തുമ്പൂര്‍ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കണ്ടു മടങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 പേര്‍ മരിച്ചു

തുമ്പൂര്‍ : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി അഭിഷേക മഹോത്സവം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെ കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ മരിച്ചു. മദ്യപിച്ചു വാഹനമോടിച്ചു നിര്‍ത്താതെ പോയവരെ കാവടി ആഘോഷത്തിനിടെ ഗതാഗത കുരുക്കില്‍പെട്ടതോടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. കൊറ്റനെല്ലൂര്‍ തെരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (54), സുബ്രന്റെ മകള്‍ പ്രജിത (23), മണ്ണാന്തറ വീട്ടില്‍ ബാബു (52),ബാബുവിന്റെ മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. പ്രജിത സെന്റ് ജോസഫ്‌സ് കോളേജിലെ വിദ്യാർത്ഥിയാണ് . അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഉടൻ ഉത്സവ ഡ്യൂട്ടിയിലുണ്ടായ പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കിഴടങ്ങി. വള്ളിവട്ടം സ്വദേശികളായ അഞ്ചു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ആഗ്നന്‍ (21), ദയലാല്‍ (20), ജോഫിന്‍ (20),നിനോ (20),റോവിന്‍ (20) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ആഗ്നനാണ് കാര്‍ ഓടിച്ചിരുന്നത്. ഒരാള്‍ ഒഴികെയുള്ളവര്‍ മദ്യപിച്ചിരുന്നതായാണ് വിവരം. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരെയും കാറും ആളൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇവരില്‍ നിനോയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവടി ആഘോഷം കാണാന്‍ വന്നതായിരുന്നു സംഘം. വെള്ളാങ്കല്ലൂര്‍ ഭാഗത്തു നിന്ന് തുമ്പൂരിലേയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു എതിര്‍ വശത്തുകൂടി കൊറ്റനെല്ലൂര്‍ ഭാഗത്തേയ്ക്ക് നടന്നു പോയവരെ ഇടിച്ചു വീഴിത്തിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

related news : തുമ്പൂർ അപകടമരണം : കാറിലുണ്ടായിരുന്ന 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top