വിദ്യാർഥികൾക്ക് നൽകേണ്ട ഏറ്റവും മൂല്യമുള്ള സമ്മാനം നല്ല പുസ്തകങ്ങൾ – ബാലകൃഷ്ണൻ അഞ്ചത്ത്

വള്ളിവട്ടം : വിദ്യാർഥികൾ സമൂഹത്തിലെ ഏറ്റവും നല്ലത് സ്വീകരിക്കേണ്ടവരും കൊടുക്കപ്പെടേണ്ടവരുമാണെന്നും അവർക്ക് കൊടുക്കേണ്ട ഏറ്റവും മൂല്യമുള്ള സമ്മാനം നല്ല പുസ്തകമാണെന്നും സാഹിത്യകാരനും മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ബാലകൃഷ്ണൻ അഞ്ചത്ത്‌ അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന് കീഴിൽ നടക്കുന്ന മഴവിൽ പുസ്തക സഞ്ചാരം വളളിവട്ടം ഉമരിയ്യ സ്കൂളിൽ എത്തിയപ്പോൾ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനയുടെ മാരിവില്ല് എന്ന തലവാചകത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ് എഫിന്റെ പ്രസിദ്ധികരണ വിഭാഗമായ ഐ.പി.ബി ബുക്‌സാണ് പുസ്തക സഞ്ചാരം നടത്തുന്നത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരെ പ്രധാനമായും ലക്ഷ്യമാക്കിയാണ് സഞ്ചാരം സംഘടിപ്പിക്കുന്നത്. വായന മരിക്കുന്നു എന്ന മുറവിളിക്കു മുമ്പില്‍ പുതിയ കാല്‍വെപ്പാണ് കേരളത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ ക്ലബ് ഏറ്റെടുത്തിരിക്കുന്നത്. പുസ്തക സഞ്ചാരത്തിന്റെ ഭാഗമായി 2 ലക്ഷം വിദ്യാര്‍ഥികളിലേക്ക് വായനയുടെ മഹത്വത്തെ ബോധ്യപ്പെടുത്തുന്നതാണ്. ഇരുപത് പ്രസിദ്ധീകരണ വിഭാഗങ്ങളുടെ കാല്‍ ലക്ഷം പുസ്തകങ്ങളാണ് സഞ്ചാരത്തിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 സ്‌കൂളുകളില്‍ സഞ്ചാരത്തിന് സ്വീകരണം നല്‍കുന്നതാണ്. 50 നഗരങ്ങളില്‍ പുസ്തക പ്രകാശനവും വില്‍പനയും ക്രമീകരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പുസ്തക സഞ്ചാരത്തിന്റെ ഭാഗമായി പുസ്ത ചര്‍ച്ച, കവിയരങ്ങ്, ക്വിസ് മത്സരം, കഥ-കവിത-ഉപന്യാസ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

രണ്ട് ദിവസം നീണ്ടു നിന്ന പുസ്തക സഞ്ചാരത്തിൽ ഉമരിയ്യ സ്ഥാപനങ്ങളുടെ മാനേജർ പി എം എസ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി മാസ്റ്റർ, അധ്യാപകരായ സൈനുദ്ദീൻ , സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ നൗഫൽ സഖാഫി സ്വാഗതവും, ഐ പി ബി പ്രതിനിധി മൻസൂർ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top