സാഗരമായി വിശ്വാസ പരിശീലകര്‍ : ക്രേദോ – 2019 വ്യത്യസ്തമായി


കല്ലേറ്റുംകര :
ഇരിങ്ങാലക്കുട രൂപതയിലെ 137 ഇടവകകളില്‍ നിന്നുള്ള 4000 ത്തില്‍ പരം വിശ്വാസ പരിശീലകര്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സംഗമിച്ചപ്പോള്‍ ‘ക്രേദോ – 2019’ വ്യത്യസ്ത അനുഭവമായി. ദൈവവിളി പ്രോത്സാഹന വര്‍ഷത്തില്‍ ഗുരുദര്‍ശനം ജീവിതവിളികളില്‍ എന്ന ആപ്തവാക്യവുമായി നടന്ന സംഗമം സംഘാടക മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ നേടി. ഇരിങ്ങാലക്കുട രൂപത മതബോധന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് സംഗമമാണ് ‘ക്രേദോ – 2019’. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി, സീറോ മലബാര്‍ മതബോധന കമീഷന്‍ സെക്രട്ടറി റവ. ഫാ. തോമസ് മേല്‍വെട്ടത്ത്, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവീസ് ചെങ്ങിനിയാടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വെള്ളാനി സെന്‍റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച രംഗപൂജയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് മതബോധന ഡയറക്ടര്‍ റവ. ഫാ. ടോം മാളിയേക്കല്‍ സ്വാഗതം പറഞ്ഞു. അഖില കേരള ലോഗോസ് പ്രതിഭ ഇരിങ്ങാലക്കുട രൂപതയിലെ ആളൂര്‍ ഇടവകയില്‍ നിന്നുള്ള മെറ്റില്‍ഡ ജോണ്‍സനെ സംഗമത്തില്‍ ആദരിച്ചു. കല്‍പ്പറമ്പ് ഫൊറോന ഡയറക്ടറും പരിപാടികളുടെ കോ-ഓര്‍ഡിനേറ്ററുമായ റവ. ഫാ. ജോസ് റാഫി അമ്പൂക്കന്‍, മതബോധന അസിസ്റ്റന്‍റ് ഡയറക്ടറും കണ്‍വീനറുമായ റവ. ഫാ. ജിജോ മേനോത്ത് എന്നിവര്‍ പ്രസംഗിച്ചു. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനും പ്രശസ്ത സൈബര്‍ സെല്‍ വിദഗ്ധനും പ്രാസംഗികനുമായ അഡ്വ. ജിജില്‍ ജോസഫ് കിഴക്കരക്കാട്ട് ക്ലാസ് നയിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ ബലിയും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top