കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട : പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ (58)  അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു .

ഞായറാഴ്ച രാത്രി 8 മണിയോടെ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ പള്ളിവേട്ട ദിനത്തിൽ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപതിയിൽ എത്തിച്ചേക്കിലും ഡോക്ടർമാർ മരണം സ്ഥിതികരിക്കുകയായിരുന്നു . ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ: ശോഭ ഗീതാനന്ദൻ, മക്കൾ – സനൽ കുമാർ, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, ജ്യേഷ്ഠൻ കലാമണ്ഡലം വാസുദേവൻ പ്രശസ്തനായ മൃദംഗം വിദ്വാൻ. 33 വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ച്‌ കേരള കലാമണ്ഡലത്തിൽ നിന്നും 2017 മാർച്ചിലാണ് ഗീതാനന്ദൻ വിരമിച്ചത് .

ഓട്ടൻതുള്ളലിനിടെ കുഴഞ്ഞു വീണ കലാമണ്ഡലം ഗീതാനന്ദനെ പുല്ലൂർ മിഷൻ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ

അഭിനേതാവ് എന്നതിനേക്കാൾ പ്രശസ്തനായ തുള്ളൽ കലാകാരൻ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തി. അച്ഛനും ഗുരുവുമായ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. തുള്ളൽ കലയിൽ നിന്ന് ദാരിദ്ര്യം മാത്രം സമ്പാദ്യമായുണ്ടായിരുന്ന കേശവൻ നമ്പീശൻ, മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചു, പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അമ്പലത്തിൽ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിക്കു ചേർന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശിഷ്യന്മാർ തുള്ളൽ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ല എന്ന് തന്നെ പറയാം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. “തൂവൽ കൊട്ടാരം”, “മനസ്സിനക്കരെ”, “നരേന്ദ്രൻ മകൻ ജയകാന്തൻ വക” തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളൽ എന്ന കലയ്ക്കായി ഉഴിഞ്ഞു വച്ചതായിരുന്നു.

related news : കലാമണ്ഡലം ഗീതാനന്ദന്‍റെ അവസാന തുള്ളൽ അരങ്ങ് watch video

വീഡിയോ കടപ്പാട്: അംബിക വർമ്മ

Leave a comment

  • 755
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top