അടിയന്തിരാവസ്ഥ പോരാളി കെ.ആർ. കേളപ്പൻ നിര്യാതനായി


ആളൂർ :
അടിയന്തിരാവസ്ഥ തടവുകാരനായിരുന്ന തിരുത്തിപറമ്പ് കന്യാടത്ത് കേളപ്പൻ (80) നിര്യാതനായി. സി.പി.ഐ.(എം.എൽ) പ്രവർത്തകനായിരുന്ന കേളപ്പൻ 1975 ജൂൺ 26 ന് അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തെ തുടർന്നു് ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു മാസത്തിലേറെക്കാലം തൃശൂർ ക്രൈം ബ്രാഞ്ചിന്റെ കോൺസൻട്രേഷൻ ക്യാമ്പിൽ ക്രൂര മർദ്ദനങ്ങൾക്കിരയായി. സെപ്തംബറിൽ ആഭ്യന്തര സുരക്ഷിതത്വ നിയമ (മിസ) പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ടതിനെ തുടർന്ന് 1977 മാർച്ച് 24 നാണ്‌ മോചിപ്പിക്കപ്പെട്ടത്.

പിന്നീട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിച്ചു. തുടർന്ന് സാംബവ സമുദായ സംഘടനകളിൽ സജീവമായി. കേരള ഹിന്ദു സാംബവ സമാജം സംസ്ഥാന പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം നിലവിൽ സംസ്ഥാന രക്ഷാധികാരിയാണ്. അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതിയിൽ സജീവമായിരുന്നു. ഈ വർഷം ജൂൺ 1 ന് തൃശൂരിൽ നടന്ന അടിയന്തിരാവസ്ഥ പോരാളികളുടെ സംഗമത്തിൽ പങ്കെടുക്കാൻ, ശാരീരിക അവശതകൾ അവഗണിച്ചെത്തിയ കേളപ്പൻ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിലേക്ക് ഗോവണി കയറാനാവാതെ ഭാര്യയുമൊത്ത് പരിപാടി തീരും വരെ താഴെ ഇരിക്കുകയായിരുന്നു. തങ്കയാണ് ഭാര്യ. ശാന്ത, സരോജം (ആളൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), സജ എന്നിവരാണ് മക്കൾ. സംസ്കാരം ഞായറാഴ്ച 4 മണിക്ക് തിരുത്തിപറമ്പ് പൊതുശ്മശാനത്തിൽ. കേളപ്പൻറെ വേർപാടിൽ അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി ആദരാഞ്ജലി അർപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top