മികച്ച കായിക കോളേജിനുള്ള ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് സംസ്ഥാന സർക്കാറിന്‍റെ ഈ വർഷത്തെ മികച്ച കായിക കോളേജിനുള്ള ജി.വി രാജ പുരസ്കാരം. കായിക രംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ക്രൈസ്റ്റ് കോളേജിന് ജി.വി. രാജ പുരസ്കാരം മികവിനുള്ള അംഗീകാരമായി. ഈ വർഷത്തെ മികച്ച സ്പോർട്സ് ഹോസ്റ്റൽ സ്റ്റുഡന്റിനുള്ള ജി.വി രാജ പുരസ്കാരവും ക്രൈസ്റ്റ് കോളേജിലെ നിബിൻ ബൈജുവാണ് നേടിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടർച്ചയായി 3 വർഷം ഓവറോൾ ചാമ്പ്യൻ പട്ടം നേടിയ ക്രൈസ്റ്റ് കോളേജ്, ഈ വർഷം അത്ലറ്റിക്സ് പുരുഷ വനിതാ വിഭാഗങ്ങളിൽ ഒന്നാമത് എത്തുന്ന ആദ്യ കോളേജ് എന്ന നേട്ടത്തിനും അർഹമായിരുന്നു.

കഴിഞ്ഞ വർഷം 48 ടീമുകളെ അണിയിച്ചൊരുക്കി വിവിധതലങ്ങളിൽ 67 ട്രോഫികളും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജ് മത്സരങ്ങളിൽ 11 എണ്ണത്തിൽ ഒന്നാം സ്ഥാനവും, 17 എണ്ണത്തിൽ രണ്ടാം സ്ഥാനവും, 8 എണ്ണത്തിൽ മൂന്നാം സ്ഥാനവും നേടി കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 51 വർഷത്തെ ചരിത്രത്തിൽ തന്നെ റെക്കോർഡ് പോയിന്റ്കളോടെ ഓവറോൾ ചാമ്പ്യൻഷിപ്പും, പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, വനിത വിഭാഗത്തിൽ മുൻ ചാമ്പ്യന്മാരായ പല വനിത കോളേജുകളെയും പിന്തള്ളി രണ്ടാം സ്ഥാനവും, ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല സ്പോർട്സ് പ്രമോട്ടിങ് കോളേജിലുള്ള 2018ലെ PEFI ഡോ. പി എം ജോസഫ് അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് നേടുകയുണ്ടായി.

അന്തർദേശീയ തലത്തിൽ നാല് സ്വർണവും ഒരു വെങ്കലവും അടക്കം അഞ്ച് മെഡലുകളും, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി തലത്തിൽ 3 സ്വർണവും, 4 വെള്ളിയും 8 വെങ്കലവും അടക്കം 15 മെഡലുകളും, ദേശീയതലത്തിൽ 14 സ്വർണ്ണവും, 7 വെള്ളിയും, 15 വെങ്കലവുമടക്കം 36 മെഡലുകളും, അങ്ങനെ മൊത്തം 56 മെഡലുകളാണ് ക്രൈസ്റ്റ് കായികതാരങ്ങൾ വാരിക്കൂട്ടിയത്. കൂടാതെ അന്തർദേശീയ തലത്തിൽ വേൾഡ് യൂണിവേഴ്സിറ്റി ബാഡ്മിന്റൺ മത്സരത്തിൽ ഈ വിജയ് ശിവശങ്കറും, നാലാമത് വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആകാശ് ബിനു, ഭാഗ്യലക്ഷ്മി എസ്, മിലു ഇമ്മാനുവേൽ, ബിനു വർഗീസ് തുടങ്ങിയവർ ഇന്ത്യയുടെയും കേരളത്തിലെയും ക്രൈസ്റ്റ് ഇന്ത്യയും യശസ്സ് ഉയർത്തിയവരാണ്.

കേരളത്തെ പ്രതിനിധീകരിച്ച് 36 പുരുഷ കായികതാരങ്ങളും, 17 വനിത കായികതാരങ്ങളും, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രതിനിധീകരിച്ച് 69 പുരുഷ കായികതാരങ്ങളും, 37 വനിത കായികതാരങ്ങളും പങ്കെടുക്കുകയുണ്ടായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top