പീച്ചി അണക്കെട്ടിന്‍റെ 2 ഷട്ടറുകൾ തുറന്നു


പീച്ചി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ വ്യാഴാഴ്ച രാവിലെ തുറന്നു. മണലി, കരുവന്നൂർ പുഴയോരത്തും, പറപ്പൂക്കര, മുരിയാട്, വെള്ളാങ്ങല്ലൂർ, കാറളം കാട്ടൂർ ഗ്രാമപഞ്ചായത്തിലും ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളിലും കളക്ടറുടെ നിർദ്ദേശം അനുസരിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പീച്ചി ഡാമിലെ ജലനിരപ്പ് കൂടുതൽ അല്ലാത്തതിനാൽ ആകെയുള്ള നാല് ഷട്ടറുകളിൽ രണ്ട് ഷട്ടറുകൾ പത്തു സെന്റിമീറ്ററിൽ നിന്നും കുറച്ച് അഞ്ചു സെന്റിമീറ്റർ ഷട്ടർ ഉയർത്താനാണ് തീരുമാനിച്ചത്.

മുരിയാട് കായലിൽ ഇനിയും വെള്ളം ഉയർന്നാൽ ഇപ്പോൾതന്നെ പലയിടത്തും കരകവിഞ്ഞൊഴുകുന്ന കെ എൽ ഡി സി ബണ്ട് കടന്നുപോകുന്നിടത്തെ ഇരുകരകളിലും വെള്ളം ഉയരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എന്നാൽ വ്യാഴാഴ്ച രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷവും മഴ ഒഴിഞ്ഞു നിൽക്കുന്നതും ആശ്വാസമേകുന്നുണ്ട്. വൻതോതിൽ ജലം തുറന്നുവിടുന്നത് മൂലം ഉണ്ടാകുന്ന അപകടം കുറയ്ക്കാൻ വേണ്ടിയാണ് പരമാവധി ജലനിരപ്പ് എത്തും മുമ്പേ തന്നെ പീച്ചി ഡാം ഇപ്പോൾ തുറന്നത്. റിസർവോയറിലെ ജലനിരപ്പ് 77.8 മീറ്ററാണിപ്പോൾ. മണിക്കൂറിൽ 1 സെന്റിമീറ്റർ എന്ന തോതിൽ ജലനിരപ്പുയുരന്നുണ്ട്. 1.75 മീറ്റർ കൂടി ഉയർന്നാൽ റിസർവോയറിന്റെ ശേഷി പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ജലമൊഴുക്ക് ആഘോഷിച്ച് ആളുകൾ അപകടത്തിലാകുന്നത് തടയുന്നതിന്റെ ഭാഗമായി ഡാം, കനാൽ പരിസരത്തെ മീൻപിടുത്തം കർശനമായി വിൽക്കാനും യോഗം പോലീസിന് നിർദ്ദേശം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top