ഭിന്നശേഷി മേഖലയില്‍ സഹായകരമായ അസിസ്റ്റീവ് ടെക്നോളജി സൊലൂഷൻസ് പരിശീലന പരിപാടി എൻ.ഐ.പി.എം.ആറിൽ


കല്ലേറ്റുംകര : 
രാജ്യത്ത് ആദ്യമായി നടത്തപ്പെടുന്ന അസിസ്റ്റീവ് ടെക്നോളജി സൊലൂഷനെ കുറിച്ച് ജൂലായ് മുതൽ ഡിസംബർ വരെ നടത്തുന്ന 6 മാസത്തെ പരിശീലന പരിപാടിയിലെ രണ്ടാമത്തെ ത്രിദിന ക്ലാസ്സ് കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നടത്തി. ഭിന്നശേഷിയുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് അസിസ്റ്റീവ് ടെക്‌നോളജി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിലെ (NIPMR) എൻ.ഐ.പി.എം.ആറിനൊപ്പം തിരുവനന്തപുരത്തെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൌൺസിൽ (K -DISC ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (NISH) എന്നിവർ സഹകരിച്ചാണ്‌ ആഗസ്റ്റ് 19 മുതൽ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ഭിന്നശേഷിയുള്ളവരിലേക്ക്‌ അവർക്കായുള്ള ഉത്പന്നങ്ങളും ഉപാധികളും തിരഞ്ഞെടുക്കുന്നതിനുള്ള അസ്സസ്മെന്റും ഉപയോഗ രീതികളെക്കുറിച്ചുമായിരുന്നു വിദഗ്ധർ ക്ലാസ് നൽകിയത്. വിഭിന്ന ശേഷി മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, സ്പെഷ്യൽ എജുക്കേഷൻ അധ്യാപകർ, എൻജിഒ പ്രതിനിധികൾ, രക്ഷകർത്താക്കൾ എന്നിവർ അടങ്ങിയ 30 പേരാണ് ആറുമാസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യൻ സ്പൈനൽ ഇഞ്ചുറി സെന്ററിലെ ഹെഡ് ഓഫ് അസിസ്റ്റീവ് ടെക്നോളജി നെകോം ഉപാധ്യായ്, സമർത്യം ട്രസ്റ്റ് ഫൗണ്ടർ ആൻഡ് അക്യു ഡിസബിലിറ്റി സ്പെഷലിസ്റ്റ് അഞ്ജലി അഗർവാൾ എന്നിവരാണ് പരിശീലന ക്ലാസുകൾ നയിച്ചത്. ഭിന്നശേഷി മേഖലയില്‍ സഹായകരമായ അസിസ്റ്റീവ് ടെക്‌നോളജിയ്ക്ക് വലിയ മുന്‍ഗണനയാണ് സംസ്ഥാനം നല്‍കുന്നത്. അസിസ്റ്റീവ് ടെക്‌നോളജി രംഗത്തും രാജ്യത്തിന് മാതൃകയാണ് കേരളം. ഈ രംഗങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഇത്തരം പരിശീലനപരിപാടികളിലൂടെ കഴിയുമെന്നും സംഘാടകർ പറഞ്ഞു. പരിശീലനപരിപാടിയുടെ അടുത്ത ഘട്ടത്തിൽ അന്തർദേശീയ തലത്തിലെ വിദഗ്ധർ ക്ലാസുകൾ നയിക്കാൻ എത്തിച്ചേരുമെന്ന് പ്രതിക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top