വന്യജീവി വാരാഘോഷം, മത്സരങ്ങൾക്ക് അപേക്ഷിക്കാം


ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി പോസ്റ്റർ മത്സരവും സ്‌കൂൾ / കോളേജ് വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ്, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാതല മത്സരങ്ങളും എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിങ് എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടത്തും. എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലേയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പ്ലസ് വൺ മുതൽ മുകളിലോട്ടുള്ളവർക്ക് കോളേജ് വിഭാഗത്തിൽ മത്സരിക്കാം. പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം.


രണ്ട് പേരടങ്ങുന്ന ടീം ആയാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മറ്റുമത്സരങ്ങൾക്ക് രണ്ട് പേർക്ക് വരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരോ മത്സരയിനത്തിലും പങ്കെടുക്കാം. പ്രസംഗമത്സരവും ഉപന്യാസമത്സരവും മലയാള ഭാഷയിലായിരിക്കും സംഘടിപ്പിക്കുക. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഓരോ മത്സരയിനത്തിലെയും ആദ്യ മൂന്നുസ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനും പുറമെ റോളിംഗ് ട്രോഫിയും സമ്മാനിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും അനുഗമിക്കുന്ന ഒരു രക്ഷകർത്താവിനും ഭക്ഷണവും താമസസൗകര്യവും സ്ലീപ്പർ ക്ലാസ്സ് യാത്രാചെലവും നൽകും.  കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുമായോ (ഫോൺ: 04872320609, 9447979144) ബന്ധപ്പെടണം.

വന്യജീവി വാരാഘോഷം: പൊതുജനങ്ങൾക്കായി പോസ്റ്റർ മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വന്യജീവിസംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി പൊതുജനങ്ങൾക്കായി ഒരു പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. വാട്ടർകളർ, പോസ്റ്റർ, അക്രിലിക് എന്നീ മാധ്യമങ്ങളേതെങ്കിലും ഉപയോഗിച്ച് പോസ്റ്ററുകൾ എ3 വലിപ്പത്തിലുള്ള പേപ്പറിൽ ലാൻസ്‌കേപ്പ് ആയി രൂപകൽപ്പന ചെയ്യണം. ആകർഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശം പൊതുജങ്ങളിൽ എത്തിക്കുന്നതിന് ഉതകുന്ന വിഷയം തിരഞ്ഞെടുക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പോസ്റ്റർരചനാ മത്സരം 2019 എന്ന് രേഖപ്പെടുത്തണം. മത്സരത്തിനുള്ള എൻട്രി അയയ്ക്കുന്ന ആളിന്റെ പൂർണ്ണമായ മേൽവിലാസവും, ഫോൺ നമ്പരും രേഖപ്പെടുത്തിയ കുറിപ്പും ഉള്ളടക്കം ചെയ്യണം. പോസ്റ്ററുകളിൽ രചയിതാവിനെ തിരിച്ചറിയാൻ സാധിക്കുന്ന അഡ്രസോ, അടയാളമോ രേഖപ്പെടുത്താൻ പാടില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന പോസ്റ്ററുകൾക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 1500 രൂപ സമ്മാനമായി ലഭിക്കും. മത്സരത്തിനുള്ള എൻട്രികൾ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ്‌ലൈഫ്), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 നകം നൽകണം വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top