ആളൂരിൽ വൃദ്ധ ദമ്പതികളെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവം, കൊച്ചുമകൻ പിടിയിൽ


കല്ലേറ്റുംകര :
ആളൂർ കല്ലേറ്റുംകര കുണ്ടൂപ്പാടം സ്വദേശികളായ വൃദ്ധ ദമ്പതികളെ കഴിഞ്ഞ മാസം രണ്ടാം തീയതി വൈകീട്ട്  മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് മൂന്നു സ്വർണ്ണവളകൾ തട്ടിയെടുത്ത സംഭവത്തിൽ ആക്രമിക്കപ്പെട്ട വൃദ്ധ ദമ്പതിമാരുടെ മകളുടെ മകനായ ഗോഡ്ഫിൽനെ (23) പോലീസ് പിടികൂടി. കോതമംഗലം പിണ്ടി മന സ്വദേശി കരിപ്പക്കാട്ടിൽ ബെന്നിയുടെ മകൻ ഗോഡ്ഫിൽ ആണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന പരാതിക്കാരൻ ഇരുപത് വർഷത്തോളമായി ആളൂരിലെ കുണ്ടൂപ്പാടത്ത് താമസിച്ചു വരികയാണ്.കഴിഞ്ഞ ഒക്ടോബർ രണ്ടിന് വൈകിട്ട് ഏഴുമണിക്കു ശേഷം ടിവിയിൽ ജപമാല കണ്ട് പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്നപ്പോൾ അടുക്കള ഭാഗത്ത് എന്തോ തട്ടിമറിഞ്ഞ് വീണതു കേട്ട് വൃദ്ധൻ നോക്കാനായി ചെന്നപ്പോൾ കണ്ണിൽ ആരോ മുളക് പൊടി എറിയുകയും ശബ്ദം കേട്ട് ഓടി വന്ന വൃദ്ധയെയും മുളക് പൊടി എറിഞ്ഞ് ആക്രമിച്ച് വീഴ്ത്തി കയ്യിൽ നിന്നും മൂന്ന് സ്വർണ്ണവളകൾ ഊരിയെടുത്ത് അക്രമികടന്നു കളയുകയുമായിരുന്നു.

സംഭവം പോലീസിനെ അറിയിച്ച് മൂന്നു മിനിറ്റിനകം ആളൂർ പോലീസ് സ്ഥലത്തെത്തി കൂടാതെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമെത്തി നടത്തിയ സമഗ്രമായ അന്വേഷണത്തിൽ വീടുമായി അടുത്ത് പരിചയമുള്ള ആളാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായി.സയൻറിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപ പ്രദേശത്തൊന്നും സിസിടിവി ഇല്ലാതിരുന്നതും വൃദ്ധ ദമ്പതികളൊഴികെ ആരും സമീപത്തെങ്ങും ഇല്ലാതിരുന്നതും അന്വേഷണത്തെപ്രതികൂലമായി ബാധിച്ചു.

തൃശൂർ റേഞ്ച് ഡിഐജി ശ്രി. എസ്.സുരേന്ദ്രൻ ഐപിഎസ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.പി വിജയകുമാരൻ ഐപിഎസ് എന്നിവർ ഈ കേസിൽ പ്രത്യേക ശ്രദ്ധചെലുത്തി പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന അന്വേഷണ സംഘാഗംങ്ങൾക്ക് വീട്ടുകാർ നൽകുന്ന വിവരങ്ങൾ പലതും കൃത്യതയില്ലാത്തതാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കുന്നവിധത്തിലുള്ളതുമാണെന്നും മനസ്സിലായി.അതോടെ കുടുംബത്തിലുള്ള ആൾ തന്നെയാവാം ഇതിനു പിറകിലെന്ന് സംശയം ബലപ്പെട്ടു.

ഇതിനിടയിൽ സമീപവാസികളിലൊരാൾ നൽകിയ ഒരു ബൈക്കിനെ പറ്റിയുള്ള വിവരത്തിന്റെ പിന്നാലെ പോയ അന്വേഷണ സംഘത്തിന് കോതമംഗലത്തുള്ള രജിസ്ട്രേഷനിലാണ് പ്രസ്തുത ബൈക്ക് ഉണ്ടായിരുന്നതെന്നും ഹെൽമറ്റും ഫുൾ കൈ ഷർട്ടും ധരിച്ചഒരു യുവാവാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും കണ്ടത്തി.ആളൂർ റെയിൽവേ ബ്രിഡ്ജ് ജംഗ്ഷൻ മുതൽ കോതമംഗലം വരെയുള്ള സിസിടിവി കളിൽ പ്രസ്തുത യുവാവിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി.

തുടർന്ന് വൃദ്ധ ദമ്പതികളുടെ മക്കളുടേയും ബന്ധുക്കളുടേയും വിവരങ്ങൾ ശേഖരിച്ചപ്പോൾ ഒരു മകൾ കോതമംഗലത്താണ് താമസമെന്നും ഇവർക്ക് രണ്ടാൺ മക്കളാണ് എന്നും മനസ്സിലായി. ഇവരുടെ മൂത്ത മകൻ സിങ്കപ്പൂരിൽ എഞ്ചിനീയറിംഗ് ഉപരിപഠനം കഴിഞ്ഞ് ഒരു വർഷത്തോളമായി നാട്ടിലുണ്ടെന്നും കണ്ടെത്തി.തുടർന്ന് ഈ യുവാവിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചപ്പോൾ പന്തിയല്ലാത്ത രീതിയിലുള്ള സ്വഭാവ സവിശേഷതകൾ യുവാവിനുള്ളതായി മനസിലായി ഇതിനെ തുടർന്ന് ഗോഡ്ഫിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിൽ ഇയാൾ സംഭവ ദിവസം ഒരു ഹോണ്ട ഡ്രീംയുഗ ബൈക്കിൽ ഇരിങ്ങാലക്കുടയിലേക്ക് വന്നതായി മനസിലായി.ഇതിനെ തുടർന്ന് ഗോഡ്ഫിൽ നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾ തന്ത്രപൂർവ്വം മെനഞ്ഞിരുന്ന കഥ വിവരിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും യുവാവിന്റെയും മാതാപിതാക്കളുടേയും സുഹൃത്തുക്കളുടെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് വീണ്ടും വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഊരിയെടുത്ത സ്വർണ്ണവളകൾ പെരുമ്പാവൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റതായും സമ്മതിച്ചു. തുടർന്ന് ഇയാൾ പെരുമ്പാവൂരിലെ കടയിൽ വിറ്റ സ്വർണ്ണവളകളും അന്വേഷണ സംഘം കണ്ടെടുത്തു.

പ്രത്യേകാന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ആളൂർ സബ് ഇൻസ്പെക്ടർ കെ.എസ്. സുശാന്ത്, അഡീഷണൽ എസ്ഐ റ്റി.എ. സത്യൻ ,എഎസ് ഐമാരായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, തുളസിദാസ്, സീനിയർ സി പി ഒ മാരായ രാവുണ്ണി വിനോദ് ,ശ്രീജിത്ത്, വി.യു. സിൽജോ, എ.യു റെജി, ഷിജോ തോമസ്, സിപിഒ അജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഉപരിപഠനം കഴിഞ്ഞിട്ടും നാട്ടിൽ ജോലിയൊന്നും കിട്ടാതായതോടെ സാമ്പത്തിക ഞെരുക്കത്തിലായതാണ് കുറ്റകൃത്യത്തിനു പ്രേരിച്ചിച്ചതെന്നാണ് ഇയാൾ പറഞ്ഞതെങ്കിലും മറ്റെന്തെങ്കിലും കാര്യത്തിനാണോ ഇത്രയും ക്രൂരമായ രീതിയിൽ ഇത്തരം പ്രവൃത്തി ചെയ്തതെന്നതിനെപ്പറ്റി അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു. വൈദ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി ഗോഡ് ഫിലിനെ കോടതിയിൽ ഹാജരാക്കും

അഞ്ചു ചോദ്യങ്ങളിൽ അടിപതറി വീണ് യുവാവ്

സിംഗപ്പൂരിൽ ഇലക്ടോണിക്സ് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഒരു വർഷത്തോളമായി ഗോഡ്ഫിൽ നാട്ടിലെത്തിയിട്ട് .പഠനത്തിന് വിദേശത്ത് പോകും മുൻപ് വാങ്ങിയ ബുള്ളറ്റിന്റെ തവണകൾ മുടങ്ങിയതും ,നാട്ടിൽ വന്നതിന് ശേഷം വാങ്ങിയ ലാപ് ടോപ്പിന്റെ ഇൻസ്റ്റാൾമെന്റ് അടക്കുവാൻ എന്ത് ചെയ്യണമെന്നും ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് അമ്മൂമ്മയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തി വിൽപന നടത്തുവാൻ തീരുമാനിച്ചത് . സംഭവ ദിവസം കോതമംഗലത്തു നിന്ന് ഇരിങ്ങാലക്കുടയിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് കല്ലേറ്റുംകര കുണ്ടു പാടത്ത് ഒരു ബൈക്കിൽ എത്തിയ ഗോഡ്ഫിൽ ഒരു കടയിൽ നിന്ന് മുളക് പൊടി വാങ്ങി കൈവശം സൂക്ഷിച്ച് വീടിന് സൈഡിലുള്ള വഴിയിൽ ബൈക്ക് പാർക്ക് ചെയ്ത് പിൻവാതിലിലൂടെ വർക്ക് ഏരിയയിലെത്തി പതുങ്ങി നിൽക്കുകയായിരുന്നു. ശബ്ദം കേട്ട് ആദ്യം പുറത്ത് വന്ന അപ്പാപ്പനെ മുളക് പൊടി കൊണ്ട് എറിയുകയും പിന്നീടെത്തിയ അമ്മാമ്മയെ മുളക് പൊടി എറിഞ്ഞ ശേഷം കയ്യിൽ ധരിച്ചിരുന്ന 3 വളകൾ ഊരിയെടുത്ത് ബൈക്കിൽ കയറി ഓടിച്ചു പോകുകയുമായിരുന്നു.

അന്ന് കോതമംഗലത്തെ പളളിയിലെ പെരുന്നാളിന് എത്തി കൂട്ടുകാരൊത്ത് പെരുന്നാൾ കൂടുകയും രാത്രി സിനിമക്ക് കയറുകയും ചെയ്തു. സംഭവം അറിഞ്ഞതിന് ശേഷം മാതാപിതാക്കളുമൊന്നിച്ച് ഗോഡ്ഫിൽ ഒന്നുമറിയാത്ത പോലെ കല്ലേറ്റുംകരയിലെ അമ്മ വീട്ടിലെത്തിയിരുന്നു . മുൻപ് പോലീസ് ചോദ്യം ചെയ്ത സമയങ്ങളിൽ മറ്റു പല ബന്ധുജനങ്ങളെയും സംശയം പ്രകടിപ്പിച്ച യുവാവ് കൂട്ടുകാരെ പോലീസ് ബന്ധപ്പെട്ടപ്പോൾ കൂട്ടുകാർക്ക് പോലീസുകാർ ചോദിക്കാൻ സാധ്യത ഉള്ള ചോദ്യങ്ങളെ കുറിച്ചും മറുപടി പറയേണ്ട രീതിയും മറ്റും വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തിരുന്നു. ഇതറിഞ്ഞ അന്വേഷണ സംഘം യുവാവിനെയും സുഹൃത്തുക്കളെയും ബന്ധുജനങ്ങളെയും വീണ്ടും ചോദ്യം ചെയ്തതിൽ കേസ്സിന്റെ ചുരുളഴിയുകയായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top