സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരം മികച്ച കോളേജിനുള്ള അവാര്‍ഡ് സഹൃദയക്ക്

കല്ലേറ്റുംകര : സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരത്തില്‍ മികച്ച കോളേജിനുള്ള അവാര്‍ഡ് സഹൃദയ എന്‍ജിനീയറിംഗ് കോളേജിന് ലഭിച്ചു. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, നാഷണല്‍ ഇന്‍സ്ട്രമെന്റ്, മാത്ത്വര്‍ക്ക്സ്, ആന്‍സിസ് തുടങ്ങിയ കമ്പനികളുടെ നേതൃത്വത്തിൽ കോട്ടയം സെന്റ്. ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലാണ് സൃഷ്ടി 2020 പ്രൊജക്ട് മത്സരം നടത്തിയത്. സഹൃദയ കോളേജിന്‍റെ പ്രൊജക്ട് ഓറിയന്റഡ് ലേണിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച പ്രൊജക്ടുകള്‍ തയ്യാറാക്കിയതിന്‍റെ അംഗീകാരമായാണ് മികച്ച കോളേജിനുള്ള അവാര്‍ഡ് ലഭിച്ചത്. ഭാരതത്തിലെ 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള 145 കോളേജുകളിലെ 789 പ്രൊജക്ടുകളില്‍ നിന്നാണ് സഹൃദയയിലെ പ്രൊജക്ടുകള്‍ക്ക് അവാര്‍ഡ് ലഭിച്ചത്.

ബയോമെഡിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ മൂന്ന് പ്രൊജക്ടുകള്‍ക്ക് നാല് അവാര്‍ഡുകളാണ് ലഭിച്ചത്. കൊണ്ട് നടക്കാവുന്ന ഫിസിയോ തെറാപ്പി യന്ത്രമായ ഐക്യുവര്‍ ആണ് മികച്ച ഇന്‍സ്ട്രമെന്റേഷന്‍ പ്രൊജക്ടായി തിരഞ്ഞെടുത്തത്. സെറിബ്രല്‍ പ്ലാസി രോഗികള്‍ക്കുള്ള ആശയ വിനിമയ സംവിധാനം വികസിപ്പിച്ചതിനാണ് മികച്ച കംപ്യൂട്ടര്‍ പ്രൊജക്ടിനുള്ള സമ്മാനം ലഭിച്ചത്. മനുഷ്യരുടെ മുഖത്തിന്‍റെ വീഡിയൊ പരിശോധിച്ച് ഹൃദയത്തിന്‍റെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യക്കാണ് മികച്ച മാറ്റ്ലാബ് പ്രൊജക്ടിനും മികച്ച അനലിറ്റിക്കല്‍ പ്രൊജക്ടിനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചത്. ബയോടെക്നോളജി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക്കിനാണ് കെമിക്കല്‍ വിഭാഗത്തിലെ മികച്ച പ്രൊജക്ടിനുള്ള അവാര്‍ഡ്.

വിജയികളായ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സഹൃദയ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍,എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,ഡയറക്ടര്‍ ഡോ.എലിസബത്ത് ഏല്യാസ്,പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top