അതിവേഗ റെയിൽപാത കടന്നുപോകുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിൽ, അവ്യക്തതയോടെ ജനപ്രതിനിധികളും

കല്ലേറ്റുംകര : വരാനിരിക്കുന്ന അതിവേഗ റെയിൽപാതയായ ‘സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ’ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആളൂർ, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെയും ഇരിങ്ങാലക്കുട നഗരസഭയുടെ അതിർത്തി പ്രദേശത്തുകൂടെയുമാണ് കടന്നുപോകുന്നത് എന്ന ഗൂഗിൾറൂട്ട്മാപ് പുറത്തുവന്നതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അക്യുഷിഷൻ നടപടികളുടെ ആശങ്കയിൽ. തങ്ങളുടെ വാർഡ് മെമ്പർമാരോടും പഞ്ചായത്ത് അധികൃതരോടും ഇവർ ആശങ്കകൾ അറിയിക്കുന്നുണ്ടെങ്കിലും ഇതേപ്പറ്റി ഒരു ഔദ്യാഗിക വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നാണ് മറുപടി. ഇത്തരം പാതകളുടെ പ്രപ്പോസലുകൾ വരുമ്പോൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളോടെ ഇതേപ്പറ്റി സൂചിപ്പിക്കാറുണ്ട് എന്നാൽ ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ പറഞ്ഞു. നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന പാതയിൽ ഏറ്റവും ജനവാസം ഏറിയ പ്രദേശങ്ങൾ ആളൂർ പഞ്ചായത്തിലാണ്. ഒട്ടേറെപ്പേർ ഇതേപ്പറ്റി അനേഷിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വേളൂക്കര പഞ്ചായത്തിലെ കണ്ണിക്കര, താഴേക്കാട്, കടുപ്പശേരി, ആളൂർ പഞ്ചായത്തിലെ കുഴിക്കാട്ടുശേരി, കൊമ്പാടിഞ്ഞാമാക്കൽ, വല്ലക്കുന്ന്, മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം, മുരിയാട് കായൽ, ഇരിങ്ങാലക്കുട നഗരസഭാ അതിർത്തികളായ മാടായിക്കോണം, പുത്തൻതോട് , കരുവന്നൂർ എന്നിവിടങ്ങളിലൂടെയാണ് അതിവേഗ റെയിൽപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞ പ്രദേശങ്ങളെയാണ് കൂടുതലായി തിരഞ്ഞെടുത്തിരിക്കുന്നത്, ഈ ഭാഗങ്ങളിൽ കൊച്ചി മെട്രോയുടെ ഒറ്റകോൺക്രീറ്റ് തൂണുകളിലൂടെയായിരിക്കും പാത. ഇതിനായി 25 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അധികവും പാടങ്ങളിലൂടെയാണ് നിയുക്തപാത കടന്നു പോകുന്നത്. അലെയ്‌ൻമെൻറ്റിൽ കേന്ദ്രസർക്കാരിന്‍റെ അംഗീകാരം കൂടി ലഭിച്ചതിനു ശേഷമായിരിക്കും സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങൾ നടക്കുക. ചിലയിടങ്ങളിൽ മാത്രമാണ് നിലവിലെ റെയിൽവേ പാതയുടെ സമാന്തരമായി പോകുന്നത്. അധികവും ദൂരെമാറി വളവുകൾ തീർത്തു പരമാവധി നേരെയുള്ള പാതയായ്കിയാണ് രൂപരേഖ. കേരളത്തിന്‍റെ ഇനിയുള്ള വികസനത്തിന് റെയിൽ പാതയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും ഈ പാതയുടെ അംഗീകാരം കേന്ദ്രത്തിൽനിന്നും ലഭിക്കുന്നമുറക്ക് പാതകടന്നുപോകുന്ന ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് അതിന്‍റെ  വിവരങ്ങൾ ലഭിക്കുമെന്നും എം.എൽ.ഏ പ്രൊഫ്. കെ.യു. അരുണൻ മാസ്റ്റർ പറഞ്ഞു.

തിരുവനന്തപുരത്തുനിന്നും കാസർഗോഡുവരെ 200 കിലോമീറ്റർ വേഗതയിൽ വെറും 4 മണിക്കൂർ കൊണ്ട് എത്താനാകുന്നതാണ് ഈ അതിവേഗപാത. റെയിൽവേയും കേരള സർകാരും ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതി 2025-ൽ പണിപൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കടന്നുപോകുന്ന ഓരോജില്ലയിലും ഒരു സ്റ്റോപ്പാണ് ഉണ്ടാക്കുക. ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പാത കടന്നുപോകുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top