുത്തു പണിയുന്ന പുതിയ ജയിൽ കെട്ടിടത്തിലേക്ക് മാറുന്നമുറക്ക് ഠാണാവിലെ സബ് ജയിൽ പ്രവർത്തിക്കുന്ന കൂടൽമാണിക്യം ദേവസ്വത്തിന്‍റെ സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരിച്ചു കിട്ടുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

  • 32
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top