പിഴയൊന്നും ഞങ്ങൾക്ക് ബാധകമല്ല, പൊതു കാനകളിലേക്ക് തുടർച്ചയായി മലിനജലം ഒഴുക്കൽ പതിവാക്കുന്നത് സ്ഥിരം സ്ഥാപനങ്ങൾ


ഇരിങ്ങാലക്കുട :
പൊതുകാനകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നെന്ന പരാതിയെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിൽ പലതും കഴിഞ്ഞ തവണ ഇതേ കുറ്റത്തിന് പിഴചുമത്തിയ സ്ഥാപനങ്ങൾ തന്നെ. കൊളംബോ ഹോട്ടൽ, പ്രിയ ബേക്കറി, സുപ്രീം ബേക്കറി, കല്ലട ഫ്യൂവൽസ്, വുഡ്ലാൻഡ്സ് ഹോട്ടൽ എന്നി സ്ഥാപനങ്ങളിൽ നിന്നും കാനകളിലേക്ക് മലിനജലം ഒഴുകി വിട്ടിരുന്ന അനധികൃതമായി സ്ഥാപിച്ചിരുന്ന കുഴലുകൾ കഴിഞ്ഞ തവണ നഗരസഭാ സ്ളാബ് തുറന്ന് അടപ്പിച്ചിരുന്നു, എന്നാൽ ഇന്നത്തെ പരിശോധനയിൽ ഇവ വീണ്ടും തുറന്നിരിക്കുന്നതായി കണ്ടെത്തി.

നഗരസഭാ വാർഡ് 26 ലെ പേഷ്കാർ റോഡിലെ മഴവെള്ളം മാത്രം ഒഴുകാനായി നിർമ്മിച്ച കാനകളിലേക്ക് തുടർച്ചയായി മലിനജലം ഒഴുകിയെത്തി സമീപവാസികൾക്ക് ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായതിനെ തുടർന്ന് വാർഡ് കൗൺസിലർ അമ്പിളി ജയൻ നഗരസഭയിൽ നൽകിയ പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം വെള്ളിയാഴ്ച രാവിലെ പരിശോധന ആരംഭിക്കുകയായിരുന്നു. ദേശീയ ഹരിത ട്രിബുണലിന്‍റെ  ഉത്തരവ്വ് പ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ഉദോഗസ്ഥർ പറഞ്ഞു.ജെ.എച്ച്.ഐ മാരായ റിജേഷ്, സൂരജ്, രാകേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. എന്നാൽ ഇത്തരം തുടർച്ചയായി നിയമലംഘനം പതിവാക്കിയ സ്ഥാപനങ്ങള്ക് തുച്ഛമായ പിഴ ചുമത്താതെ, 294 /2012 കേസിലെ കോടതി യിലെ ഇൻജെക്ഷൻ വിധി പ്രകാരം കേസ്സെടുക്കണമെന്ന് രാമഞ്ചിറ സംരക്ഷണ സമതി പ്രവർത്തർ ആവശ്യപെടുന്നു.

2010 ൽ അന്നത്തെ കൗൺസിലർ സന്തോഷ് ബോബൻ രാമഞ്ചിറയിലെ മലിനജലം നഗരസഭാ കൌൺസിൽ ഹാളിൽ കൊണ്ടുവന്ന് ഈ വിഷയം നഗരസഭയിൽ അവതരിപ്പിച്ചിട്ട് ഇപ്പോൾ 10 വർഷം ആകാറായിട്ടും ഒരു ശാശ്വത പരിഹാരം നഗരസഭക്ക് കണ്ടെത്താനായിട്ടില്ല. അപൂർവം സ്ഥാപനങ്ങൾ മാത്രമേ അടച്ച പൈപ്പുകൾ തുറന്ന് വീണ്ടും മലിനജലം ഇതിലെ വിട്ടുകൊണ്ടിരിക്കുന്നുള്ളു, ഇത്തരം സ്ഥാപനങ്ങൾക്ക് നേരെ സ്വാധീനങ്ങൾ വകവെക്കാതെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചാൽ ഈ പ്രശ്നനങ്ങൾക്ക് പരിഹാരമാകും. ഈക്കാര്യം വ്യക്തമായി മനസ്സിലായിട്ടും നഗരസഭാ എന്തുകൊണ്ട് നടപടികൾക്ക് മുതിരുന്നില്ല എന്നതാണ് പൊതുജനത്തിന്‍റെ ചോദ്യം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top