കോവിഡ് : ആളൂർ പഞ്ചായത്തിലും ജാഗ്രത

കല്ലേറ്റുംകര : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആളൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന കുണ്ടായിയിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോവിഡ് ബാധിതനായ 51 ക്കാരൻ നാട്ടിലേക്ക് വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ആളൂർ സ്വദേശിയാണെന്നും ഇയാൾ ഇപ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ പറഞ്ഞു. അസുഖബാധിതന്‍റെ മകൻ കഴിഞ്ഞദിവസം എത്തിയതായി സംശയമുള്ള കൊമ്പാടിയിലെ മെഡിക്കൽ സ്റ്റോറും സ്ഥാപനങ്ങളും അടച്ചു.

ഫയർഫോഴ്സിന്‍റെ സഹായത്തോടെ ഈ പ്രദേശങ്ങളെല്ലാം അണുവിമുക്തം ആക്കിയിട്ടുണ്ട്. കുണ്ടായി ആശുപത്രിയിൽ രോഗി ചികിത്സ തേടിയെന്നും അതിനാൽ ആശുപത്രി അടച്ചു എന്നുള്ള വാർത്ത ശരിയല്ലെന്ന് അധികൃതർ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ വാർഡുകളിൽ ബോധവൽക്കരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഭീതിജനിപ്പിക്കുന്നതും വ്യാജവുമായ പ്രചാരണങ്ങൾക്ക് ഈ അവസരത്തിൽ ആരും മുതിരരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

പ്രദേശവാസികൾ ഏവരും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്‍റെയും നിർദേശങ്ങൾ പാലിക്കണമെന്നും ഇവിടേക്ക് വേണ്ട എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ അറിയിച്ചു. പോലീസ് വാഹന പരിശോധന കർക്കശമാക്കിയിട്ടുണ്ടെന്നും , അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആളൂർ പോലീസ് എസ്‌.ഐ. കെ.എസ്. സുശാന്ത് പറഞ്ഞു.


Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top