കൂടിയാട്ടം മഹോത്സവം : പർണ്ണശാലാങ്കം നിർവഹണത്തിൽ ലളിതയായി ഡോ. അപർണ നങ്ങ്യാർ

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവത്തില്‍ മാധവനാട്യഭൂമിയില്‍ ഡോ. അപര്‍ണ്ണ നങ്ങ്യാര്‍ ലളിതയായി വേഷം മാറിയ ശൂര്‍പ്പണഖയുടെ നിര്‍വ്വഹണം അവതരിപ്പിച്ചു. ശക്തിഭദ്രന്‍റെ ആശ്ചര്യ ചൂഢാമണിയിലെ ഒന്നാം അങ്കത്തിലെ ലളിതയുടെ നിര്‍വ്വഹണമാണ് പര്‍ണ്ണശാലാങ്കം എന്നറിയപ്പെടുന്ന ഈ കഥ. ഭര്‍ത്താവ് വിഡ്ഢിച്യൂഹന്‍റെ മരണത്തെ തുടര്‍ന്ന് രാവണന്‍റെ നിര്‍ദ്ദേശപ്രകാരം ത്രൈലോക്യം മുഴുവന്‍ തിരഞ്ഞ് സ്വര്‍ഗ്ഗത്തിലെത്തി ദേവന്‍മാരെ കണ്ട് ഓരോരുത്തരേയും പല കാരണങ്ങളാല്‍ ഉപേക്ഷിച്ച് പഞ്ചവടിയിലെത്തുന്നതും ശ്രീരാമന്‍റെ അടുത്തേക്ക് ലളിതയായി വേഷം ധരിച്ച് യാത്രയാകുന്നതാണ് ജാരസ്താവദസൗ എന്ന ശ്ലോകം ചൊല്ലി അഭിനയിച്ചത്. ഇവിടെ ഇന്ദ്രന്‍ അഹല്യയുടെ ജാരനാണെന്നും അഗ്നിദേവന് ഭയങ്കര ചൂടാണെന്നും വരുണന്‍ സാഗരങ്ങളുടെ ഭര്‍ത്താവാണെന്നും വൈശ്രവണന്‍ സഹോദരനാണെന്നും ദിക്പാലകന്‍ തന്‍റെ രാക്ഷസവംശത്തില്‍പ്പെട്ടവനാണെന്നും പറഞ്ഞ് ഉപേക്ഷിക്കുന്നതാണ് നര്‍ത്തകി വിസ്തരിച്ച് അഭിനയിച്ചത്.

മാധവ നാട്യഭൂമിയിൽ വ്യാഴാഴ്ച നടക്കുന്ന കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടത്തിൽ സൂരജ് നമ്പ്യാർ വിദ്യാധരനെയും കപില വേണു ഗുണമഞ്ജരിയേയും അവതരിപ്പിക്കും.

Leave a comment

Top