സിവിൽ ഡിഫൻസ് സേനയുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി

ഇരിങ്ങാലക്കുട : അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് സേനയുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. ഇരിങ്ങാലക്കുട നിലയത്തിൽ വെച്ച് 50-ഓളം സേവന സന്നദ്ധതയുള്ള നാട്ടുകാർക്ക്, അപകടമുണ്ടായാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ, ജല അപായങ്ങൾക്ക് കൊടുക്കേണ്ട മുൻകരുതലുകൾ, തീപിടുത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ, അപകടം പറ്റിയ ആളെ സ്ഥലത്തു നിന്നും സുരക്ഷിതമായി മാറ്റേണ്ട രീതി, ദുരന്തനിവാരണം, സ്ഫോടകവസ്തുക്കളോ, ഗ്യാസ് ദുരന്തങ്ങളോ മറ്റും സംഭവിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സിവിൽ ഡിഫൻസ് സേനയ്ക്ക് പരിശീലനം നൽകി.

കേരളം ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദുരന്തമുണ്ടാകുന്ന പ്രദേശമാണ്‌ എന്ന തിരിച്ചറിവിന്‍റെ  അടിസ്ഥാനത്തിലാണ്, കേരളത്തിലൊട്ടാകെ സിവിൽ ഡിഫൻസ് സേന രൂപീകരിക്കാൻ കേരള ഫയർ ആൻഡ് റസ്ക്യു സർവ്വീസ്സസ് തീരുമാനിച്ചത്. അതിന്‍റെ  ഭാഗമായാണ് ഇവിടെ പരിശീലനം നൽകിയത്. ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ പി. വെങ്കിട്ടരാമൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാർ, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ എസ്.സുദർശനൻ, ഇ.എബിൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top