ധാർഷ്ട്യത്തോടെ ഹോട്ടലുകൾ മാലിന്യമൊഴുക്ക് തുടരുന്നു, ഗതികെട്ട കൗൺസിലർ വാർഡ് അതിർത്തിയിൽ നഗരസഭ കാന സിമന്റിട്ടടച്ചു


ഇരിങ്ങാലക്കുട :
തന്‍റെ വാർഡിലുൾപ്പെടുന്ന പേഷ്കാർ റോഡിലേക്ക് നഗര മാലിന്യങ്ങൾ വന്നടിയുന്നത് തടയാൻ ഒടുവിൽ വാർഡ് കൗൺസിലർ അമ്പിളി ജയൻ നഗരസഭ പൊതുകാന സിമന്റും ഇഷ്ടികയും വച്ചു അടച്ചു. വർഷങ്ങളായി നഗരസഭയിൽ പരാതി നൽകിയിട്ടും ഇപ്പോഴും ധാർഷ്ട്യത്തോടെ നഗരത്തിലെ ഹോട്ടലുകൾ മാലിന്യമൊഴുക്ക് തുടരുന്നതിൽ സഹികെട്ട വാർഡ് നിവാസികൾ കൗൺസിലറുടെ പ്രവർത്തിക്കു പിന്തുണയും പ്രഖ്യാപിച്ചു. കാന അടച്ചതിനെത്തുടർന്ന് തനിക്കെതിരെ ഉണ്ടാകുന്ന ഏതു നടപടികളും നേരിടാൻ തയാറാണെന്ന് കൗൺസിലറും പറഞ്ഞു.

ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന നഗരസഭയുടെ മഴവെള്ളം മാത്രം ഒഴുകിപ്പോകാൻ നിർമിച്ച കനകളിലൂടെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും കക്കൂസ് മാലിന്യം ഉൾപ്പടെ നിർബാധം വർഷങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്നു. നഗരസഭ ഇടക്ക് ചെറിയ പിഴകൾ മാത്രം ചുമത്തുന്നത് കൊണ്ടാണ് ഈ നിയമലംഘനങ്ങൾ തുടർന്ന് പോരുന്നത്. പക്ഷെ ഇതിന്റെയെല്ലാം തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് രാമഞ്ചിറ തോട് ഒഴുക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളാണ്. രാമഞ്ചിറ മാല്യന്യ വിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ ഇവർ കോടതിയെ സമീപിക്കുകയും , മാലിന്യങ്ങൾ ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കാനുള്ള അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പോലും ഇരിങ്ങാലക്കുട നഗരസഭ ചെറിയ പിഴകൾ മാത്രമാണ് ഇപ്പോഴും കൊടുക്കുന്നത്.

അധികൃതരുടെ ഇത്തരം പ്രവർത്തികളിൽ മനംമടുത്താണ് തന്‍റെ വാർഡിലേക്ക് ഇനിമുതൽ മാലിന്യം ഒഴുകാതിരിക്കാൻ അതിർത്തിയിൽ കാന അടച്ചതെന്ന് ഇരിങ്ങാലക്കുട നഗരസഭ 26 -ാം വാർഡ് കൗൺസിലർ അമ്പിളി ജയൻ പറഞ്ഞു . രാത്രിയും പുലർച്ചെയുമാണ് ഹോട്ടലുകൾ മാലിന്യം ഒഴുക്കിവിടുന്നതെന്നും, നഗരസഭ രാത്രികാല പരിശോധനകൾ നടത്തിയാൽ മാത്രമേ ഇത് തടയാനാകു എന്നും രാമഞ്ചിറ മാല്യന്യ വിരുദ്ധ സമതി സെക്രട്ടറി ഈ കെ കേശവനും പ്രതികരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top