കോവിഡ് 19: റവന്യൂ ഓഫീസുകളുടെ പ്രവർത്തനം ക്രമീകരിച്ചു

കോവിഡ് 19 രോഗബാധയെത്തുടർന്ന് 21 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ കളക്ടറേറ്റ്, റവന്യൂ ഡിവിഷണൽ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ ഒഴികെയുളള ബാക്കിയുളള മുഴുവൻ റവന്യൂ ഓഫീസുകളും അടച്ചിടണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകളിൽ ഒരു ജീവനക്കാരനെങ്കിലും ഹാജരാവണം. ഹാജരാകേണ്ടത് റവന്യൂ ജോലികൾക്ക് വേണ്ടിയല്ല, മറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് അവരവരുടെ വില്ലേജുകളിലെ കോവിഡ് നിരീക്ഷണത്തിലുളളവരുടെ ഭക്ഷണം, അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം ഉറപ്പുവരുത്താനാണ്.

നിരീക്ഷണത്തിലിരിക്കുന്നവർ അലക്ഷ്യമായി നടന്ന് സമൂഹവ്യാപനം ഉണ്ടാകുന്നത് തടയാൻ പോലീസ്, ആരോഗ്യവകുപ്പ്, തഹസിൽദാർമാർ എന്നിവരെ അറിയിക്കണം. വില്ലേജിലെ മരണം, ഹോസ്പിറ്റൽകേസ്, അത്യാഹിതം എന്നിവ സംബന്ധിച്ച വിവരങ്ങൾ മജിസ്‌ട്രേറ്റുമായി ആശയവിനിമയം നടത്തി വേണ്ട ക്രമീകരണം ചെയ്യണം. അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ സംബന്ധിച്ച ലഭ്യമായ വിവരങ്ങൾ ഉടൻ തന്നെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് , താലൂക്ക് സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി എന്നിവരെ അറിയിക്കണം. വില്ലേജുകളിലുളള ജീവനക്കാർ തുടർച്ചയല്ലാത്ത ദിവസങ്ങളിൽ ഹാജരാകണം. ഓഫീസ് ഫോണിന്റെ പ്രവർത്തനം ഡ്യൂട്ടിയിലുളള ജീവനക്കാർക്ക് കൈമാറണം. അക്കാര്യം അതാത് വില്ലേജ് ഓഫീസർമാർ നിർവ്വഹിക്കണം. വില്ലേജുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, പോലീസ്, ആരോഗ്യം, സിവിൽ സപ്ലൈസ്, തൊഴിൽ വകുപ്പ്, പഞ്ചായത്ത് സെക്രട്ടറിമാർ, ഡിഡിപി എന്നിവരുമായി കാര്യനിർവഹണത്തിനായി കൈമാറണം. ജില്ലാഭരണകൂടത്തെയും താലൂക്കിന്റെ ചാർജ്ജുളള ഡെപ്യൂട്ടി കളക്ടറെയും വിവരം അറിയിക്കണം.
മറ്റ് റവന്യൂ സബ് ഓഫീസുകൾ അടച്ചിടണം.

അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ ഉത്തരവ് പ്രകാരം കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി നിയോഗിച്ച ജീവനക്കാർ മാത്രം ഓഫീസുകളിൽ ഹാജരാകണം. മറ്റ് ജീവനക്കാർ ഈ ദിവസങ്ങളിൽ എല്ലാ സമയത്തും ഫോൺ മുഖേനയോ മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടാൻ കഴിയുന്നു എന്ന് ഉറപ്പു വരുത്തണം. ഓഫീസ് മേധാവി ആവശ്യപ്പെടുന്ന പക്ഷം അടിയന്തരഘട്ടത്തിൽ ഓഫീസിൽ ഹാജരാകണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top