മുരിയാട് കോൾ പാടങ്ങളിൽ നിന്നും, വയനാട്ടിൽ നിന്നും പുതിയ ഇനം ചിലന്തികളുമായി ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രം

ഇരിങ്ങാലക്കുട : വയനാടൻ കാടുകളിൽ നടത്തിയ പഠനത്തിൽ ശാസ്ത്രലോകത്തിനു കൗതുകമായി മൂന്നിനം പുതിയ ചിലന്തികളെ കണ്ടെത്തി. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന മാരാങ്കോ ജനുസ്സിൽ പെട്ട രണ്ടിനം പുതിയ ചിലന്തികളെയും, അസിമോണിയ ജനുസ്സിൽ വരുന്ന ഒരു പുതിയ ഇനം ചിലന്തിയേയുംആണ് കണ്ടെത്തിയത്. മാരാങ്കോ ജനുസ്സിൽ വരുന്ന പുതിയ ഇനം ചിലന്തിയുടെ ശരീരത്തിൽ സീബ്രയുടെ ശരീരത്തിലുള്ളതിനു സമാനമായ കറുപ്പും വെളുപ്പും വരകളുള്ളതുകൊണ്ടു മാരാങ്കോ സീബ്രാ (Marengo zebra) എന്ന ശാസ്ത്ര നാമമാണ്
നൽകിയിരിക്കുന്നത് .

ലോകത്തു മറ്റൊരിടത്തുമില്ലാതെ വയനാട്ടിലെ ബത്തേരിയിൽ മാത്രം കാണപ്പെടുന്ന രണ്ടാമത്തെ ഇനം പുതിയ ചിലന്തിക്ക് മാരാങ്കോ ബത്തേരിയെൻസിസ്‌ (Marengo batheryensis) എന്ന ശാസ്ത്രനാമമാണ് നൽകിയിരിക്കുന്നത്. മാരാങ്കോ സീബ്രായുടേ നീളം 4 മില്ലിമീറ്ററും മാരാങ്കോ ബത്തേരിയെൻസിസ്‌ നീളം 3 മില്ലിമീറ്ററും ആണ് . മരത്തിന്റെ വിടവിലും മറ്റും താമസിക്കുന്ന ഇവ ചെറു പ്രാണികളെയാണ് ഭക്ഷിക്കുന്നത്. ആൺ സീബ്ര ചിലന്തിയുടെ തല ഭാഗം ഓറഞ്ച് നിറത്തിലും ഉദരം തവിട്ടു മഞ്ഞ നിറത്തിൽ കറുത്ത വരകളോടും കൂടിയതാണ്. പെൺ സീബ്ര ചിലന്തിയുടെ തല ഭാഗം കറുത്തതും ഉദരം വെളുപ്പും കറുപ്പും വരകളോടും കൂടിയതാണ്. ബത്തേരി ചിലന്തിയുടെ തല ഓറഞ്ച് നിറത്തിലും ഉദരം മഞ്ഞ നിറത്തിലുമാണ്. ഉദരത്തിന്റെ പാർശ്വഭാഗങ്ങളിലായി കാണുന്ന വെളുത്ത പൊട്ടുകളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഈ ജനുസ്സിൽ വരുന്ന മറ്റൊരിനം ചിലന്തിയെ ഇതിനു മുൻപ് കണ്ടെത്തിയിരിക്കുന്നത് ഹിമാലയൻ താഴ്വരകളിൽ നിന്നാണ്. ഇപ്പോൾ പശ്ചിമ ഘട്ട മലനിരകളിൽ നിന്നും അതേ ജനുസ്സിൽ പെട്ട ഈ രണ്ടു പുതിയ ചിലന്തികളുടെ കണ്ടെത്തൽ ലക്ഷകണക്കിനു വർഷങ്ങൾക്കു മുൻപ് ഹിമാലയൻ താഴ്വരകളിൽ നിന്നും ജീവജാലങ്ങൾ ജീവിക്കാൻ അനുയോജ്യമായ ഇടങ്ങൾ തേടി സത്പുര മല നിരയുടെ താഴ്വാരങ്ങളിലുടെ പശ്ചിമ ഘട്ടത്തിലേക്കു പലായനം ചെയ്തു എന്നു പറയപ്പെടുന്ന സത്പുര സിദ്ധാന്തത്തിനു (Satpura hypothesis) പിന്തുണയേകുന്നതാണ്.

അസിമോണിയ ക്രിസ്‌റ്റാറ്റ (Asemonea cristata) എന്ന ഇനം ചിലന്തിയെയാണ് വയനാട്ടിൽനിന്നും കണ്ടെത്തിയ മറ്റൊരിനം ചിലന്തി. പച്ച ഇലകളിൽ ചാടി നടക്കുന്ന ഇവയുടെ ആൺ ചിലന്തി കറുത്ത നിറത്തിലും പെൺ ചിലന്തി വെളുത്ത നിറത്തിലുമാണ് കാണപ്പെടുന്നത്. ൪ മില്ലിമീറ്റർ മാത്രം വലിപ്പം വെക്കുന്ന ഇവ ഇലയുടെ അടിയിൽ സിൽക്ക് നൂലുപയോഗിച്ചു കൂടുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്. ചാട്ട ചിലന്തികളുടെ കുടുംബത്തിൽ തന്നെ വരുന്ന പിരാന്തുസ് എന്ന ജനുസ്സിൽ വരുന്ന ചിലന്തിയെയാണ് മുരിയാട് കോൾ നിലങ്ങളിലെ നെല്പാടങ്ങളിൽനിന്നും പുതിയതായി കണ്ടെത്തിയത്. പിരാന്തുസ് പ്ലാനോലൻസിസ്‌ (Piranthus planolancis) എന്ന ശാസ്ത്രനാമമുള്ള ഇവയുടെ ആൺ ചിലന്തി കറുത്ത നിറത്തിലും പെൺ ചിലന്തി മഞ്ഞ
നിറത്തിലുമുള്ളവയാണ്. 6 മില്ലിമീറ്റർ വലിപ്പമുള്ള ഇവ നെൽച്ചെടിയുടെ ഉണങ്ങിയ ഇല മടക്കി കൂടുണ്ടാക്കിയാണ് ജീവിക്കുന്നത്. മുഖ്യമായും ചാഴിപോലുള്ള ശത്രു കീടങ്ങളെ ഭക്ഷിക്കുന്ന ഇവ ജൈവിക കീടനിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

വട്ട വല ചിലന്തി കുടുംബത്തിൽ വരുന്ന മുള്ളൻ ചിലന്തി ജനുസിൽപ്പെട്ട ഇനം ചിലന്തിയെയാണ് മുരിയാടിൽനിന്നും കണ്ടെത്തിയ മറ്റൊരിനം പുതിയ ചിലന്തി. ഫോറോൺസിഡിയ് സെപ്റ്റമകലീറ്റ (Phoroncidia septemaculeata) എന്ന ശാസ്ത്ര നാമമുള്ള ഇവയുടെ ശരീരത്തിന്റെ പാർശ്വഭാഗങ്ങളിലേക്ക് ഉന്തി നിൽക്കുന്ന മുള്ളുകളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. പകൽ സമയങ്ങളിൽ ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രി മാത്രമാണ് പുറത്തിറങ്ങുന്നത്.. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സംഘടന യുടെയും സാമ്പത്തിക സഹായത്തോടു കൂടെയാണ് പഠനങ്ങൾ നടത്തിയത്.

ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. സുധികുമാർ എ. വി. യുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ്‌ കൊളംബിയയിലെ ചിലന്തി ഗവേഷകനായ ഡോ.വൈൻ പി. മാഡിസൺ, ശ്രീലങ്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ സയൻസിലെ ചിലന്തി ഗവേഷകനായ ഡോ. സുരേഷ് പി. ബെഞ്ചമിൻ, കൽക്കട്ട സൂവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ജോൺ കാലെബ്, ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാർത്ഥികളായ സുധിൻ പി.പി., നഫിൻ
കെ.എസ്., സുമേഷ് എൻ.വി. എന്നിവർ പങ്കാളികളായി. ഇവരുടെ കണ്ടെത്തൽ റക്ഷ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ആർത്രോപോഡ സെല ക്ട (Arthropoda selecta), ന്യൂസിലൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സൂടാക്സ (Zootaxa), ഇംഗ്ളണ്ടിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പെഖാമിയ (Peckhamia) എന്നീ അന്താരാഷ്ട്ര ശാസ്ത്ര മാസികകളുടെ അവസാന ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top