പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കൽ : ഇരിങ്ങാലക്കുട നഗരസഭയിൽ പരിശോധനകൾ വരും ദിവസങ്ങളിൽ ശക്തമാക്കും

ഇരിങ്ങാലക്കുട : സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്ന് ഇരിങ്ങാലക്കുട നഗരസഭയിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കാൻ വ്യാപാരികൾക്കും വഴിയോര കച്ചവടക്കാർക്കും നഗരസഭ ആരോഗ്യ വിഭാഗം നിർദേശം നൽകി. പരിശോധനകൾ വരും ദിവസങ്ങളിൽ ശക്തമാക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽ ബഷീറിന്‍റെ  അദ്ധ്യക്ഷതയിൽ ചേർന്ന വ്യാപാരി വ്യവസായി സംഘടനകളുടെയും വഴിയോര കച്ചവടക്കാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനങ്ങൾ . നഗരസഭ സെക്രട്ടറി കെ എസ് അരുൺ, ഹെൽത്ത് സൂപ്രവൈസർ ആർ സജീവ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ജി അനിൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

തുടർന്ന് ഓരോ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ സംബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നൽകിയ നിർദേശങ്ങൾ ഉദ്യോഗസ്ഥർ വിശദികരിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് പകരം തുണി, പേപ്പർ ബാഗുകൾ ഉപയോഗിക്കണം. ഭക്ഷണം വിളമ്പുമ്പോൾ മേശയിലും പാത്രത്തിലുമുള്ള ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വിരിക്ക് പകരം പേപ്പർ വിരി ഉപയോഗിക്കണം. കനം കുറഞ്ഞ സ്റ്റിറോഫോം ഉപയോഗിച്ചുള്ള കപ്പുകൾ, തെർമോകോൾ പ്ലേറ്റുകൾ എന്നിവയ്ക്ക് ബദലായി ഗ്ലാസ്, സെറാമിക്, സ്റ്റീൽ കപ്പുകൾ, പാത്രങ്ങൾ, പേപ്പർ, ജൈവ രീതിയിലുള്ള ( ചെടികൾ) അലങ്കാരങ്ങൾ എന്നിവ ഉപയോഗിക്കണം. പ്ലാസ്റ്റിക് നിർമ്മിത ഒറ്റത്തവണ ഉപയോഗ കപ്പുകൾ, പാത്രങ്ങൾ, സ്പൂൺ, ഫോർക്ക്, സ്ട്രാ, സ്റ്റിറർ എന്നിവയ്ക്ക് പകരം ഗ്ലാസ്, സെറാമിക്, സ്റ്റീൽ, തടിക്കപ്പുകൾ, സ്ട്രാ, സ്പൂൺ എന്നിവ ഉപയോഗിക്കണം. നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടി, തോരണങ്ങൾക്ക് പകരം തുണി, പേപ്പർ കൊടിതോരണങ്ങൾ ഉപയോഗിക്കണം.

പഴങ്ങളും പച്ചക്കറികളും പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾക്ക് പകരം പേപ്പർ, തുണി ബാഗുകൾ ഉപയോഗിക്കണം. പ്ലാസ്റ്റിക് കോട്ടോടു കൂടിയ പേപ്പർ കപ്പുകൾ, പാത്രങ്ങൾ, ബൗളുകൾ, ബാഗുകൾ എന്നിവയ്ക്ക് പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റോടു കൂടിയ പി. എൽ. എ. കോട്ടിംഗുള്ള പേപ്പർ കപ്പുകൾ ഉപയോഗിക്കാം. ആശുപത്രികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾക്ക് പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റുള്ള കംപോസ്റ്റബിൾ ഗാർബേജ് ബാഗുകൾ ഉപയോഗിക്കണം. കംപോസ്റ്റബിൾ പ്ലാസ്റ്റിക്കുകളെ സംബന്ധിച്ചും കൃത്യമായ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. കംപോസ്റ്റബിൾ പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടിയിരിക്കണം. നിർമ്മാണം, വില്പന, സ്റ്റോക്കിംഗ്, വിപണനം എന്നീ ഘട്ടങ്ങളിലെല്ലാം ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് സാധുവായിരിക്കണം.

ഉല്പന്നത്തിൽ നിർമ്മാണ കമ്പനിയുടെ പേര്, വിപണന ഏജൻസി, അസംസ്‌കൃത വസ്തുക്കൾ, നിർമ്മാണത്തീയതി, ബാച്ച് നമ്പർ, ലൈസൻസ് നമ്പർ കാലാവധി എന്നീ വിവരങ്ങളടങ്ങിയ സിപിസിബി യുടെ അനുമതി ക്യൂ. ആർ കോഡിൽ രേഖപ്പെടുത്തിയിരിക്കണം. സമ്പൂർണ കംപോസ്റ്റബിൾ ഉല്പന്നമാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കണം. ഉല്പന്നം ഡൈക്ലോറോമീഥെയ്നിൽ ( മെഥിലീൻ ഡൈക്ലോറൈഡ്്) ലയിക്കുന്നതായിരിക്കണം. ഇത് കവറിനു മുകളിൽ രേഖപ്പെടുത്തുകയും വേണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top