സ്കൂളിന് മുന്നിലെ മാലിന്യനിക്ഷേപം, നടപടികളുമായി നഗരസഭ


പൊറത്തിശ്ശേരി :
പൊറത്തിശ്ശേരി മഹാത്മാ എൽ.പി &യു.പി സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിന് സമീപം രൂക്ഷമായ മാലിന്യ നിക്ഷേപത്തിനെതിരെ നടപടികളുമായി ഇരിങ്ങാലക്കുട നഗരസഭ. സ്കൂളിന്‍റെ കവാടത്തിൽ തന്നെ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതിനെതിരെ വിദ്യാർത്ഥികൾ സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തില്‍ നഗരസഭയിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ജി അനിലും സംഘവും ശനിയാഴ്ച ഇവിടെ നേരിട്ട് എത്തുകയും നഗരസഭ മാലിന്യനിക്ഷേപം പൂർണ്ണമായി വൃത്തിയാക്കുകയും നീക്കം ചെയ്യുകയും ചെയ്തു. അതിനുപുറമേ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ മാലിന്യങ്ങൾ പൊതുനിരത്തിൽ നിക്ഷേപിക്കരുത് എന്ന് നിർദ്ദേശവും നൽകി. നാടെങ്ങും ശുചിത്വ വാരാഘോഷം നടക്കുമ്പോൾ, മഹാത്മാവിന്‍റെ  പേരിലുള്ള വിദ്യാലയത്തിനു മുന്നിൽ സാമൂഹ്യവിരുദ്ധർ സ്ഥിരമായി മാലിന്യം തള്ളുന്നത് വാർത്തയായിരുന്നു.

നഗരസഭയുടെ അനുമതിയോടുകൂടി മാലിന്യ നിക്ഷേപത്തിനെതിരെ സ്കൂളിന്‍റെ മതിലിൽ ബോർഡ് സ്ഥാപിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വത്സല ശശി, സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.ബി. ജിജി, സ്കൂൾ ലീഡർ ആവണി കൃഷ്ണ കെ എസ്, അധ്യാപകരായ എൻ.പി രജനി, ബിന്ദു ഇ.ജി, പി.ടി.എ. പ്രസിഡണ്ട് പ്രസാദ് പി പി എന്നിവർ സംബന്ധിച്ചു.

related news link : മാലിന്യ കൂമ്പാരവും പേറി പൊറത്തിശേരി മഹാത്മാ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top