കാപ്പിക്കൊപ്പം കച്ചേരിവളപ്പിലെ കഫേയിലെ സൈക്കിൾ റിക്ഷയിൽ ഒരു സവാരിയും

ഇരിങ്ങാലക്കുട : ഉത്തരേന്ത്യയിൽ സർവസാധാരണ കണ്ടുവരുന്ന സൈക്കിൾ റിക്ഷ ഇരിങ്ങാലക്കുട കച്ചേരിവളപ്പിലെ കഫേക്ക് സമീപം കണ്ടപ്പോൾ ഏവർക്കും കൗതുകം. വർണ്ണപ്പൊലിമയോടെയുള്ള ഇരിപ്പിടവും കവചവും എല്ലാം ശ്രദ്ധയാകർഷിക്കുന്നതുതന്നെ. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടയിൽ സൈക്കിൾ റിക്ഷക്ക് എന്താണ് ഇവിടെ കാര്യം ? ഇതായിരുന്നു ഭൂരിപക്ഷം കാഴ്ചക്കാരുടെയും മനസിലെ ചോദ്യം. കോടതി പറമ്പല്ലേ, ഇനി വല്ല വ്യവഹാര ജപ്തി വസ്തുവോ മറ്റുമാണോ എന്നുള്ള സംശയങ്ങളും ഉയർന്നു.

കച്ചേരിവളപ്പ് കഫെ നടത്തിപ്പുകാരനായ ആദർശ് തന്‍റെ ഒരു ഉത്തരേന്ത്യയിൽ യാത്രക്കിടയിൽ ഒരിക്കൽ ഇത്തരം ഒരു റിക്ഷയിൽ കയറാനിടയായി, അതിനുശേഷമാണ് ഇത്തരത്തിൽ ഒന്ന് നാട്ടിൽ കൊണ്ടുവന്നാൽ അതിൽ ഒരു പുതുമ ഉണ്ടാകുമല്ലോ എന്നൊരു ചിന്ത അദ്ദേഹത്തിൽ ഉദിച്ചത്ത്. കാപ്പിക്കൊപ്പം ഒരു റിക്ഷാസവാരിയും എന്ന നൂതന ആശയവും ഇതിനോടൊപ്പം വന്നു. അതിനിടയിലാണ് കോവിഡ് മഹാമാരിയും ലോക്കഡോൺ നിയന്ത്രണങ്ങളും പ്രതീക്ഷിക്കാതെ എത്തിച്ചേർന്നത്.

റിക്ഷയുടെ പല ഭാഗങ്ങളും ഉത്തരേന്ത്യയിൽ  നിന്ന് തന്നെ സംഘടിപ്പിച്ചു, ബാക്കി നമ്മുടെ നാട്ടിൽ നിന്നും. അവസാനം റിക്ഷ എന്ന സ്വപ്നം സഫലീകരിച്ചു. പക്ഷെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കാരണം സവാരി പദ്ധതി തത്കാലം നീട്ടിവച്ചിരിക്കുന്നു. നിയമതടസങ്ങളിലെങ്കിൽ നിയന്ത്രണങ്ങൾക്ക് ശേഷം കാപ്പിക്കൊപ്പം ഒരു റിക്ഷാസവാരിയും ഇരിങ്ങാലക്കുടക്കാർക്ക് ആസ്വദിക്കാം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top