നഗരസഭയിൽ സോളാർ വൈദ്യുതി നിലച്ചിട്ട് 6 മാസം – ഓഫീസ് പ്രവർത്തനം അവതാളത്തിൽ, ഇപ്പോൾ പ്രവർത്തിക്കുന്നത് വാടക ജനറേറ്ററിൽ


ഇരിങ്ങാലക്കുട :
സംസ്ഥാനത്തെ പ്രഥമ സമ്പൂർണ്ണ സോളാർ വൈദ്യുതി നഗരസഭാ ഓഫീസായ് 2014 ൽ കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച ഇരിങ്ങാലക്കുട നഗരസഭയുടെ സോളാർ വൈദ്യുതി പ്ലാന്‍റിന് സമയാസമയങ്ങളിലെ അനെർട്ടിന്‍ അറ്റകുറ്റ പണി മുടങ്ങിയതിനാൽ ഇപ്പോൾ പ്രവർത്തനക്ഷമമല്ലാതായിട്ട് 6 മാസമാകുന്നു. കെ.എസ്.ഈ.ബി.യുടെ വൈദുതി മുടക്കം കൂടിയായപ്പോൾ ഓഫീസ് പ്രവർത്തനം അവതാളത്തിൽ. ഇപ്പോൾ പ്രവർത്തിക്കുന്നത് ദിവസ വാടകക്ക് എടുത്ത ജനറേറ്ററിൽ.

അനർട്ടിന്‍റെ മേൽനോട്ടത്തിൽ 25 കിലോവാട്ടിന്‍റെ സോളാർ ഫോട്ടോവോൾടൈക്ക് പവർ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഓഫീസ് പൂർണ്ണമായും സോളാർ വൈദ്യുതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിനായി 120 ഓളം ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും പവർ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട്. 5 വർഷമായിട്ടും സമയസമയങ്ങളിൽ നടത്തേണ്ട അറ്റകുറ്റപണികൾ മുടങ്ങിയതുമൂലമാണ് സോളാർ പവർ പ്ലാന്‍റ് പലപ്പോഴും പണി മുടക്കിയത്. താൻ നേരിട്ട് തിരുവനന്തപുരത്തെ അനെർട് ഓഫീസിൽ ചെന്ന് പ്രശ്‌നത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഇതുവരെ ശരിയാക്കാൻ ആൾകാർ എത്തിയിട്ടില്ലെന്ന് നഗരസഭാ ചർ പേഴ്സൺ നിമ്യ ഷിജു പറഞ്ഞു. പൂജ അവധി കഴിഞ്ഞു തുറന്ന നഗരസഭയിൽ ബുധനാഴ്ച വൈദുതി വകുപ്പിന്റെയും സപ്ലൈ നിലച്ചതിനെ തുടർന്ന് ഓഫീസ് ജോലികൾ പൂർണ്ണമായും തടസപ്പെട്ടപ്പോൾ വാടകക്ക് ജനറേറ്റർ എടുത്തതാണെന്ന് പറഞ്ഞു.

നഗരസഭാ കെട്ടിടത്തിന് ചിലവായിരുന്ന ഭീമമായ വൈദ്യുതി ചിലവിന് പരിഹാരമാകുമെന്ന നിലയിലാണ് സോളാർ പ്ലാന്‍റ് സ്ഥാപിച്ചതെങ്കിലും പലപ്പോഴും പ്ലാന്‍റ് പ്രവർത്തനക്ഷമമല്ലാത്തതു മൂലം വൈദ്യുതി ചിലവിൽ കാര്യമായ കുറവ് വന്നിരുന്നില്ല . കൽക്കട്ടയിലുള്ള ഒരു കമ്പനിക്കാണ് നഗരസഭയിലെ സോളാർ പവർ പ്ലാന്‍റിന്റെ പരിപാലന ചുമതല. അനെർട്ട് ഇവർക്ക് സബ് കോൺട്രാക്ട് കൊടുത്തതാണ്. കേടുപാടുകൾ വരുമ്പോൾ ഇവരെ അറിയിക്കുന്നതിലും വന്നെത്തുവാനുമുള്ള കാലതാമസമാണ് പ്ലാന്‍റിന്‍റെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം. 6 മാസത്തിലധികം പ്രവർത്തനക്ഷമമല്ലാതിരുന്ന 120 ഓളം ബാറ്ററികൾ വീണ്ടും ചാർജ് ചെയ്ത പഴയരീതിയിൽ പ്രവർത്തനക്ഷമമാക്കാൻ ഇനിയും ആഴ്ചകൾ തന്നെ വേണ്ടി വരും. അപ്പോൾ വീണ്ടും വൈദ്യുതിയിനത്തിൽ നഗരസഭക്ക് നഷ്ടം വർദ്ധിക്കാനാണ് സാധ്യത. ഇതിനു പുറമെ നഗരസഭയിലെ പല കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇടക്കിടെയുള്ള വൈദുതി തടസങ്ങൾ കാരണം കേടുപാടുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top