ശാസ്ത്രാവബോധ പ്രവർത്തനങ്ങൾക്ക് ഇ.കെ.എൻ. കേന്ദ്രവും ക്രൈസ്റ്റ് കോളേജും ധാരണയായി

ഇരിങ്ങാലക്കുട : ശാസ്ത്രപ്രചാരകനായിരുന്ന പ്രൊഫ. ഇ.കെ. നാരായണന്‍റെ സ്മാരകമായി പ്രവർത്തിച്ചുവരുന്ന ഇ.കെ.എൻ. വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ശാസ്ത്രാവബോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ധാരണയായി. ശാസ്ത്രത്തിന്‍റെ സാമൂഹിക ധർമ്മത്തെ മനസ്സിലാക്കുന്നതിനും, തദനുസൃതമായ പ്രവർത്തനങ്ങളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സജീവമായി പങ്കാളികളാവാൻ അവസരം ഉണ്ടാക്കുന്നതിനും ഈ ധാരണ വഴിയൊരുക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജിൽ നടന്നുവരുന്ന ഇ.കെ.എൻ മെമ്മോറിയൽ ക്വിസ്, ഫിസിക്സ് പ്രെസന്റ്റേഷൻ കോണ്ടസ്റ്റ് എന്നിവ ഇനിമുതൽ ഇ.കെ.എൻ കേന്ദ്രത്തിന്‍റെ  കൂടി ഉത്തരവാദിത്വത്തിലാണ് നടക്കുക.

സംയുക്ത സംരംഭങ്ങളുടെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും വിശദീകരിച്ചിട്ടുള്ള ധാരണാപത്രത്തിൽ ഇ.കെ.എൻ. കേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം.കെ. ചന്ദ്രൻ, ക്രൈസ്റ്റ് കോളേജ് ഫിസിക്സ് വിഭാഗം തലവൻ ഡോ. വി പി ജോസഫ് എന്നിവർ ഒപ്പിട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഫാ. ജോയ് പിനിക്കപറമ്പിൽ, ഡോക്ടർ കെ വൈ ഷാജു, ഡോ. പയസ് കെ ജോസഫ്, ഡോ. പി ആർ ബോസ്, ഇ.കെ ഗോപിനാഥൻ, പി ഗോപിനാഥൻ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top