വർഗ്ഗീയതയെ നേരിടേണ്ടത് മതനിരപേക്ഷ കൂട്ടായ്മയിലൂടെ : സോയ ജോസഫ്

എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി കരൂപ്പടന്ന പള്ളിനടയിൽ നടത്തിയ മതേതര ബഹുസ്വര കൂട്ടായ്മയിൽ പ്രൊഫ. സോയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുന്നു

കരൂപ്പടന്ന : വർഗ്ഗീയതയെ നേരിടേണ്ടത് മതനിരപേക്ഷ കൂട്ടായ്മയിലൂടെ ആകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രൊഫ. സോയ ജോസഫ് പറഞ്ഞു. എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി കരൂപ്പടന്ന പള്ളിനടയിൽ നടത്തിയ മതേതര ബഹുസ്വര കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. പൗരത്വ ഭേദഗതി നിയമം കാപട്യം നിറഞ്ഞതാണ്. മതം പൗരത്വത്തിന്റെ മാനദണ്ഡം ആക്കിയത് ഗൂഡ തന്ത്രമാണ്. രാജ്യത്ത് മതങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്. യഥാർത്ഥ ചരിത്രം ഇല്ലായ്മ ചെയ്യാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും സോയ ജോസഫ് പറഞ്ഞു. അഡ്വ. വി.ആർ.സുനിൽകുമാർ എം.എൽ.എ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ പ്രഭാഷണം നടത്തി. എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, ജില്ലാ പ്രസിഡണ്ട് വി.എം. ഷൈൻ, ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീർ, എ.എം. ഷാജഹാൻ, സി.ഐ. അബ്ദുൽ അസീസ് ഹാജി, എ.ബി. സിയാവുദ്ദീൻ, നസീമ നാസർ എന്നിവർ സംസാരിച്ചു. സലീം അറക്കൽ സ്വാഗതവും ബഷീർ തോപ്പിൽ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top