ബൈപ്പാസ് റോഡിന്‍റെ ഇരുവശവും രാഷ്ട്രീയക്കാരുടെ തണലിൽ ബിനാമികൾ മണ്ണിട്ടുനികത്തി കയ്യടക്കുന്നു

ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടിന്‍റെ നീണ്ട കാത്തിരിപ്പിനു ശേഷം ബൈപാസ്സ്‌ റോഡ് യാഥാർഥ്യമായതിനെ തുടർന്ന് രാത്രിയുടെ മറവിൽ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ച് നിലങ്ങള്‍ നികത്തുന്നത് വ്യാപകമായി. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും രഹസ്യ പിന്തുണ ഈ നീക്കത്തിന് പുറകിലുള്ളത്തുകൊണ്ട്‌ വില്ലേജ് അധികൃതരേയും നഗരസഭ അധികൃതരേയും ഇക്കാര്യം പലരും അറിയിച്ചെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് കടുത്ത ആക്ഷേപം നിലനിൽക്കുന്നു. ബൈപാസ്സ്‌ റോഡിന്‍റെ രണ്ടാംഘട്ടത്തിലാണ് വ്യാപകമായി ഭൂമി നികത്തുന്നത്. തണ്ണീർത്തടമാണെന്ന് നഗരസഭാ ചെയർപേഴ്സൺ തന്നെ പറയുന്നിടത്താണ് യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് പാടം നികത്തുന്നത്. പുതുതായി ടാർചെയ്ത റോഡിഡിൽ ലോറികളിൽ മണ്ണടിച്ചതിന്‍റെ ടയർ പാടുകൾ ഇപ്പോളും തെളിഞ്ഞു കാണാം .

വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ബിനാമി ഏർപ്പാടിലൂടെ പാർട്ണർമാരാക്കിയാണ് ഇവിടെ റിയൽ എസ്റ്റേറ്റ് വ്യാപാരം തടിച്ചു കൊഴുക്കുന്നത്. ഇതിനിടെ കമ്മീഷൻ കാര്യത്തിൽ ഇടഞ്ഞതിനെത്തുടർന്നു പുറത്തായവരാണ് ഭൂമിയിടപാടുകളിൽ അധികാരികളുടെ മെല്ലെപോക്കിനു പുറകിലെ രഹസ്യം വെളിപ്പെടുത്തിയത്. തണ്ണീർത്തടം നികത്തി പണിത മൾട്ടിപ്ലക്ക്സ്സിനു രാഷ്ട്രീയ പിൻബലം കൊണ്ട് ലഭിച്ച അനുമതിയും കോടതിയിൽനിന്നുമായുള്ള അനുകൂല നിലപാടുമാണ് മറ്റുള്ളവർക്കും തണ്ണീർത്തടങ്ങൾ നികത്താൻ പ്രചോദനവും ധൈര്യവും ലഭിച്ചത്. കൂടാതെ നികത്തുന്ന ഭൂമിയിൽ പാർട്ണർമാരാക്കാമെന്ന ഉറപ്പിന്മേൽ മറ്റു പ്രശനങ്ങൾ ഉണ്ടാക്കില്ലെന്ന പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെ ഉറപ്പും. പകൽ വെളിച്ചത്തിൽ ‘ഹരിത സംരക്ഷണം’ പറഞ്ഞു നടക്കുന്ന പലരും ബൈപാസ്സ്‌ റോഡിരുവശത്തും ഭൂമി കയ്യടക്കാൻ വലിയതോതിൽ പണം ഇറക്കിയിട്ടുണ്ട്. റോഡിരുവശത്തും അധികമായി ഏറ്റുടുത്ത ചതുപ്പുനിലങ്ങളും ഇപ്പോൾ ദ്രുതഗതിയിൽ മതിൽ കെട്ടി സംരക്ഷിക്കുന്ന തിരക്കിലാണ് പല കൈയേറ്റക്കാരുമിപ്പോൾ. ഏതു നികത്തലുകളിലും കൊടികുത്തി ശ്രദ്ധനേടാറുള്ള യുവജനപ്രസ്ഥാന നേതാക്കളെ എന്തുകൊണ്ട് ദിവസങ്ങളായി നികത്തികൊണ്ടിരിക്കുന്ന ബൈപാസ് റോഡിൽ ഇതുവരെ കണ്ടില്ലെന്ന ചോദ്യവും പ്രസക്തമാണ് .

Leave a comment

Top