ഷീ സ്മാര്‍ട്ട് – അഗ്രിക്കള്‍ച്ചറല്‍ നേഴ്സറിയും സര്‍വ്വീസും ആരംഭിക്കുന്നതിനായി 25000 പച്ചക്കറി തൈകള്‍ക്ക് വിത്ത് നട്ടു

ഇരിങ്ങാലക്കുട : തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ കീഴിലുള്ള 700 പേരടങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വനിത തൊഴില്‍ സംരംഭകത്വ ഗ്രൂപ്പായ ഷീ സ്മാര്‍ട്ടിന്‍റെ കാര്‍ഷിക നേഴ്സറിയും കാര്‍ഷിക സര്‍വ്വീസ് സെന്‍ററിന്‍റേയും ആരംഭം കുറിക്കുന്നതിന്‍റെ മുന്നോടിയായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ നേഴ്സറി സര്‍വ്വീസ് സെന്‍ററിന്‍റെ പണികള്‍ പുരോഗമിക്കുന്നു. ഇതിനായി ഒരു ലക്ഷം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഒന്നാം ഘട്ടം 25000 പച്ചക്കറി തൈകള്‍ക്ക് വിത്ത് പാകി.

ഉടന്‍ ആരംഭിക്കുന്ന ഫാമില്‍ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്‍മ ഉള്ളതും കൂടുതല്‍ വിളവു തരുന്നതും വേഗം തന്നെ കായ്ക്കുന്നതുമായ ഫലവൃക്ഷതൈകള്‍, അലങ്കാര ചെടികള്‍, വിവിധ ഇനം വിത്തുകള്‍, ജൈവ വള കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.കൃഷിയില്‍ പരിചയസമ്പന്നരായ സ്ത്രീ തൊഴിലാളികളുടെ കാര്‍ഷിക ഷീ സെല്‍ഫിയുടെ സേവനം ഒരു ഫോണ്‍ കോളിലൂടെ നിങ്ങളുടെ വീട്ടില്‍ എത്തുന്നതാണ്.

പച്ചക്കറി കൃഷി,അടുക്കള തോട്ടം, മട്ടുപ്പാവ് കൃഷി, പൂന്തോട്ടം, മഴമറ, തിരിനന, ഗ്രോബാഗ് കൃഷികള്‍ എന്നിവ ഇവര്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്നതാണ്. സംഘം വൈസ് പ്രസിഡന്‍റ് അജോ ജോണിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ റിട്ടയര്‍ട്ട് കൃഷി ഓഫീസര്‍ വി.സി. സുകുമാരന്‍റെ കയ്യില്‍ നിന്ന് സംഘം പ്രസിഡന്‍റ് പി.കെ. ഭാസി വിത്ത് ഏറ്റ് വാങ്ങി വിത്തിടല്‍ ഉദ്ഘാടനം നടത്തി. ഡയറക്ടര്‍മാരായ അജിത് കീരത്ത്, ഭാസി തച്ചപ്പിള്ളി, ഇബ്രാഹിം കളക്കാട്ട്, ഹാജിറ റഷീദ് എന്നിവര്‍ പങ്കെടുത്തു. സംഘം സെക്രട്ടറി ഹില പി.എച്ച് സ്വാഗതവും ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്‍റണി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top