കുടിവെള്ള വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ചു

അറിയിപ്പ് : കുടിവെള്ള വിതരണത്തിന് ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണർ മാനദണ്ഡം നിശ്ചയിച്ചു. കുടിവെള്ള വിതരണവും ഉപയോഗവുമായി സംബന്ധിച്ച് കച്ചവടക്കാരും ഉപഭോക്താക്കളും പാലിക്കേണ്ട വിവരങ്ങളാണ് ഇതിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ ഭക്ഷ്യസുരക്ഷാ 2011 പ്രകാരം എഫ് ബി ഒ ലൈസൻസുകൾ എടുക്കുകയും വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ നമ്പർ ലൈസൻസിൽ കൃത്യമായി രേഖപ്പെരുത്തുകയും വേണം. കുടിവെള്ളം, നിർമ്മാണത്തിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള വെള്ളം എന്നിങ്ങനെ വേർതിരിച്ച് വാട്ടർ ടാങ്കറിന് മുകളിൽ എഴുതി വയ്ക്കണം. കുടിവെള്ള ടാങ്കറുകളുടെ ഉൾവശം ബിറ്റുമിനാസ്റ്റിക്ക് കോട്ടിങ്ങോടെ ഉപയോഗിക്കണം അല്ലാത്തവയ്ക്കെക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

വാട്ടർ അതോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസ്സുകൾക്ക് എഫ്ബിഒ ലൈസൻസ് ഉണ്ടായിരിക്കണം. ഇത്തരം സ്രോതസ്സുകളിൽ നിന്നുമാത്രമേ വെള്ളം ശേഖരിക്കാൻ പാടുളളൂ. കുടിവെള്ള സ്രോതസ്സുകളിലെ ജലം ആറ് മാസത്തിലൊരിക്കൽ സർക്കാർ ലാബുകളിലോ, എൻ എ ബി എൽ അക്രഡിറ്റഡ് ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റുകൾ കൈവശം സൂക്ഷിക്കണം. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിലും വാഹനം ഘടിപ്പിച്ച ടാങ്കറുകളിലും ഫുഡ്സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ലൈസൻസ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോർട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിങ്ങ് എന്നിവ സംബന്ധിച്ച രേഖകൾ ഉണ്ടായിരിക്കണം. ഇവയില്ലാതെ കുടിവെള്ളം വിതരണം നടത്തിയാൽ വാഹനം പിടിച്ചെടുത്ത് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.

ടാങ്കർ കൂടിവെള്ള ഉപഭോക്താക്കൾ പാലിക്കേണ്ട നിബന്ധനകളും ഇതിനോടകം ഉത്തരവായി. കുടിവെള്ളം പുറമേ നിന്നും വാങ്ങുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള വിൽപ്പനക്കാരിൽ നിന്ന് മാത്രം കുടിവെള്ളം വാങ്ങി ഉപയോഗിക്കണം. ഹോട്ടൽ / റസ്റ്റോറന്റുകൾ, ഫ്ളാറ്റുകൾ, ആശുപത്രികൾ, വീടുകൾ തുടങ്ങിയ കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകരും കുടിവെള്ള വിതരണം ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. രജിസ്റ്ററിൽ കുടിവെള്ള സ്രോതസ്സ്, പരിശോധന റിപ്പോർട്ടിന്റെ പകർപ്പ്, വാങ്ങുന്ന വെള്ളത്തിന്റെ അളവ് ലിറ്ററിൽ, വിതരണക്കാരന്റെ ലൈസൻസിന്റെ വിവരങ്ങൾ, വിതരണം സംബന്ധിച്ച കരാറിന്റെ പകർപ്പ് എന്നിവ സൂക്ഷിച്ചിരിക്കണം. സൂക്ഷിക്കാത്ത പക്ഷം ഫുഡ്സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കും. കൂടുതൽ വ്യക്തത ആവശ്യമുള്ള അവസരങ്ങളിൽ ഫുഡ് സേഫ്റ്റി ടോൾഫ്രീ നമ്പറായ 1800 425 1125, തൃശൂർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ 8943346188 നമ്പറിലോ വിളിച്ച് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top