അനധികൃത നിർമ്മാണത്തിനും, ലൈസൻസ് ഇല്ലാതെ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തതിനും അക്കര ടെക്സ്റ്റൈൽസിന് നഗരസഭയുടെ നോട്ടീസ്


ഇരിങ്ങാലക്കുട :
ഒരു നിലയിൽ കച്ചവടത്തിന് ലൈസൻസ് എടുത്ത്, അനധികൃതമായി നിർമ്മിച്ച മറ്റു നിലകളിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്ത് പ്രവർത്തിച്ചത് നിയമവിരുദ്ധമാണെന്ന് റവന്യൂ ഇൻസ്പെക്ടറുടെ പരിശോധനയിൽ തെളിഞ്ഞതിനാൽ അക്കര ടെക്സ്റ്റൈൽസ് ഏഴുദിവസത്തിനകം ഈ പ്രവർത്തി നിറുത്തിവെക്കാൻ ഇരിങ്ങാലക്കുട നഗരസഭാ നോട്ടീസ് നൽകി. അനധികൃത നിർമാണങ്ങൾ മൂന്നു വർഷം മാത്രമേ പിഴയോടുകൂടി പ്രവർത്തിക്കാൻ അനുവാദം നൽകാവൂ എന്ന വ്യവസ്ഥ ഇരിങ്ങാലക്കുട നഗരസഭ ഈ കച്ചവട സ്ഥാപനത്തിന്‍റെ കാര്യത്തിൽ പാലിച്ചിട്ടില്ല. അനുവദിക്കാവുന്ന വർഷങ്ങളുടെ ഇരട്ടി കാലം ഈ സ്ഥാപനത്തിന് പ്രവർത്തിക്കാൻ അവസരം നൽകിയത് മറ്റൊരു ക്രമക്കേടുമായി. ഈ സ്ഥാപനം അനധികൃത നിർമ്മാണത്തിലൂടെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്നു എന്നു കാണിച്ചു പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് ഇരിങ്ങാലക്കുട നഗരസഭയിൽ മാസങ്ങൾക്കുമുമ്പ് ഒരു പരാതി നൽകിയിരുന്നു. ഇതിൽ നടപടി വൈകിയപ്പോൾ അദ്ദേഹം ഒരു വിവരാവകാശം നൽകി, ഇതിലൂടെ രേഖകൾ കയ്യിൽ കിട്ടിയപ്പോഴാണ്, പരാതിയിന്മേൽ നഗരസഭ അന്വേഷണം നടത്തിയിരുന്നു എന്നും, നിയമവിരുദ്ധമാണെന്ന് കണ്ടതിനാൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ നിലകൾ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകാൻ തീരുമാനമായതും അറിഞ്ഞത്. എന്നാൽ സ്ഥാപന ഉടമയുമായി ബന്ധങ്ങളുള്ള നഗരസഭയിലെ ചിലർ നോട്ടീസ് നൽകാൻ വൈകിപ്പിക്കുകയായിരുന്നു. വിവരാവകാശത്തിലൂടെ ഈ വിവരം പുറത്തായപ്പോൾ ഗത്യന്തരമില്ലാതെ നോട്ടീസ് നൽകുകയായിരുന്നു.

നഗരസഭയിലെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലൈസൻസില്ലാത്ത നിർമ്മാണങ്ങൾക്ക് ഇത്രയും വർഷക്കാലം നടപടികളിൽനിന്ന് രക്ഷപ്പെടുകയായിരുന്നു കെട്ടിട ഉടമ. ഇതിനിടയിൽ ഏപ്രിൽ മാസം നഗരഹൃദയത്തിൽ പ്രവർത്തിക്കുന്നഅക്കര ടെക്സ്റ്റൈൽസിലെ മുകൾവശം ഷോർട് സർക്യൂട്ട് മൂലം തീ പിടിച്ചിരുന്നു. അന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിരക്ഷാ വിഭാഗം കെട്ടിടത്തിലെ പോരായ്മകൾ വീണ്ടും ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും നാളിതുവരെ കെട്ടിടത്തിൽ അഗ്നി സുരക്ഷ ഉറപ്പുവരുത്തുന്നതിനു നിഷ്കർഷിച്ചിട്ടുള്ള സംവിധാനവും ഫലപ്രദമായി സ്ഥാപിച്ചിട്ടില്ല. അതുമാത്രമല്ല നഗരസഭ അത് വേണ്ടവിധം പരിശോധിക്കുന്നതിനും വീഴ്ചവരുത്തി. സ്വാധീനം ഉണ്ടെങ്കിൽ ഇരിങ്ങാലക്കുട നഗരസഭയിൽ എന്തും സാധിച്ചെടുക്കാം എന്നുള്ളതിന് മറ്റൊരു ഉദാഹരണം കൂടിയാകുന്നു ഈ സംഭവം. ഈ കെട്ടിടത്തിന് ആവശ്യമായ ഫയർ ആൻഡ് സേഫ്റ്റി സുരക്ഷാമാനദണ്ഡങ്ങൾ ഇല്ലെന്ന് അഗ്നി രക്ഷാ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു. അഗ്നിശമന ഉപാധികൾ സജ്ജീകരിക്കാതെ അതിഗുരുതരമായ സുരക്ഷാവീഴ്ചയോടെയാണ് അക്കര ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടിന്മേൽ നഗരസഭാ ഇതുവരെ സ്വാധീനങ്ങളുടെ പുറത്ത് നടപടികൾ എടുത്തിരുന്നില്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top