കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ. യു.പി. സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഘടനയായ നെല്ലിമുറ്റത്തിന്റെ നേതൃത്വത്തില്‍ ഒന്നാം പിറന്നാള്‍ ആഘോഷവും ഒത്തുചേരലും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത സ്കൂള്‍ അസംബ്ലി പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി. അസംബ്ലിയിൽ ഹെഡ്മാസ്റ്റര് കെ.കെ. അപ്പുക്കുട്ടന് നേതൃത്വം നല്കി. മുന്‍ സ്കൂള്‍ ലീഡര്‍ എ.വി. പ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്. കാശി വിശ്വനാഥന് കോ-ഓര്‍ഡിനേറ്ററായി. തുടര്‍ന്ന് നടന്ന ഓര്‍മ്മ വിചാരത്തില്‍ പൂര്വ്വവിദ്യാര്ഥികളും അധ്യാപകരും പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു.
എ.ആര്.രാമദാസ്, എം.എസ്. കാശി വിശ്വനാഥന്, എ.വി.പ്രകാശ്, എം.കെ. മോഹനന്, രാജീവ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന സംഘടനാ സമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ. മോഹനന് അധ്യക്ഷനായി. സെക്രട്ടറി എ.വി. പ്രകാശ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എ.ആര്. രാമദാസ് കണക്കുകള്‍ അവതരിപ്പിച്ചു. സ്കൂളില്‍ പഠിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ലിതി ഹരിലാലിനെ എം.എസ്. ശ്രീദേവിയും, പ്രസാദ് ചിരട്ടക്കുന്നിനെ എം.കെ. മോഹനനും, ഡാവിഞ്ചി സന്തോഷിനെ എ.വി. പ്രകാശും, ചിലങ്ക ഷെരീഫിനെ എം.എസ്. കാശി വിശ്വനാഥനും, ഹുസൈന് പട്ടേപ്പാടത്തെ എ.ആര്. രാമദാസും, ഹക്കീം പട്ടേപ്പാടത്തെ ഷിഹാബ് ഉസ്മാനും, ഹാരിസ് പട്ടേപ്പാടത്തെ സലിം ആലിപ്പറമ്പിലും കാളിദാസിനെ റഫീക്ക് പട്ടേപ്പാടവും, രമേഷ് മാടത്തിങ്കലിനെ എബി അന്നാസും ആദരിച്ചു.
ഒന്ന് മുതല്‍ എഴുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠന പ്രോത്സാഹനമായി കാഷ് അവാര്‍ഡ് സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.വൃന്ദ വിതരണം ചെയ്തു. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി സാനിയക്കുള്ള ചികിത്സാ സഹായം 1993 വര്‍ഷത്തെ ഏഴാം ക്ലാസ് ബാച്ച് നല്കി. തുടര്‍ന്ന് രാജേഷ് തംബുരു ” നേരമ്പോക്ക്” പരിപാടി അവതരിപ്പിച്ചു. അനീഷ്.കെ.എ, ഷെരീഫ്.കെ.എ, സജി, വിദ്യാ ഷാജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. താണിയത്തുകുന്നിലെ കലാകാരികള്‍ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.


