അയ്യങ്കാവ് മൈതാനം നശിപ്പിച്ചിട്ടില്ലെന്ന് ഓണക്കളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

ഇരിങ്ങാലക്കുട : ഓണക്കളി മഹോത്സവത്തിന് ശേഷം അയ്യങ്കാവ് മൈതാനി ഉപയോഗശൂന്യമാക്കിയെന്നും നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഓണക്കളി കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്നേ ദിവസം പെയ്ത മഴയിലാണ് മൈതാനം ചെളിക്കുഴിയായത്. കാലാവസ്ഥ പ്രതികൂലമാകുകയും പതിനായിരങ്ങള്‍ മൈതാനത്തേയ്ക്ക് ഒഴുകിയെത്തുകയുമായിരുന്നു.

മൈതാനത്തിന് ചുറ്റുമുള്ള റോഡ് ഗതാഗത കുരുക്കിലായതിനെ തുടര്‍ന്നാണ് ഗ്രൗണ്ടിലേയ്ക്ക് വാഹനങ്ങള്‍ കയറ്റി നിറുത്തിയത്. ഒരാഴ്ച മുമ്പ് നടന്ന ഹാഫ് മാരത്തോണ്‍ മത്സരവേളയിലും മൈതാനത്തേക്ക് കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നത്. അന്നൊന്നും പ്രശ്‌നമുണ്ടാക്കാത്തവര്‍ ഗ്രൗണ്ട് നശിപ്പിച്ചത് ഓണക്കളി നടത്തിയതുകൊണ്ടാണെന്ന് പറയുന്നത് ശരിയല്ല. നഗരസഭയ്‌ക്കെന്ന വ്യാജേനെ ഓണക്കളി കലാകാരന്മാര്‍ക്കെതിരെ നടത്തുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സെക്രട്ടറി സുരേന്ദ്രന്‍ കണ്ണൂക്കാടന്‍, പ്രസിഡന്റ് ബാബു നിസരി, വിനോജ് സി.സി, ദിലീഷ് കെ.എ, അനൂപ് സി.എ, രാധാകൃഷ്ണന്‍ പി.സി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top