പ്രളയത്തിൽ പഠനവസ്തുക്കൾ നഷ്ടപ്പെട്ടവർക്ക് അറുനൂറോളം ‘സ്കൂൾ കിറ്റുകൾ’ വിതരണം ചെയ്ത് ഇരിങ്ങാലക്കുടയിൽ നിന്നും ഒരു സംഘം


ഇരിങ്ങാലക്കുട :
വയനാട് വിദ്യാഭ്യാസ ജില്ലയിലെ ആദിവാസി കോളനികളിലെ സ്കൂളുകളടക്കം പ്രളയബാധിതരായ അറുനൂറോളം വിദ്യാർത്ഥികൾക്കായി പഠനവസ്തുക്കളുടെ കിറ്റുകൾ നൽകി ഇരിങ്ങാലക്കുടയിൽ നിന്നും അധ്യാപികയുടെ നേതൃത്വത്തില്‍ ഒരു സംഘം. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന സ്കൂൾ കുട്ടികൾക്കായി തന്നാലാവുന്ന സഹായങ്ങൾ ചെയ്യണമെന്ന ആഗ്രഹം നാഷണൽ സ്കൂൾ അധ്യാപികയായ ആർച്ച ഷബീർ ഭർത്താവായ നിധിനോടും കുടുംബത്തോടും പങ്കുവച്ചപ്പോൾ മരുമകളുടെ മനസ്സിന്‍റെ നന്മ മനസിലാക്കിയ പി ടി അബ്‌ദുൾ സമദ് ഇതിനു വേണ്ട എല്ലാ പിന്തുണയും നൽകി ആർച്ചയുടെ സഹോദരൻ ബിനോയ് ഷബീറും, മറ്റു കുടുബാംഗങ്ങളും ബന്ധുക്കളും ഈ സൽപ്രവർത്തിക്കായി സഹായങ്ങളും പ്രോത്സാഹനങ്ങളുമായി മുന്നിട്ടിറങ്ങിയതോടെ ചെറുതായി ആഗ്രഹിച്ച കാര്യം വലിയ ഒരു സന്നദ്ധ പ്രവർത്തനമാകുകയായിരുന്നു. പല വ്യക്തികളും സ്ഥാപനങ്ങളും ഈ നന്മയിൽ പങ്ക്‌ചേർന്നു. തൃശ്ശൂരിലെ കേരള ഫാൻസി സ്റ്റോർ ഉടമ വിതരണം ചെയ്യാനുള്ള പഠനവസ്തുക്കൾ സഹായവിലക്ക് നൽകുകയും ചെയ്തു. ആർച്ചയെ സഹായിക്കാൻ സഹപാഠികളായ ആളൂർ സെന്റ് ജോസഫ്‌സ് സ്കൂളിലെ 2010 ബാച്ചിലെ പൂർവവിദ്യാർത്ഥികളും ഉണ്ടായിരുന്നു.

ഒരു സ്കൂൾ വിദ്യാർത്ഥിക്ക് 500 രൂപയുടെ പഠന സാധനങ്ങൾ അടങ്ങിയ കിറ്റാണ് ഒരുക്കിയത്. ബാഗ്, കുട, 10 നോട്ടു പുസ്തകങ്ങൾ, 5 പെൻസിലുകൾ, 5 പേനകൾ ,സ്കെച്ച് പേന, സ്കെയിൽ, റബ്ബർ, കട്ടർ , ബോക്സ് എന്നിവയാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തിയത്. വയനാട് വിദ്യാഭ്യാസ ജില്ലയിലെ ഡി.ഇ.ഓ ഹണിയെ ബന്ധപ്പെടുകയും, ഏതെല്ലാം മേഖലയിലെ വിദ്യാർത്ഥികൾക്കാണ് സഹായങ്ങൾ വേണ്ടതെന്നു മുൻകൂട്ടി മനസിലാക്കുകയും, വിദ്യാഭ്യാസ ഓഫീസിൽ നിന്നും ലഭിച്ച സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും പട്ടിക പ്രകാരം ഓരോ സ്ഥലത്തും നേരിട്ടെത്തി സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുകയായിരുന്നു.വയനാട്ടിൽ ഈ സംഘത്തെ പൊതുപ്രവർത്തകനായ ലെനിനും ശ്രീജിത്തും സ്വീകരിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. കാക്കവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘത്തെ നേരിട്ട് സ്വീകരിക്കാൻ ഡി ഈ ഓ എത്തിയിരുന്നു. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ട്ടപെട്ട ഈ സ്കൂളിലെ 179 വിദ്യാർത്ഥികൾക്കുള്ള കിറ്റുകൾ പ്രധാനാധ്യാപികയെ ഏൽപിച്ചു. അതിനുശേഷം പൂതാടി എസ്.എൻ.എച്ച്.എസ്‌.എസ് ൽ 60 കിറ്റുകളും, കോട്ടത്തറ ജി എച്ച് എസ് എസ് (70), ജി വി എച്ച് എസ് എസ് വാകേരി (50), ജി എച്ച് എസ് അതിരറ്റകുന്ന് (45 ) എന്നിങ്ങനെയാണ് കിറ്റുകൾ അധ്യാപകരുടെ സഹായത്താൽ വിതരണം ചെയ്തത്. പ്രതികൂല കാലാവസ്ഥ കാരണം ജി എച്ച് എസ് എസ് വാളാട് (25), എം ടി ഡി എം എച്ച് എസ് എസ് തൊണ്ടർനാട് (85 ) എന്നി സ്കൂളുകളിൽ എത്തിച്ചേരാൻ സാധിക്കാത്തതിനാൽ ഇവിടെക്കായി കരുതിയിരുന്ന കിറ്റുകൾ, ഈ സ്കൂളുകളിൽ വിതരണം ചെയ്യാനായി ഡി ഈ ഓ ഓഫീസിൽ നേരിട്ട് ഏൽപ്പിച്ചു. ഇതിനിടെ പ്രളയത്തിന്‍റെ ദുരിതം കൂടുതൽ അനുഭവിച്ച ഊരാളി വിഭാഗത്തിലെ ആൾക്കാർ താമസിക്കുന്ന പാടികുന്ന് ആദിവാസി കോളനിയിലെ നാല് ഏകധ്യാപക സ്കൂളുകളിലെ അൻപതോളം വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ പ്രളയത്തിൽ നഷ്ടപെട്ടതറിഞ്ഞ് അവിടെയും 50 കിറ്റുകൾ നേരിട്ട് എത്തിച്ച് കോ-ഓർഡിനേറ്റർ മേരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.വയനാട് എത്തിച്ചേർന്ന സംഘത്തിൽ അധ്യാപികയായ ആർച്ചക്കൊപ്പം ഭർത്താവ് നിതിൻ, സഹോദരൻ ബിനോയ്, ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപിക മീനു, സുഹൃത്തുക്കളായ ചെന്നൈയിലെ സാമൂഹിക പ്രവർത്തകയായ നൈസി സ്കറിയ, രേഷ്മ മേനോൻ, ഷെതിൻ എന്നിവർ ഉണ്ടായിരുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപക്ക് ഉള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യാനായി എന്നുള്ള ചാരിതാർഥ്യത്തിൽ സംഘം വയനാട്ടിൽ നിന്നും നിസ്വാർത്ഥ സേവനത്തിന്‍റെ ഉദാഹരണം കാഴ്ചവച്ച് മടങ്ങി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top