ഒരു രൂപ ചലഞ്ചുമായി പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ കരുണയുടെ മുഖം നൽകി ഓണാഘോഷം


പുല്ലൂർ :
ഡയാലിസിസ് രോഗികൾക്കു വേണ്ടി ഒരു രൂപ ചലഞ്ച് ഒരുക്കി പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ വേറിട്ട ഓണാഘോഷം. “നമ്മളിൽ എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യാനാകും. നമ്മുടെ കരുണകൊണ്ട് അനേകരുടെ വേദന കുറക്കാൻ വലിയ സ്നേഹത്തോടെ നൽകൂ ഒരു രൂപ….” എന്ന ആഹ്വാനവുമായി ആർദ്രതയുടെ മുഖം നൽകി പുല്ലൂർ മിഷൻ ഹോസ്പിറ്റൽ. ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോക്ടർ കിരൺ തട്ട്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സിസ്റ്റർ റീറ്റ, ചീഫ് സൈക്കാട്രിസ്റ്റ് ഡോ. എം വി വാറുണ്ണി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി എന്നിവർ സംസാരിച്ചു.

ഡയാലിസിസ് രോഗികൾക്കുവേണ്ടിയുള്ള ഒരു രൂപ ചലഞ്ച് എന്ന ആശയം ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് അവതരിപ്പിച്ചു. ആശുപത്രിയിലെ എല്ലാ ജീവനക്കാരും എല്ലാദിവസവും ഒരു രൂപ മാറ്റിവച്ചാൽ ഒരുവർഷം കൊണ്ട് ഒരു ലക്ഷം രൂപ ഡയാലിസിസ് രോഗികൾക്കു വേണ്ടി നൽകി ഒരു രൂപയുടെ വിപ്ലവം സൃഷ്ടിക്കാനാകും എന്ന ചിന്തയാണ് ഒരു രൂപ ചലഞ്ച്. വേദിയിലെ വിശിഷ്ട വ്യക്തികളോടൊപ്പം മാവേലിയും ചേർന്ന് ഒരു രൂപ, പ്രത്യേകം സജ്ജമാക്കിയ ബോക്സിൽ നിക്ഷേപിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ഓണദിനങ്ങളിൽ ഡയാലിസിസ് സമ്പൂർണമായും സൗജന്യമായിരിക്കുമെന്നു ഹോസ്പിറ്റൽ വക്താക്കൾ അറിയിച്ചു. തുടർന്ന് ഹോസ്പിറ്റൽ ജീവനക്കാരുടെയും നഴ്സിംഗ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഓണാഘോഷ കലാപരിപാടികൾ അരങ്ങേറി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top