നഗരസഭയിൽ ആർക്കും തോടുകൾ കൈയേറാം, സ്ലാബിട്ട് സ്വന്തം ഭൂമിയോടു ചേർക്കാം, ‘വേണ്ട പോലെ’ കണ്ടാൽ അനുമതിയും ലഭ്യം


ഇരിങ്ങാലക്കുട :
നഗരഹൃദയത്തിലെ ഭൂമിയുടെ വിസ്‌തൃതി കൂട്ടാൻ അതിർത്തിയിലൂടെ കടന്നു പോകുന്ന രാമൻചിറ തോട്ടിൽ പില്ലറുകളും ബീമും സ്ഥാപിച്ച് മുകളിൽ സ്ലാബിട്ട് കോടികൾ വിലമതിക്കുന്ന ഏകദേശം 3 സെന്‍റ്  സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയിട്ടും നഗരസഭ ഇതിനായി നിയമങ്ങൾ കാറ്റിൽപറത്തി ഒത്താശ ചെയ്യുന്നു. റോഡരികിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനും സുഗമമായ ഒഴുക്കിനു തടസം സൃഷ്ട്ടിക്കുന്ന കാനകൾക്ക് സമീപമുള്ള അനധികൃത നിർമ്മിതികൾ തകർക്കാനും തൃശൂർ കളക്ടർ അധികൃതർക്ക് നൽകിയ നിർദേശം നിലനിൽക്കവെയാണ്, ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാർഡിലെ ചെട്ടിപ്പറമ്പ് വൺവേ റോഡിനോട് ചേർന്ന് പോകുന്ന രാമഞ്ചിറ തോടിലെ ഈ പ്രവർത്തി കൈയേറ്റമാണെന്ന് മനവലശേരി വില്ലജ് അധികൃതർ കണ്ടെത്തിയ ഈ നിർമാണ പ്രവർത്തിക്ക്, 500 രൂപയുടെ മുദ്രപത്രത്തിൽ ഒരു കരാറെഴുതി സ്വകാര്യ വ്യക്തിക്ക് നിർമാണം പൂർത്തിയാക്കാൻ ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി അനുവാദം കൊടുത്തത്.

പെയ്യുന്ന വെള്ളം ഒഴുകി പോവാനുള്ള കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് അറിഞ്ഞിട്ടും, പട്ടണത്തിലെ മഴവെള്ളം ഒഴുകിപ്പോകാൻ കിഴക്ക് ഠാണാവില്‍നിന്നും ആരംഭിച്ച് പടിഞ്ഞാറ് ഷൺമുഖം കനാലിൽ ചെന്ന് ചേരുന്ന രാമഞ്ചിറ തോടിനുള്ളിൽ തലങ്ങും വിലങ്ങും പില്ലറുകൾ നിർമിച്ചു ഒഴുക്ക് പോലും തടസ്സപ്പെടുത്തുന്ന നിർമ്മിതിക്ക് ഒരു ‘കരാറിന്‍റെ’ ബലത്തിൽ അനുമതി കൊടുത്തത്. ജല ഒഴുക്കിനു തടസ്സമില്ലാത്ത രീതിയിലാകണം നിർമ്മാണം എന്നതുതന്നെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇതിനു പുറമെ നിർമിക്കുന്ന സ്ലാബിനു മുകൾഭാഗം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുമുണ്ട്. എന്നാൽ ഈ നിർമ്മാണം കാണുന്ന ഏതു വക്തിക്കും മനസിലാക്കുന്ന ഒരു കാര്യമുണ്ട്, കാനായിലെ ദുർഗന്ധം അകറ്റാനാണെന്ന പേരിൽ നിർമിച്ച സ്ലാബുകളുടെ കനവും , പില്ലറുകളുടെ വലുപ്പവും കണ്ടാൽ മനസിലാകും ഇത് വാഹന പാർക്കിംഗ് അടക്കമുള്ള സംവിധാനങ്ങൾക്കായി മുൻകൂട്ടി കണ്ട് ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ചതാണെന്ന്. സ്വാധീനങ്ങൾ ചെലുത്തി ആദ്യം അനുവാദം വാങ്ങി എടുക്കുകയും, ശേഷം നിയമങ്ങളും വ്യവസ്ഥകളും കാറ്റിൽ പറത്തി തന്നിഷ്ടം പോലെ ഉപയോഗിച്ച് വരുന്ന രീതിയാണ് ഇപ്പോൾ പലയിടത്തും കണ്ടുവരുന്നത്. ഇവിടെയും ഇങ്ങിനെത്തന്നെയാകാനാണ് സാധ്യതകൾ.

ഇതുമൂലം രാമഞ്ചിറ തോടിൽ ഒഴുക്ക് നിൽക്കുകയും സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയേറുകയും ചെയ്യും. കൈയേറ്റക്കാരെ സഹായിക്കുന്ന രീതിയിൽ നഗരസഭാ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്ന് കാണിച്ചു പൊതുപ്രവർത്തകനായ ഷിയാസ് പാളയംകൊട്ട്, മുഖ്യ മന്ത്രിക്കും, വിജിലൻസിനു പരാതിയും നൽകിയിട്ടുണ്ട്. ഈ പ്രവർത്തിയിൽ മാസങ്ങൾക്ക് മുൻപ് കൈയേറ്റം പ്രഥമ ദൃഷ്ടിയിൽ ഉണ്ടെന്ന് കണ്ടെത്തിയതായി മാനവലശേരി വില്ലേജ് ഓഫീസർ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഇതിന്‍റെ ഭാഗമായി താലൂക്ക് ഓഫീസിലേക്ക് റിപ്പോർട്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർവ്വേ നടപടികൾ പൂർത്തിയായി വരുകയാണെന്നും, കൈയേറ്റം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ നഗരസഭയോട് ആവശ്യപ്പെടുമെന്നും മുകുന്ദപുരം താലൂക്ക് അധികൃതരും പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെ കാനകൾ മണ്ണടിഞ്ഞുമൂടിയത് അടിയന്തിരമായി വൃത്തിയാക്കാനും കളക്ടറുടെ നിർദേശമുണ്ട്. തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിലായിരുന്നു കഴിഞ്ഞ മാസം കളക്ടറുടെ നിർദേശം.

മറ്റൊരു ഭീക്ഷണി നിലനിൽക്കുന്നത്, ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നും ഇത്തരം അനുവാദങ്ങൾ സ്വാധീനം ഉപയോഗിച്ച് വാങ്ങിച്ചെടുക്കാമെന്ന സന്ദേശം പൊതുജനങ്ങളിൽ എത്തുന്നതോടെ, കഴിവും സ്വാധീനവുമുള്ളവർ ഇത്തരം ‘കരാറുകളിലൂടെ’ തങ്ങളുടെ വസ്തുവിന് സമീപത്തുകൂടി പോകുന്ന പൊതുതോടുകളിൽ,  തൂണുകൾ നിർമിച്ചു മുകളിൽ സ്ലാബിട്ട് നികത്തി സ്വന്തം ഭൂമിയുടെ കൂടെ ചേർക്കാൻ ശ്രമിക്കും എന്നുള്ളതാണ്. മാസങ്ങൾക്ക് മുൻപ് ഈ കൈയേറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ രാഷ്ട്രീയ പാർട്ടികൾ സംഭവസ്ഥലത്ത് കൊടികുത്തുകയും നിർമാണ പ്രവർത്തികൾ നിറുത്തി വൈപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇവരെയാരെയും ഈ ഭാഗത്ത് കാണുന്നില്ല. ഇതരത്തിൽ എല്ലാം ‘സെറ്റിൽ’ ചെയ്യാൻ കഴിയുന്നു എന്നതുകൊണ്ടാണ് വീണ്ടും, വീണ്ടും ഇത്തരം നിയമലംഘനങ്ങൾ തുടർന്ന് വരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top