യാത്രികരുടെ ആവശ്യം നിരാകരിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ 1-ാം പ്ലാറ്റഫോമിൽ സ്ഥാപിച്ച ഭക്ഷണശാല പൂട്ടി , രണ്ടാം പ്ലാറ്റഫോമിൽ വേണമെന്ന ആവശ്യം ശക്തം


കല്ലേറ്റുംകര :
ദിനംപ്രതി ആയിരത്തിലധികം യാത്രക്കാരുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഏറെക്കാലത്തെ മുറവിളിക്ക് ശേഷം അനുവദിച്ചു കിട്ടിയ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 1-ാം നമ്പർ പ്ലാറ്റഫോമിലെ ഭക്ഷണശാല ഏതാനും ആഴ്ചകളായി വരുമാനമില്ലെന്ന കാരണത്താൽ പൂട്ടി. ഇത് സ്ഥാപിക്കുന്ന സമയത്ത് കൂടുതൽ യാത്രക്കാരുള്ള രണ്ടാം നമ്പർ പ്ലാറ്റഫോമിലാണ് ഭക്ഷണശാല വേണ്ടതെന്ന് യാത്രക്കാരും റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില നിഗൂഢ താത്പര്യങ്ങളുടെ ഫലമായി ഇത് അവഗണിച്ചതിന്‍റെ ഫലമായിട്ടാണ് വരുമാനമില്ലെന്നു കാണിച്ച് ഇപ്പോൾ ഭക്ഷണശാല അടഞ്ഞുകിടക്കുന്നത്.

ഒന്നാം നമ്പർ പ്ലാറ്റഫോമിൽ ആദ്യമേ ഒരു ടീഷോപ് ഉണ്ടായിരുന്നു, എന്നാൽ രണ്ടാം പ്ലാറ്റഫോമിലെ യാത്രികർക്ക് ഒരു കുപ്പിവെള്ളം പോലും വാങ്ങാൻ ഇപ്പോൾ ഒന്നാം പ്ലാറ്റഫോമിൽ പോകേണ്ട നിവൃത്തികേടാണുള്ളത്. പ്രാഥമിക ആവശ്യങ്ങൾക്കായി ഒരു ശൗചാലയം രണ്ടാം പ്ലാറ്റഫോമിൽ വേണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുകയാണ്. അഞ്ചുകോടിയിലധികം വാർഷിക വരുമാനമുള്ള കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെതിരെ ഇപ്പോളും അതികൃതർക്ക് അവഗണന മാത്രമാണെന്നും, യാത്രികരുടെ ആവശ്യങ്ങൾ ഇനിയും ഉപകാരപ്രദമായ രീതിയിൽ അനുവദിച്ചു തന്നില്ലെങ്കിൽ സമരപരിപാടികളുമായി ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചർ അസ്സോസിയേഷൻ മുന്നോട്ടു പോകുമെന്ന് അസ്സോസിയേഷൻ ഭാരവാഹികളായ ഷാജു ജോസഫ്, ബിജ്ജു പനകൂടൻ, സുബാഷ് എന്നിവർ പറഞ്ഞു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top