പ്രളയ ഓർമ്മകൾക്ക് നിറച്ചാർത്തേകി ‘റോക്കി ജെയിംസ് അഖില കേരള ചിത്രരചനാ മത്സരത്തിൽ’ വൻ പങ്കാളിത്തം


വല്ലക്കുന്ന് :
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ രക്തസാക്ഷിയായ വല്ലക്കുന്ന് സ്വദേശി റോക്കി ജെയിംസിന്‍റെ സ്മരണാർത്ഥം റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് സെന്‍റ് അൽഫോൻസാ ചർച്ച് കെസിവൈഎം സംയുക്തമായി ‘പ്രളയം’ എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ കേരളക്കരയെ വിഴുങ്ങിയ പ്രളയത്തിന്‍റെ ഓർമകളും കാഴ്ചകളും ക്യാൻവാസിൽ നിറം നൽകി യുവത്വത്തിന്‍റെ വൻ പങ്കാളിത്തം. വിവിധ ജില്ലകളിൽനിന്നുമെത്തിയ നാനൂറോളം പേർ ‘റോക്കി ജെയിംസ് വിഷൻ അഖില കേരള ചിത്രരചനാ മത്സരത്തിൽ’ പ്രളയത്തിൽ കേരളജനത കാണിച്ച പരസ്പര സഹായത്തിന്‍റെ നേർചിത്രങ്ങൾ പ്രളയത്തിന്‍റെ ഭീകരതയുടെ അകമ്പടിയോടെ ഭാവനക്കനുസരിച്ചു വരച്ചു നിറം കൊടുത്തപ്പോൾ , അതിൽ നമ്മുടെ നാടിന്‍റെ ഒത്തൊരുമയുടെ പ്രതിഫലനവും ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ നന്മയും ഉണ്ടായിരുന്നു.

വല്ലക്കുന്ന് സെന്‍റ് അൽഫോൻസാ ചർച്ച് പാരിഷ് ഹാളിൽ നടന്ന മത്സരത്തിൽ നാനൂറോളം പേർ പങ്കെടുത്തു . ചിത്രരചനാ മത്സരം ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കിഡ്‌സ്, സബ് ജൂനിയര്‍ മത്സരങ്ങള്‍ വല്ലക്കുന്ന് അല്‍ഫോന്‍സ ദേവാലയത്തിലെ വികാരി ഫാ. അരുണ്‍ തെക്കിനേത്ത് ഉദ്ഘാടനം  ചെയ്തു. കിഡ്സ്  (9 വയസ്സു വരെ) ക്രയോൺ /സ്കെച്ച് /കളർ പെൻസിൽ, സബ്ജൂനിയർ (പത്തു വയസ്സു മുതൽ 13 വയസ്സു വരെ) ക്രയോൺ /സ്കെച്ച് /കളർ പെൻസിൽ. ജൂനിയർ (14 വയസു മുതൽ 17 വയസു വരെ) വാട്ടർ കളർ + പെൻസിൽ ഡ്രോയിങ്. സീനിയർ (18 വയസ്സ് മുതൽ 35 വയസ്സ് വരെ) വാട്ടർ കളർ + പെൻസിൽ ഡ്രോയിങ്. എന്നിങ്ങനെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് . കിഡ്സ് ആൻഡ് സബ്ജൂനിയർ മത്സരങ്ങൾക്ക് ഒന്നാം സമ്മാനം 3001 രൂപ, രണ്ടാം സമ്മാനം 2001 രൂപ, മൂന്നാം സമ്മാനം 1001 രൂപ. ജൂനിയർ ആൻഡ് സീനിയർ വിഭാഗങ്ങൾക്ക് ഒന്നാം സമ്മാനം 5001 രൂപ രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 1001 രൂപ.  കിഡ്സ് വിഭാഗത്തിൽ ഒന്നാംസ്ഥാനം ആദിത്യ കെ ബി (എലിഞ്ഞിപ്ര), രണ്ടാം സമ്മാനം ആര്യനന്ദ (കോട്ടയം), മൂന്നാം സമ്മാനം നോയൽ ടെന്നി (കോടശ്ശേരി). സബ് ജൂനിയർ ഒന്നാം സമ്മാനം : അഭിജിത്ത് ബിനോയ് (കോട്ടയം), രണ്ടാം സ്ഥാനം ഹരികൃഷ്ണൻ കെ ആർ (കേച്ചേരി), മൂന്നാംസ്ഥാനം അനുഗ്രഹ് പി എസ് (പാലക്കാട്), ജൂനിയർ: ഒന്നാം സ്ഥാനം ഹേമന്ത് ടി എസ് (വാടാനപ്പള്ളി), രണ്ടാം സ്ഥാനം അതുൽ എസ് രാജ് (കോട്ടയം), മൂന്നാം സ്ഥാനം അരുൺ കെ വി (തൃശൂർ). സീനിയർ ഒന്നാംസ്ഥാനം ശരത് ലക്ഷ്മണൻ ടി എസ് (തൃശ്ശൂർ), രണ്ടാംസ്ഥാനം അബീല റൂബൻ (തൃശ്ശൂർ), മൂന്നാം സ്ഥാനം ആൽബി വര്ഗീസ് (തൃശൂർ). സ്പെഷ്യൽ ജൂറി സമ്മാനം ആദർശ് എം വി (തൃശ്ശൂർ). വൈകിട്ട് മത്സര ചിത്രങ്ങളുടെ പ്രദർശനം ഉണ്ടായിരുന്നു.

റോക്കി ജെയിംസ് അനുസ്മരണ സമ്മേളനവും സമ്മാനദാനവും തൃശൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തില്‍ പ്രൊഫ . കെ.യു അരുണന്‍ എ.എല്‍.എ അധ്യക്ഷത വഹിച്ചു. അനുസ്മരണസമ്മേളനത്തില്‍ പ്രേഗ്രാം ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കോക്കാട്ട്, രൂപതാ ഡയറക്ടര്‍ ഫാ. ബെഞ്ചമിന്‍ ചിറയത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് വികാരി ഫാ. അരുണ്‍ തെക്കിനേത്ത്, വാര്‍ഡ് മെമ്പര്‍ ഐ.കെ. ചന്ദ്രന്‍, കെ.സി.വൈ.എം സെനറ്റ് മെമ്പര്‍ ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

 

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top