യുവജനങ്ങള്‍ ഭരണഘടനയുടെയും സമൂഹ്യ ജീവിതത്തിന്‍റെയും മൂല്യങ്ങള്‍ ഉള്‍കൊണ്ട് ശക്തരാകണം

ധീരരാവുക, ശക്തരാകുക, ജീവിതത്തിന്‍റെ എല്ലാ ഉത്തരവാദിത്വങ്ങളും സ്വന്തം ചുമലില്‍ ഏറ്റുക, എടുക്കുക, അറിയുക നിങ്ങളാണ് നിങ്ങളുടെ വിധി നിര്‍ണയിക്കുന്നത്.”

സ്വാമി വിവേകാനന്ദന്‍

ജാതി മതഭേദം എന്നീ പല മഹത് വ്യക്തികളും ഇത്തരത്തിലുള്ള പ്രയോജനാത്മകമായ വാക്കുകള്‍ യുവജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെങ്കിലും അവരില്‍ പ്രമുഖമായ സ്ഥാനമാണ് സ്വാമി വിവേകാനന്ദനുള്ളത് . വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആചരിക്കുന്ന ഈ വേളയില്‍ യുവജനങ്ങള്‍ ഉള്‍കൊള്ളേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സ്വാമിജി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന കാലത്ത് ഇന്ത്യയില്‍ വിദേശ വാഴ്ചയും രാജവാഴ്ചയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉള്ളത് നിയമ വാഴ്ചയാണ്. അത് കൊണ്ട് തന്നെ എല്ലാ ജനങ്ങളും പ്രത്യേകിച്ച് യുവ ജനങ്ങള്‍ ജനാധിപത്യത്തെക്കുറിച്ചും അതിന്‍റെ അന്ത: സത്തയായ ഭരണഘടനയുടെയും സാമൂഹ്യ ജീവിതത്തിന്‍റെയും മൂല്യങ്ങള്‍ ഉള്‍കൊണ്ട് കൊണ്ട് ശക്തരാവുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷ ജനങ്ങളും ഈ മൂല്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതുകൊണ്ട് തന്നെ പലരും അധികാര മേലാളന്‍മാരുടെയും മറ്റു ബാഹ്യശക്തികളുടെയും കൈയിലെ ചട്ടുകങ്ങളായി തീരുന്നു. അവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു. ഇവിടെ നിയമം നടപ്പിലാക്കുന്നവരേക്കാള്‍ കൂടുതലായ് നിയമങ്ങളെക്കുറിച്ച്, തങ്ങളുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് യുവജനങ്ങള്‍ ബോധവന്മാര്‍ ആകുമ്പോള്‍ മാത്രമേ അവര്‍ ശക്തരാകുകയുള്ളൂ.

വിദേശ വാഴ്ചയും രാജവാഴ്ചയും ഉണ്ടായിരുന്ന കാലത്ത് നമുക്ക് അവരെ അറിയാമായിരുന്നു. എന്നാല്‍ ഭരണഘടനയാല്‍ നയിക്കപ്പെടുന്ന (Rule of Law) ഇന്ന് അതിന്‍റെ ശക്തിയെക്കുറിച്ച് അറിയാത്തവരാണ് പലരും. ലോകത്തിലെ ഒരുപാട് രാജ്യങ്ങളുടെ നിയമ വ്യവസ്ഥയില്‍ നിന്ന് കടം കൊണ്ട് അവയെ ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് മാറ്റിയപ്പോള്‍ ഉണ്ടായ ഭരണഘടനയുടെ വലുപ്പം ഈ അറിവില്ലായ്മക്ക് ഒരു കാരണമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലേയും ഭരണഘടനകളില്‍ വളരെക്കുറച്ച് അനുഛേദങ്ങളിലൂടെ അവരുടെ നിയമങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും ബൃഹത്തായ നമ്മുടെ നിയമങ്ങളെ ഉള്‍കൊളളുവാന്‍ പലരും ശ്രമിക്കാതെയിരിക്കുന്നു. ഇതാണ് നമ്മുടെ ബലഹീനത. അനുഛേദം 12 മുതല്‍ 35 വരെ പറയുന്ന നമ്മുടെ
മൗലിക അവകാശങ്ങളെക്കുറിച്ചോ, അനുഛേദം 51 A പറയുന്ന നമ്മളുടെ 11 മൗലികമായ ചുമതലകളെക്കുറിച്ചോ വ്യക്തമായും മനസ്സിലാക്കിയിട്ടുള്ളവര്‍ നമ്മളില്‍ എത്രപേര്‍ ഉണ്ട്. മൗലിക ചുമതലകളില്‍ ഒന്നായ സ്ത്രീകളെ ബഹുമാനിക്കണം എന്നതിന്‍റെ മൂല്യത്തെക്കുറിച്ച് അറിയാമായിരുന്നെങ്കില്‍ ഇവിടെ ഇത്രയധികം സ്ത്രീപീഢനങ്ങള്‍ ഉണ്ടാകുമായിരുന്നോ!!! ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ ഒത്തു കൂടുകയും, തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും അത് പരിഹരിക്കുന്നതിനായി നിയമമുണ്ടാക്കുകയുമാണല്ലോ. 130 കോടി ജനങ്ങള്‍ ഒത്തുകൂടി ചര്‍ച്ച ചെയ്യുക എന്നത് അസംഭവ്യമായതു കൊണ്ടാണ് ഇവിടെ പ്രാതിനിത്യ ജനാധിപത്യത്തിലൂടെ പാർലിമെന്റ് എന്ന പ്രസ്ഥാനമുള്ളത് . അത്കൊണ്ട് തന്നെ ജനങ്ങളും പാർലമെന്റും ഒന്നു തന്നെയല്ലേ. അപ്പോള്‍ പിന്നെ എത്രത്തോളം അമൂല്യമാണ് തങ്ങളുടെ വോട്ട് അവകാശം എന്ന ജനങ്ങള്‍ തിരിച്ചറിയേണ്ടതല്ലേ. പ്രത്യേകിച്ചും യുവജനങ്ങള്‍. കാരണം അവരുടെ കൈയ്യില്‍ ആണല്ലോ നമ്മുടെ ഭാവിയുള്ളത്.

പൗരത്വ നിയമം ഭരണഘടനയിലൂടെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇവിടെ ബാഹ്യശക്തികളുടെ ഇടപെടലുകളിലൂടെ ഇവിടെ വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കപെടുമായിരുന്നോ. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുവാന്‍ ഒരു വിഭാഗത്തിന് കഴിയുകയില്ലെന്ന് പരമോന്നത നീതിപീഠം തന്നെ 1973ലെ Kesavananda Bharathi Vs/ Govt. of Kerala എന്ന കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ പാർലിമെന്റ് ഭരണഘടന വിരുദ്ധമായി എന്തെങ്കിലും നിയമ നിര്‍മ്മാണം നടത്തിയാല്‍ അത് പരമോന്നത നീതി പീഠത്തിന്‍റെ ജുഡീഷ്യൽ റിവ്യൂന് ( ആർട്ടിക്കിൾ 13) വരുകയും അത് റദ്ദ് ചെയ്യപ്പെടുകയും ചെയ്യുമല്ലോ എന്നിട്ടും എന്ത് കൊണ്ടാണ് ഇവിടെ പ്രക്ഷോപങ്ങള്‍ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞത തന്നെയാണ് ഇവിടെയും കാരണം.

സമൂഹത്തിലേയും, വിദ്യാഭ്യാസത്തിലെയും മൂല്യച്യുതിയെയും കുറിച്ച് എല്ലാവരും വിലപിക്കുന്നു. സ്കൂള്‍ കോളേജ് കുട്ടികളില്‍ ലഹരി മരുന്നുകളുടെ ആധിക്യത്തെക്കുറിച്ച് അധികാരികളും, രക്ഷിതാക്കളും, അദ്ധ്യാപകരും പൊതുസമൂഹവും വിലപിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ എന്ന് എപ്പോഴെങ്കിലും ഇവര്‍ ചിന്തിച്ചിട്ടുണ്ടോ. സാമൂഹിക ജീവിതത്തിന്‍റെ മൂല്യങ്ങളെക്കുറിച്ച് യുവജനങ്ങളിലുള്ള അത്യനതയാണ് ഇതിനു കാരണം. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഇീൗിലെഹശിഴ ഇപ്പോള്‍ ഉള്ള സമീപനങ്ങള്‍ തികച്ചും അപ്രായോഗികമാണ്. ഇവിടെ അവര്‍ക്ക് കൊടുക്കേണ്ടത് സമൂഹത്തില്‍ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള അറിവാണ്. അത് തന്നെയാണ് പശ്ചാത്യന്മാര്‍ പറയുന്ന എത്തിക്സ് .

അമേരിക്ക യിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ഉള്ള വിദ്യാഭ്യാസത്തില്‍ ഹൈ സ്കൂൾ തലം തൊട്ട് തന്നെ എത്തിക്സ് ഒരു നിര്‍ബന്ധിത പഠന വിഷയമാണ്. 1922ല്‍ ബ്രിട്ടീഷ്കാര്‍ ഇവിടെ സിവില്‍ സര്‍വ്വീസ് പരീക്ഷ ആരംഭിച്ചപ്പോള്‍ വളരെക്കുറിച്ച് വിഷയങ്ങള്‍ മാത്രമേ പഠിക്കുവാന്‍ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒന്ന് എത്തിക്സ് ആയിരുന്നു. എന്നാല്‍ പിന്നീട് നമ്മുടെ ഭരണാധികാരികള്‍ അത് ഒഴിവാക്കി. പക്ഷേ അതിന്‍റെ ദോഷം ഉന്നതങ്ങളിലെ അഴിമതികളിലൂടെ മനസ്സിലാക്കിയ UPSE 2013ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് എത്തിക്സ് ഒരു പ്രധാനപ്പെട്ട വിഷയമാക്കി മാറ്റി. ഓര്‍ക്കുക ഒരു ഇന്ത്യന്‍ പൗരന് വിദ്യാഭ്യാസത്തിലൂടെ എത്തുവാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നാണ് സിവില്‍ സര്‍വ്വീസ്. എന്നിട്ടും എന്താണ് ഇപ്പോഴും തങ്ങളുടെ മക്കളെക്കുറിച്ച് വിലപിക്കുന്ന രക്ഷിതാക്കളും അധികാരികളും പൊതുസമൂഹവും ഈ വിഷയം വിദ്യാലയങ്ങളില്‍ ഒരു നിര്‍ബന്ധിത പഠന വിഷയമാക്കണമെന്ന് ആവശ്യപ്പെടാത്തത്. സമൂഹിക ജീവിതത്തിന്‍റെ മൂല്യങ്ങളെക്കുറിച്ച് യുവജനങ്ങള്‍ അറിയേണ്ട എന്നാണോ. യുവജനങ്ങളെങ്കിലും ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുവേണ്ടി പരിശ്രമിക്കേണ്ടതുണ്ട്. വിവേകാനന്ദ ജയന്തി ആഘോഷിക്കുന്ന ഈ വേളയില്‍ നമുക്ക് അതിനായ് പ്രതിജ്ഞയെടുക്കാം.

ലേഖകൻ മഹേഷ് എം.ബി., ഡയറക്ടർ വിവേകാനന്ദ IAS അക്കാദമി , ഇരിങ്ങാലക്കുട, (P) 6238605470
Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top