ജോലികൾക്കായി ‘ഷീ സ്മാര്‍ട്ട്’ തയ്യാർ


ഇരിങ്ങാലക്കുട :
ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം എന്ന നിലയിൽ ഇവന്‍റ് മാനേജ്മെന്‍റ്, സഹകരണ എംപ്ലോയ്മെന്‍റ്, ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസ്, കാര്‍ഷിക സെല്‍ഫി, സഹകരണ ഷീ അയേണ്‍ സെന്‍റര്‍, കാര്‍ഷിക നേഴ്സറി, കാര്‍ഷിക സേവന കേന്ദ്രം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന വിതരണ കേന്ദ്രം തുടങ്ങീ എട്ട് പദ്ധതികളുമായി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഷീ സ്മാര്‍ട്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്‍റ് സെഷന്‍സ് അഡീഷണല്‍ സബ്ബ് ജഡ്ജ് ജോമോന്‍ ജോണ്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും അസാധാരണമായ് തന്നെ കാണണമെന്നും സ്ത്രീ ദുര്‍ബലയല്ലെന്നും സമൂഹത്തിന്‍റെ എല്ലാ വിധ ബന്ധനങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് ശക്തി പ്രാപിക്കണമെന്നും ചുറ്റും ഒരു മെഴുകുതിരി വെട്ടത്തിന്‍റെ വെളിച്ചമെങ്കിലും പരത്താന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്നും ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ മികച്ച സംഘടനയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്‍റ് ശ്രീ.പി.കെ.ഭാസി യുടെ അദ്ധ്യക്ഷത വഹിച്ചു.

സംഘം സെക്രട്ടറി ഹില.പി.എച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുകുന്ദപുരം അസിസ്റ്റന്‍റ് രജിസ്ട്രാര്‍, ജനറല്‍ എം.സി. അജിത് മുഖ്യാതിഥിയായി പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ തൃശൂര്‍ ജില്ലയിലെ പ്രശസ്ത സ്ത്രീ വ്യക്തിത്വങ്ങളായ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മികച്ച അധ്യാപിക അവാര്‍ഡ് ജേതാവായ സെന്‍റ് ജോസഫ് കോളേജ് റിട്ട. വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റോസ് ആന്‍റോ, 2019 സംസ്ഥാന അധ്യാപിക അവാര്‍ഡ് ജേതാവായ എസ്.എന്‍.ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുനിത ടീച്ചര്‍, കാലിക്കറ്റ് സര്‍വ്വകലാശാല എല്‍.എല്‍.ബി. ഒന്നാം റാങ്ക് ജേതാവ് കാവ്യ മനോജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ ബാങ്കിങ്ങ് മേഖലയിലേയും സാമൂഹ്യ സാംസ്കാരിക മേഖലയിലെയും ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു. സഹകരണ സംഘം വൈസ് പ്രസിഡന്‍റ് അജോ ജോണ്‍ സ്വാഗതവും ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് സെക്രട്ടറി നീന ആന്‍റണി നന്ദിയും പറഞ്ഞു.


ഷീ സ്മാര്‍ട്ട് പദ്ധതിയില്‍ ആയിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം വനിതകള്‍ക്ക് വിവിധ ജോലി ലഭിക്കാന്‍ വേണ്ടി ഒരുക്കങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ്, സഹകരണ എംപ്ലോയ്മെന്‍റ്, ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസ്, കാര്‍ഷിക സെല്‍ഫി, സഹകരണ ഷീ അയേണ്‍ സെന്‍റര്‍, കാര്‍ഷിക നേഴ്സറി, കാര്‍ഷിക സേവന കേന്ദ്രം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന വിതരണ കേന്ദ്രം തുടങ്ങീ എട്ട് പദ്ധതികളാണ് ആരംഭിക്കുന്നത്. ബുക്കിങ്ങ് നമ്പര്‍ – 04802820048 , 9400679584

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top