തിങ്കളാഴ്ച മുതല്‍ മുകുന്ദപുരം താലൂക്കിലെ തഹസില്‍ദാര്‍മാരുടെ എണ്ണം നാലായി ഉയരും


ഇരിങ്ങാലക്കുട :
തിങ്കളാഴ്ച മുതൽ പ്രവര്‍ത്തനമാരംഭിക്കുന്ന ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് മേധാവിയായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ചുമതലയേല്‍ക്കുന്നതോടെ മുകുന്ദപുരം താലൂക്കിലെ തഹസില്‍ദാര്‍മാരുടെ എണ്ണം നാലായി ഉയരും. നിലവിലെ താലൂക്ക് തഹസില്‍ദാര്‍, തഹസില്‍ദാര്‍ (ഭൂരേഖാ) എന്നിവര്‍ക്കുപുറമേ ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നതും തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ വര്‍ഷമാണ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകള്‍ പ്രവര്‍ത്തനപരിധിയാക്കി ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ രൂപീകരിച്ച് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പുതിയതായി ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പ്രവര്‍ത്തനപരിധിയില്‍ മുകുന്ദപുരം താലൂക്ക് ഉള്‍പ്പെടാതെ പോയത് അപാകതയായി. കഴിഞ്ഞ ജനുവരി മാസം ഓഫീസ് രൂപീകരിച്ച് റവന്യൂവകുപ്പിന്റെ വിജ്ഞാപനം വന്നതുമുതല്‍ അപാകത വകുപ്പ് മേധാവികളുടെയും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.തിരുവനന്തപുരം ആസ്ഥാനമായുള്ള ലാന്‍ഡ് ബോര്‍ഡിനുകീഴിലാണ് സംസ്ഥാനത്തെ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

തൃശ്ശൂര്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ നിലവില്‍ 2012 വര്‍ഷം മുതല്‍ക്കുള്ള 23354 അപേക്ഷകളാണ് പട്ടയനടപടികള്‍ കാത്തുകഴിയുന്നത്.ഇതില്‍ ചാലക്കുടി താലൂക്കില്‍ നിന്നുള്ള 2197 അപേക്ഷകളും കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നിന്നുള്ള 1229 അപേക്ഷകളും മുകുന്ദപുരം താലൂക്കില്‍ നിന്നുള്ള 1995 പേക്ഷകളുമാണുള്ളത്. ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നിന്നുള്ള അപേക്ഷകള്‍ ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണലിലേക്ക് കൈമാറും. ഈ അപേക്ഷകളിലെ ഹിയറിംങ് ഉള്‍പ്പടെ തുടര്‍നടപടികള്‍ ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണലില്‍ നിന്നാകും. അതേ സമയം മുകുന്ദപുരം താലൂക്കിലെ അപേക്ഷകര്‍ തൃശ്ശൂര്‍ ലാന്‍ഡ് ട്രിബ്യൂണലിനെ തന്നെ ആശ്രയിക്കേണ്ടതായി വരും. മുകുന്ദപുരം താലൂക്കിനെ ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണലിനു കീഴില്‍ ഉള്‍പ്പെടുത്തുന്നതുവരെ മുകുന്ദപുരത്തെ 1995 അപേക്ഷകര്‍ക്ക് തൃശ്ശൂര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആഴ്ച്ചയിലൊരു ദിവസം ഇരിങ്ങാലക്കുട ഓഫീസില്‍ പ്രത്യേക സിറ്റിംങ് നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മുകുന്ദപുരത്തെ പുതിയ അപേക്ഷകള്‍ ഇരിങ്ങാലക്കുടയില്‍ സ്വീകരിക്കാന്‍ കഴിയാത്തത് പുതിയ അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. തൃശ്ശൂര്‍ ട്രിബ്യൂണലില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ പ്രത്യേക സിറ്റിംങ് നടത്തുന്ന ദിവസം മുകുന്ദപുരം താലൂക്കിലെ അപേക്ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കാന്‍ കൂടി സംവിധാനമൊരുക്കണ മെന്നാവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കൂടാതെ അനുവദിക്കപ്പെട്ട 12 തസ്തികകളില്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വരെയുള്ള 4 തസ്തികകളില്‍ മാത്രമാണ് ജീവനക്കാരെ അനുവദിച്ചിട്ടുള്ളത്. ക്ലറിക്കല്‍,ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാരെ അനുവദിച്ചിട്ടില്ല. മറ്റ് റവന്യു ഓഫീസുകളില്‍ നിന്നും ജീവനക്കാര്‍ക്ക് വര്‍ക്ക് അറേഞ്ച്‌മെന്റ് നിയമനം നല്‍കിയാണ് നിലവില്‍ ഓഫീസ്‌ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായിട്ടുള്ളത്. അനുവദിക്കപ്പെട്ട മുഴുവന്‍ തസ്തികകളിലും ജീവനക്കാരെ നിയമിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാകളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

ഇരിങ്ങാലക്കുടയില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വ്യക്തിജന്മികള്‍ക്ക് പാട്ടവകാശമുള്ള ഭൂമികളിന്മേല്‍ ജന്മാവകാശം സ്ഥാപിച്ച് പട്ടയം നല്‍കുന്ന നടപടികള്‍ വേഗത്തിലാകും.നിലവില്‍ അപേക്ഷനല്‍കി ഏഴുവര്‍ഷത്തോളം കാത്തിരുന്നശേഷമാണ് ഹിയറിംങ് നടപടികള്‍ തൃശ്ശൂരിലെ ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും ആരംഭിച്ചിരുന്നത്. നിയമപ്രകാരമുള്ള ഹിയറിംങ് നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയം നല്‍കുന്നതിന് വീണ്ടും ഒരുവര്‍ഷത്തോളം കാലതാമസമുണ്ടാകാറുണ്ട്. അപേക്ഷകള്‍ ഇന്ന് കുന്ദംകുളത്തും ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തനമാരംഭിക്കുന്ന ഓഫീസുകളിലേക്ക് വിഭജിച്ച് നല്‍കുന്നതോടെ പട്ടയനടപടികള്‍ക്ക വേഗത കൈവരുമെന്നും രണ്ട് വര്‍ഷത്തിനകം പട്ടയം ലഭിക്കാവുന്ന സ്ഥിതിയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. അതേസമയം ദേവസ്വം ജന്മിയായി വരുന്ന പാട്ടം ഭൂമികളുടെ ജന്മാവകാശം പതിച്ച് പട്ടയം നല്‍കുന്നത് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് ട്രിബ്യൂണലില്‍ നിന്നുമായതിനാല്‍ ഇത്തരം അപേക്ഷകള്‍ കളക്ടറേറ്റില്‍ തന്നെ നല്‍കണമെന്ന നടപടികളില്‍ മാറ്റം വന്നിട്ടില്ലാത്തതാണ്. ഇത്തരം അപേക്ഷകള്‍ ഇരിങ്ങാലക്കുടയില്‍ സ്വീകരിക്കപ്പെടണമെങ്കില്‍ ഇരിങ്ങാലക്കുട യിലെ നിലവിലെ ഡെപ്യൂട്ടികളക്ടറായ ആര്‍ ഡി ഒ വിന് ഭൂപരിഷ്‌ക്കരണ ഡെപ്യൂട്ടി കളക്ടറുടെ കൂടി ചുമതലനല്‍കി ആവശ്യമായ തസ്തികകള്‍ ആര്‍ ഡി ഒ ഓഫീസില്‍ അനുവദിക്കേണ്ടതായി വരും. മുകുന്ദപുരം താലൂക്കിനെ നിലവിലെ ഇരിങ്ങാലക്കുടയിലെ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്താത്ത അപാകത കൂടി പരിഹരിക്കപ്പെടുന്നതോടു കൂടി മാത്രമേ പട്ടയനടപടികള്‍ മുഴുവനായും ഇരിങ്ങാലക്കുടയില്‍ തന്നെ നിര്‍വ്വഹിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുകയുള്ളൂവെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top