എടത്തുരുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടിക്ക് കളക്ടറുടെ നിർദ്ദേശം, ക്യാമ്പിൽ ഇപ്പോഴും 60 കുടുംബങ്ങൾ


കാട്ടൂർ :
മഴ മാറിയിട്ടും എടത്തുരുത്തിയിലെ വെള്ളക്കെട്ട് മാറാത്ത സാഹചര്യത്തിൽ ഇവ ഒഴിവാക്കാൻ അടിയന്തരമായി നടപടിയെടുക്കാൻ ജലസേചന ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. കരുവന്നൂർ ഹരിപുരം താണിശ്ശേരി കെഎൽഡിസി ബണ്ട് കവിഞ്ഞൊഴുകിയ വെള്ളം കനാലിലേക്ക് ഒഴുകിയതും വെള്ളം പൊങ്ങിയിട്ടും കനോലി കനാലിൽ ഒഴുക്കില്ലാഞ്ഞതും വെള്ളക്കെട്ടിന് കാരണമായി. കനോലി കനാലിനെയും ചിറക്കൽ ചെറുപുഴ തോടിനെയും ബന്ധപ്പെടുത്തി പുതിയ കനാൽ നിർമ്മിച്ച് കെട്ടി നിൽക്കുന്ന ജലം ഒഴുക്കിവിടാൻ വേണ്ട പദ്ധതി തയ്യാറാക്കാനും തോടുകളുടെ ആഴം കൂട്ടി വൃത്തിയാക്കാനും അദ്ദേഹം ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ കളക്ടർ സന്ദർശിച്ചു.

വെള്ളക്കെട്ട് രൂക്ഷമായ അയ്യംപടി കോളനി

മേഖലയിലെ വെള്ളക്കെട്ട് രൂക്ഷമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ ഇറിഗേഷൻ ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു.  കോഴിത്തുമ്പ് കോളനി, അയ്യംപടി കോളനി, കനാൽ പരിസരം എന്നീ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴും നിൽക്കുന്നത്. പ്രദേശത്തെ ആളുകൾ മുഴുവനും ക്യാമ്പുകളിലും ബന്ധുവീടുകളുമായി താമസിക്കുകയാണ്. വെള്ളം വീണ്ടും പൊങ്ങാൻ തുടങ്ങിയപ്പോൾ ക്യാമ്പുകളിൽ നിന്ന് ഒഴിഞ്ഞു പോയവരും തിരികെയെത്തിയിരുന്നു. ചൂലൂർ ഐടിഐ, പുളിഞ്ചോട് എഎഎൽസിപി സ്‌കൂൾ എന്നിവിടങ്ങളിലായി തുടരുന്ന ക്യാമ്പിൽ 60 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top