പേവാർഡ് കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി കൊറോണ ഐസൊലേഷൻ വാർഡായി ‘സേവ് ഇരിങ്ങാലക്കുടയുടെ’ നേതൃത്വത്തിൽ രൂപാന്തരപ്പെടുത്തി ജനറൽ ആശുപത്രിക്ക് കൈമാറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ജനതാ പേവാർഡ് കെട്ടിടം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയും കേടുവന്നവമാറ്റിസ്ഥാപിച്ചും നിലവാരമുള്ള ഒരു കൊറോണ ഐസൊലേഷൻ വാർഡായി സേവ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ രൂപാന്തരപ്പെടുത്തി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾക്ക് കൈമാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു സേവിന്‍റെ ഈ അവസരോചിതമായ സഹായം. ഇന്ന് തന്നെ പുതുതായി നവീകരിച്ച ഈ ഐസൊലേഷൻ വാർഡിൽ കൊറോണ നിരീക്ഷണത്തിലുള്ളവരെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 7 മുറികളാണ് ഐസൊലേഷൻ വാർഡിൽ ഉള്ളത് .

ജില്ലയിൽ നിലവിൽ മെഡിക്കൽ കോളേജിലും തൃശൂർ ജനറൽ ആശുപത്രിയിലും മാത്രം ഒരുക്കിയിട്ടുള്ള കൊറോണ ചികിത്സാ സൗകര്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനു ഏറ്റവും അത്യാവശഘടകമായ നല്ല ഒരു ഐസൊലേഷൻ വാർഡ് ആണ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ കെട്ടിടങ്ങൾ ഉണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ ഇവ ഐസൊലേഷൻ വാർഡ് ആയി മാറ്റണമെങ്കിൽ ഏറെ അറ്റകുറ്റ പണികൾ ചെയേണ്ടിവരുന്ന അവസ്ഥയിൽ ആയിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യർത്ഥന മാനിച്ചു സേവ് ഇരിങ്ങാലക്കുടയുടെ പ്രവർത്തകർ ഇത് ഏറ്റെടുക്കുകയായിരുന്നു. അരലക്ഷത്തിലധികം ചെലവ് വരുന്ന ഈ നവീകരണത്തിന് അടിയന്തിര സ്വഭാവമുള്ള ഒരു ആവശ്യമെന്ന നിലക്ക് സേവ് ഇരിങ്ങാലക്കുടയുടെ അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ പിരിച്ചെടുത്ത തുക ഉപോയോഗിച്ചാണ് കേവലം 4 ദിവസങ്ങൾകൊണ്ട് ഐസൊലേഷൻ വാർഡിന്റെ നവീകരണം പൂർത്തിയാക്കിയത്. ഇത്തരം ഒരു സംരംഭം നടക്കുന്നുണ്ടെന്നറിഞ്ഞ സേവ് പ്രവർത്തകാരുടെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും, വീട്ടുകാരും പലരും ഇതുമായി സഹകരിച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡിനുമുന്നിൽ നടന്ന ചടങ്ങിൽ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, സേവ് ഇരിങ്ങാലക്കുട ചെയർമാൻ അബ്ദുൾ സമദ്, ജനറൽ സെക്രട്ടറി അഡ്വ. പി.ജെ.ജോബി, ഷിജിൻ തവരങ്ങാട്ടിൽ, ടി.ജി സിബിൻ, ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനായുള്ള പേർസണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്‍റ്  വാങ്ങുന്നതിന് സേവ് ഇരിങ്ങാലക്കുടയുടെ സംഭാവനയുടെ ആദ്യ ഗഡുവായ 50000/- രൂപ കഴിഞ്ഞ ആഴ്ച ആശുപത്രി അധികൃതർക്ക് കൈമാറിയിരുന്നു.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top