കർഷക സംഘത്തിന്‍റെ മറവിൽ സ്വകാര്യ ലോബി മത്സ്യം വളർത്താനായി കഴകളടച്ചതിനാൽ വെള്ളപ്പൊക്ക ഭീഷണി


ചെമ്മണ്ട :
കാറളം ചെമ്മണ്ട പാലത്തിന് ഇരുവശത്തുമുള്ള കാപ്പുകൾക്ക് ചുറ്റും വലകെട്ടി കർഷക സംഘത്തിന്‍റെ മറവിൽ സ്വകാര്യ ലോബി മത്സ്യം വളർത്തുന്നുവെന്നും ഇതിന്‍റെ ഭാഗമായി പാലത്തിന് വടക്ക് വശത്തുള്ള 14 കഴകളും, തെക്ക് വശത്തുള്ള 9 കഴകളും സ്വകാര്യ ലോബി മണൽചാക്ക് വെച്ച് അടച്ച് കെട്ടിയിരിക്കയാണെന്ന് കേരള മത്സ്യതൊഴിലാളി യൂണിയൻ. കെ.എൽ. ഡി.സി കനാലിലേക്കുള്ള ജല നിർഗമന മാർഗമായ കഴകൾ അടച്ചു കെട്ടിയിരിക്കുന്നതിനാൽ വെള്ളം പോകാതെ പരിസരവാസികൾ ബുദ്ധിമുട്ടുകയാണ്. കനത്ത മഴ തുടരുന്നതു കൊണ്ടു് വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ടു്.

സമീപവാസികളും മത്സ്യ തൊഴിലാളികളും ഇതിനെതിരെ അധികൃതർക്ക് പരാധി സമർപ്പിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തിന്റേയും ചില ഫിഷറീസ് ഉദ്യോഗസ്ഥരുടേയും നിഗൂഢമായ ഒത്താശയാണ് പ്രശ്ന പരിഹാരത്തിന് തടസ്സമെന്നാണ് പരിവാസികളും മത്സ്യതൊഴിലാളികളും പറയുന്നത്. ഫിഷറീസ് ആക്ട് പ്രകാരം ഇത്തരത്തിലുള്ള മത്സ്യം വളർത്തൽ നിരോധിച്ചിട്ടുള്ളതാണ്. മാത്രമല്ല, തൊഴിലാളികൾ കാലങ്ങളായി സ്വതന്ത്രമായി മത്സ്യം പിടിച്ച് വന്നിരുന്ന കേപ്പുകളിൽ അനധികൃതമായി സ്വകര്യ വ്യക്തി മത്സ്യം വളർത്തുന്നത് നീതികരിക്കാനാവില്ല എന്നും കേരള മത്സ്യതൊഴിലാളി യൂണിയൻ പറയുന്നു. കഴകൾ അടച്ച് കെട്ടുന്നതും അനധികൃത മത്സ്യം വളർത്തലും അടക്കമുള്ള പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്ന് കേരള മത്സ്യതൊഴിലാളി യൂണിയൻ ചെമ്മണ്ടയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. വിനോദ് സ്വാഗതവും സുനി ചെമ്മണ്ട അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ എം.ഐ.ഷെമീർ, ഇ.ജെ. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top