കുട്ടാടം പാടം റോഡ് സഞ്ചരയോഗ്യമാക്കണം

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡുകളുടെ അതിർത്തിയായ കുട്ടാടം പാടം റോഡ് നിർമ്മാണമാരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. എന്നാൽ ഇതുവരെ പണി പൂർത്തിയായിട്ടില്ല. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ പ്രവർത്തിയുടെ നിർവ്വഹണം നടത്തുന്നത് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്താണ്. റോഡിനിരുവശവും കടൽ ഭിത്തി പോലെ വലിയ കരിങ്കൽ ഭിത്തിയാണ് കെട്ടിയിരിക്കുന്നത്. റോഡിൻറെ വീതി അപഹരിച്ചു എന്ന് മാത്രമല്ല ഇതിനു ഇരുവശവുമുള്ള വീടുകളിലേക്ക് കടക്കുവാനുള്ള മാർഗ്ഗവും അടച്ചിരിക്കുന്നു.

ഒരു വാഹനം തിരിയുവാൻ പോലും കഴിയാത്ത രീതിയിൽ നടത്തിയ നിർമ്മാണം മൂലം ഒരു ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്നു. വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള സംവിധാനങ്ങൾ ചെയ്യാത്തതുമൂലം നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നു. ഈ നിർമ്മാണപ്രവർത്തനം ശ്രദ്ധയിൽപെട്ടപ്പോൾ വാർഡുമെമ്പറായ സി എം ഉണ്ണികൃഷ്ണൻ പഞ്ചായത്ത് കമ്മിറ്റിയിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് അധികൃതരും ഭരണ സമിതിയും പരിശോധന നടത്തിയപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടു.

തുടർന്ന് നടത്തിയ ചർച്ചയിൽ ഒരു ഭാഗത്തെ കെട്ട് പൊളിച്ചുമാറ്റി വെള്ളം ഒഴുകിപോകുന്നതിനുള്ള സൗകര്യം ഉണ്ടാക്കി എത്രെയും പെട്ടെന്ന് റോഡ് കോൺക്രീറ്റിംഗ് നടത്തണമെന്ന് പഞ്ചായത്ത് നാലുമാസം മുൻപ് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനമനുസരിച്ച് ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെടും എന്നാണ് പഞ്ചായത്ത് കമ്മിറ്റിയിൽ ഉറപ്പു തന്നിരുന്നത്. എം എൽ എ ഫണ്ടോ ഏത് ഫണ്ടായാലും ജനങ്ങളുടെ നികുതി പണം ദുരുപയോഗം ചെയ്യരുത് എന്നും പത്താം വാർഡ് മെമ്പറും പ്രതിപക്ഷ നേതാവുമായ സി എം ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ പ്രദേശത്തുകൂടി കടന്നു പോകുന്ന ജനങ്ങൾ കല്ലിലൂടെ വാഹനം ഓടിക്കാൻ കഴിയാതെ കഴിഞ്ഞ ഒരു വർഷമായി ബുദ്ധിമുട്ടുകയാണെന്നും വിജിലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ പരാതി നൽകാതെ ഇതുവരെ കാത്തിരുന്നത് പഞ്ചായത്ത് തീരുമാനമനുസരിച്ച് പണി പൂർത്തീകരിക്കട്ടെ എന്ന് കരുതിയാണെന്നും എന്നാൽ നാട്ടുകാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ബന്ധപെട്ടവരെന്നു സി എം ഉണ്ണികൃഷ്ണൻ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top