അഗ്നിശമന ഉപാധികൾ സജ്ജീകരിക്കാതെ അതിഗുരുതരമായ സുരക്ഷാവീഴ്ചയോടെയാണ് അക്കര ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടിന്മേൽ നടപടി എടുക്കാതെ നഗരസഭ


ഇരിങ്ങാലക്കുട :
ആവശ്യമായ രക്ഷാമാർഗങ്ങളോ, അഗ്നിശമന ഉപാധികളോ സജ്ജീകരിക്കാതെ അതിഗുരുതരമായ സുരക്ഷാവീഴ്ചയോടെയാണ് അക്കര ടെക്സ്റ്റൈൽസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നതെന്ന എന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാസങ്ങൾക്കു മുമ്പ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ ഇരിങ്ങാലക്കുട നഗരസഭ. നഗരത്തിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ ഉറപ്പുവരുത്തുന്നതിന് ഭാഗമായി ഫയർ ആൻഡ് റെസ്ക്യൂ സർവിസിന്റെ അധികാര പരിധിയിൽ വരുന്ന കെട്ടിടങ്ങളിൽ 2019 മാർച്ച് മാസത്തിൽ നടത്തിയ പരിശോധനയിലാണ് അക്കര ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്ന് ബോധ്യപ്പെട്ടത്. ഇതേ തുടർന്നു സ്റ്റേഷൻ ഓഫീസർ നഗരസഭയ്ക്ക് നൽകിയ കത്തിൽ കേരള മുൻസിപ്പൽ ബിൽഡിംഗ് റൂൾ അനുശാസിക്കുന്ന വിധം ഉള്ള സുരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ച് ഈ കെട്ടിടം പ്രവർത്തനസജ്ജം ആകേണ്ടതാണ് എന്നും ആയതിലേക്ക് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടത്.

ഇതിനിടയിൽ ഏപ്രിൽ മാസം നഗരഹൃദയത്തിൽ പ്രവർത്തിക്കുന്നഅക്കര ടെക്സ്റ്റൈൽസിലെ മുകൾവശം ഷോർട് സർക്യൂട്ട് മൂലം തീ പിടിച്ചിരുന്നു. അന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിരക്ഷാ വിഭാഗം കെട്ടിടത്തിലെ പോരായ്മകൾ വീണ്ടും ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും നാളിതുവരെ കെട്ടിടത്തിൽ അഗ്നി സുരക്ഷ ഉറപ്പുവരുത്തുന്നതിനു നിഷ്കർഷിച്ചിട്ടുള്ള സംവിധാനവും ഫലപ്രദമായി സ്ഥാപിച്ചിട്ടില്ല. അതുമാത്രമല്ല നഗരസഭ അത് വേണ്ടവിധം പരിശോധിക്കുന്നതിനും വീഴ്ചവരുത്തി. സ്വാധീനം ഉണ്ടെങ്കിൽ ഇരിങ്ങാലക്കുട നഗരസഭയിൽ എന്തും സാധിച്ചെടുക്കാം എന്നുള്ളതിന് മറ്റൊരു ഉദാഹരണം കൂടിയാകുന്നു ഈ സംഭവം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top